കാളികാവ് ചെത്ത്കടവ് പാലം നിര്‍മാണം ആരംഭിച്ചു

Posted on: September 6, 2013 6:00 am | Last updated: September 6, 2013 at 1:56 pm

കാളികാവ്: പൊതുമരാമത്ത് വകുപ്പ് കാളികാവ് ചെത്തുകടവില്‍ നിര്‍മിക്കുന്ന പാലം പ്രവൃത്തി പുനരാരംഭിച്ചു. കനത്ത മഴയെ തുടര്‍ന്ന് നിര്‍ത്തിവെച്ച പാലം പണി മഴ കുറഞ്ഞതോടെ കഴിഞ്ഞ ദിവസമാണ് പുനരാരംഭിച്ചത്.
പാലത്തിന്റെ രണ്ട് തൂണുകള്‍ക്ക് മേല്‍ സ്ലാബുകള്‍ നിര്‍മിക്കുന്ന ജോലിയാണ് നടക്കുകയെന്ന് കരാറുകാരന്‍ അറിയിച്ചു. ജൂണില്‍ മഴ തുടങ്ങിയിട്ടും പാലം പണി തുടര്‍ന്നിരുന്നു. എന്നാല്‍ മഴ ശക്തമായതോടെ പണി തല്‍ക്കാലത്തേക്ക് നിര്‍ത്തിവെക്കുകയായിരുന്നു. ഇപ്പോഴും ഭാഗികമായി പണി നടത്തിയ ഒരു തൂണ്‍ വെള്ളത്തില്‍ മൂടിയ നിലയിലാണ്. 2012 മെയ് മാസത്തിലാണ് കാളികാവ് അങ്ങാടിയെ കരുവാരകുണ്ട് റോഡുമായി ബന്ധിപ്പിച്ച് ചെത്ത്കടവില്‍ പാലത്തിന് മുഖ്യമന്ത്രി ശിലയിട്ടത്.
നാല് കോടിയോളം ചെലവിലാണ് പാലം പണി. അടുത്ത വര്‍ഷം മഴക്കാലത്തിന് മുമ്പെ പാലം പണി പൂര്‍ത്തീകരിക്കുമെന്നാണ് അധികൃതര്‍ പറയുന്നത്.