Connect with us

Palakkad

അട്ടപ്പാടിയില്‍ സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കും: എസ് എം വിജയാനന്ദ്

Published

|

Last Updated

പാലക്കാട്: അട്ടപ്പാടിയില്‍ ആദിവാസികളുമായി ഇടപെടുന്ന വിവിധ വകുപ്പുകളിലെ സന്നദ്ധപ്രവര്‍ത്തകര്‍ക്ക് സാമൂഹികപ്രതിബദ്ധത വര്‍ദ്ധിപ്പിക്കുന്നതിനും മേഖലയില്‍ കൂടുതല്‍ ഇടപെടുന്നതിനുമായി പരിശീലനം നല്‍കുമെന്ന് കേന്ദ്ര ഗ്രാമീണ വികസന അഡീഷണല്‍ സെക്രട്ടറി എസ എം വിജയാനന്ദ് പറഞ്ഞു. ജില്ലാകലക്ടറുടെ ചേംബറില്‍ നടന്ന അട്ടപ്പാടി പാക്കേജ് അവലോകനയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിലവില്‍ അട്ടപ്പാടിയില്‍ നടപ്പാക്കുന്ന പദ്ധതികളെക്കുറിച്ച് അവലോകനവും പുതിയ നിര്‍ദേശങ്ങളുമാണ് യോഗത്തില്‍ പരിഗണിച്ചത്. കുടുംബശ്രീ, സാമൂഹിക നീതി ഓഫീസ്, ആരോഗ്യവകുപ്പ്, കര്‍ഷകസംഘം, അംഗന്‍ വാടികള്‍ എന്നിവയിലെ സന്നദ്ധപ്രവര്‍ത്തകരെ ഏകോപിപ്പിച്ചാണ് പരിശീലനം നല്‍കുക.
നിലവിലെ സാഹചര്യത്തില്‍ കേരളത്തിന് ആദിവാസി വനിതാ ഹോസ്റ്റലിന് അര്‍ഹതയില്ലെങ്കിലും അട്ടപ്പാടിയുടെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഹോസ്റ്റലിന് സ്ഥലം കണ്ടെത്തിയാല്‍ അനുമതി നല്‍കാമെന്ന് ട്രൈബല്‍ വകുപ്പ് ജോയിന്റ് സെക്രട്ടറി ഉറപ്പുനല്‍കിയതായി അഡീഷണല്‍ സെക്രട്ടറി വിജയാനന്ദ് പറഞ്ഞു. നിലവില്‍ ചാലക്കുടിയിലുള്ള കസ്തൂര്‍ബാഭായി ബാലികാ വിദ്യാലയത്തിന്റെ മാതൃകയില്‍ അട്ടപ്പാടിയിലും സ്ഥാപിക്കും. അട്ടപ്പാടിയില്‍ അംഗന്‍വാടികള്‍ പ്രവര്‍ത്തിക്കുന്നതിന്റെ മേഖലകള്‍ തിരിച്ചുള്ള വിവരം തയ്യാറാക്കാന്‍ ഐ സി ഡി എസിന് നിര്‍ദേശം നല്‍കി. ആവശ്യകത കണക്കിലെടുത്ത് കൂടുതല്‍ അംഗനവാടികള്‍ നല്‍കുന്നത് പരിഗണിക്കും. ഇവയുടെ നിര്‍മാണ പ്രവര്‍ത്തികള്‍ തൊഴിലുറപ്പുപദ്ധതിയില്‍ പെടുത്തി നടപ്പാക്കും. അംഗനവാടികള്‍ വഴി കുട്ടികളുടേയും അമ്മമാരുടേയും തൂക്കം, ആരോഗ്യനില എന്നിവ ഉള്‍പ്പെടുത്തി വിവരമെടുക്കാനുള്ള സംവിധാനമുണ്ടാക്കും.
കമ്മ്യൂണിറ്റി റേഡിയോ സംവിധാനം അട്ടപ്പാടിയില്‍ നടപ്പാക്കുന്നതിനുള്ള പദ്ധതികള്‍ ആവിഷ്‌ക്കരിക്കും. സാമൂഹിക അടുക്കള’യില്‍ 300ലേറെ പേര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍, കൗമാരപ്രായക്കാര്‍, ആറുമാസത്തിനും ആറുവയസിനും ഇടയിലുള്ള കുട്ടികള്‍, വികലാംഗര്‍ എന്നിവര്‍ക്ക് സാമൂഹിക അടുക്കളയുടെ പ്രയോജനം ലഭിക്കും. കുടുംബശ്രീയും തായ്ക്കുലസംഘവും ഇതിന് നേതൃത്വം നല്‍കും. ആന്ധ്രാപ്രദേശില്‍ വനിതകളെ ഉപയോഗിച്ച് വിജയകരമായി നടപ്പാക്കുന്ന മഹിള കിസാന്‍ സശക്തികരണ്‍ പര്യയോജന പദ്ധതി വിശകലനം ചെയ്യുന്നതിന് തെരഞ്ഞെടുത്ത സംഘത്തെ ഹൈദ്രാബാദിലേക്ക് അയയ്ക്കും. സാമൂഹികാടിസ്ഥാനത്തിലുള്ള കൃഷി എങ്ങനെ നടപ്പാക്കുന്നുവെന്നും പരിശീലിപ്പിക്കുന്നുവെന്നും പദ്ധതിപ്രവര്‍ത്തനങ്ങള്‍ പഠിക്കുകയുമാണ് സന്ദര്‍ശന ലക്ഷ്യം. കൃഷിഓഫീസര്‍മാര്‍, ആദിവാസികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള റിസോഴ്‌സ് പേഴ്‌സണ്‍മാരുടെ സംഘമാണ് സന്ദര്‍ശനം നടത്തുക.
അട്ടപ്പാടിയിലെ കുടിവെള്ളക്ഷാമം ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുവെന്ന് യോഗം വിലയിരുത്തി. ഗര്‍ഭിണികളിലെ മൂത്രാശയ അണുബാധ മൂലമുണ്ടാകുന്ന ഗര്‍ഭ ഛിദ്രം മതിയായ ശുദ്ധജലത്തിന്റെ അഭാവത്താലാണെന്ന് ഡെ ഡി എം ഒ ഡോ. പ്രഭുദാസ് പറഞ്ഞു. വെള്ളമില്ലാത്തതിനാല്‍ കക്കൂസുകള്‍ ഉപയോഗിക്കാനാവുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ജലത്തില്‍ ഫഌറൈഡിന്റെ സാന്നിധ്യമുണ്ടെന്ന ആരോപണത്തില്‍ പരിശോധന നടത്താന്‍ വാട്ടര്‍ അതോറിറ്റിക്ക് നിര്‍ദേശം നല്‍കി.എല്‍ എസ് ജി ഡി പ്രിന്‍സിപ്പല്‍ സെക്രട്ടറി ജെയിംസ് വര്‍ഗീസ്, ജില്ലാകലക്ടര്‍ കെ. രാമചന്ദ്രന്‍, സാമൂഹിക നീതി ഡയറക്ടര്‍ വി —എന്‍. ജിതേന്ദ്രന്‍, അട്ടപ്പാടി പാക്കേജ് നോഡല്‍ ഓഫീസര്‍ എസ് സുബ്ബയ്യ, ഒറ്റപ്പാലം സബ്കലക്ടര്‍ ഡോ എ കൗശികന്‍, ഐ ടി ഡി പി പ്രൊജക്ട് ഓഫീസര്‍ പി. വി. രാധാകൃഷ്ണന്‍, ഡി എം ഒ കെവേണുഗോപാല്‍, എന്‍ ആര്‍ എല്‍ —— എം. സ്‌പെഷ്യല്‍ ഓഫീസര്‍ ഡോ സീമ ഭാസ്‌കര്‍, എ ഡി —എം കെ ഗണേശന്‍, ജില്ലാതലഉദ്യോഗസ്ഥര്‍ പങ്കെടുത്തു.