മലയാളിക്ക് പൂക്കളമൊരുക്കാന്‍ ഗുണ്ടല്‍പേട്ടയിലെ കൃഷിയിടങ്ങളില്‍ വര്‍ണങ്ങള്‍ വിടര്‍ന്നു

Posted on: September 6, 2013 6:40 am | Last updated: September 6, 2013 at 1:47 pm

കല്‍പറ്റ: ഓണത്തിന് ദിവസങ്ങള്‍ മാത്രംശേഷിക്കെ കര്‍ണാടകയിലെ ഗുണ്ടല്‍പേട്ടയില്‍ കൃഷിയിടങ്ങള്‍ വര്‍ണാഭം. ഓണ വിപണി ലക്ഷ്യമാക്കി ഗുണ്ടല്‍പേട്ടയില്‍ പൂക്കൃഷി വ്യാപകമാണ്. മലയാളിയുടെ ദേശീയോത്സവത്തിന് അത്തം മുതല്‍ പത്തുനാള്‍ ആഹ്ലാദപ്പൂക്കളങ്ങള്‍ വിരിയിക്കാനുള്ള തിരക്കിട്ട ഒരുക്കത്തിലാണ് കര്‍ഷകര്‍. പൂക്കള്‍ നേരിട്ട് കേരള വിപണിയില്‍ എത്തിച്ച് വില്‍പ്പന നടത്താനുള്ള ഒരുക്കത്തിലാണ് ചെറുകിട കര്‍ഷകരിലേറെയും.
കേരളത്തില്‍ നിന്നും എത്തുന്ന വ്യാപാരികളില്‍ നിന്നും ലഭിക്കുന്നതിനെക്കാള്‍ ലാഭം നേരിട്ട് വില്‍പ്പന നടത്തിയാല്‍ ലഭിക്കുമെന്നതാണ് കൃഷിക്കാരെ കേരള വിപണിയിലേക്ക് ആകര്‍ഷിക്കുന്നത്. വിവിധ വര്‍ണങ്ങളിലും ഇനങ്ങളിലുമുള്ള പൂക്കളാണ് കേരളത്തിലെ ഓണവിപണി ലക്ഷ്യമാക്കി ഗുണ്ടല്‍പേട്ടയില്‍ കൃഷിചെയ്തിട്ടുള്ളത്.
പുക്കള്‍ തേടി കുട്ടിക്കൂട്ടങ്ങള്‍ പൂ വിളികളുമായി നടന്നിരുന്ന കാലം കേരളത്തിന് ഇന്ന് അന്യമാണ്. വര്‍ഷങ്ങള്‍ ഓരോന്ന് കഴിയുന്തോറും കേരളത്തില്‍ പൂക്കള്‍ ലഭിക്കാനുള്ള സാധ്യതകളും കുറയുകയാണ്. ഇതുതന്നെയാണ് കര്‍ണാടകയിലേയും തമിഴ്‌നാട്ടിലേയും കര്‍ഷകരെ കൂടുതലായി സീസണ്‍ ലക്ഷ്യമിട്ട് പൂ കൃഷിയിലേക്ക് പ്രേരിപ്പിക്കുന്നതും. മലയാളിക്ക് ഭക്ഷണം കഴിക്കണമെങ്കില്‍ അന്യ സംസ്ഥാനങ്ങളില്‍ നിന്നും ലോഡെത്തുന്നതും കാത്തു നില്‍ക്കുന്നതുപോലെ ഓണപ്പൂക്കളം ഒരുക്കണമെങ്കിലും കര്‍ണാടകവും തമിഴ്‌നാടും പൂ കൃഷി ചെയ്യണം. അതുകൊണ്ടുതന്നെ മലയാളികളേക്കാളേറെ ആഹ്ലാദത്തോടെയാണ് ഇവിടങ്ങളിലെ കര്‍ഷകര്‍ ഓണക്കാലത്തെ കാത്തിരിക്കുന്നത്. ഓണനാളുകളില്‍ ലഭിക്കുന്ന പൂ വില്‍പനയില്‍ നിന്നുള്ള വരുമാനമാണ് ഇവരുടെ കുടുംബങ്ങളില്‍ വറുതിയുടെ ദിനങ്ങള്‍ക്ക് വിരാമമിടുന്നത്. ഗുണ്ടല്‍പേട്ടയില്‍ ദേശീയ പാതയുടെ ഓരത്ത് ഹെക്ടര്‍ കണക്കിന് സ്ഥലത്താണ് പൂ കൃഷി ആരംഭിച്ചിരിക്കുന്നത്.
നോക്കെത്താ ദൂരത്തോളം വിവിധ വര്‍ണങ്ങളില്‍ പൂക്കള്‍ വിടര്‍ന്നു നില്‍ക്കുന്ന കാഴ്ച ആരുടേയും മനം കുളിര്‍പ്പിക്കും. പൂക്കള്‍ വിരിയാന്‍ തുടങ്ങിയതോടെ ഇതുവഴിയുള്ള ബസ്സുകളിലും തിരക്കേറിയിട്ടുണ്ട്. പൂ പാടങ്ങളുടെ സൗന്ദര്യം ആവോളം നുകരാന്‍ ഇവിടങ്ങളില്‍ എത്തുന്നവരും ഏറെയാണ്.
രാവിലെ പൂ തോട്ടങ്ങളില്‍ എത്തുന്ന തൊഴിലാളികള്‍ വൈകുന്നേരത്തോടെ ചാക്കു കണക്കിന് പൂക്കളുമായാണ് മടങ്ങുക. ദേശീയ പാതയില്‍ ഇവരെ കാത്ത് കച്ചവട സംഘങ്ങളും നിലയുറപ്പിച്ചിട്ടുണ്ടാകും. ഇവിടെ നിന്നും കച്ചവടം ഉറപ്പിക്കാറാണ് പതിവ്. സീസണ്‍ സമയങ്ങളില്‍ മിക്ക ബസുകള്‍ക്ക് മുകളിലും പൂക്കള്‍ നിറച്ച ചാക്കുകളുണ്ടാകും.
ഓണക്കാലത്ത് കേരളത്തിലെ വിപണിയിലെത്തുന്ന പൂക്കളില്‍ ഭൂരിഭാഗവും കര്‍ണാടകയില്‍ നിന്നുള്ളവയാണ്. ഗുണ്ടല്‍പേട്ടിലെ പൂപ്പാടങ്ങളില്‍ നിന്നും തുച്ഛ വിലക്ക് എടുക്കുന്ന പൂക്കള്‍ വന്‍ വിലക്കാണ് കേരളത്തിലെ മാര്‍ക്കറ്റുകളില്‍ എത്താറുള്ളത്.
കച്ചവടക്കാരുടെയും ഇടത്തട്ടുകാരുടേയും ചൂഷണത്തില്‍ നിന്നും രക്ഷ തേടിയായിരുന്നു കൃഷിക്കാര്‍ നേരിട്ട് കേരളത്തിലെ വിവിധ പ്രദേശങ്ങളിലെത്തി പൂക്കള്‍ വില്‍പന നടത്തിയിരുന്നത്. ഇതില്‍ നിന്നും മികച്ച ലാഭമാണ് കഴിഞ്ഞ വര്‍ഷങ്ങളില്‍ തങ്ങള്‍ക്ക് ലഭിച്ചതെന്നും അതുകൊണ്ട് തന്നെ ഇത്തവണ കൂടുതല്‍ പേര്‍ കച്ചവടത്തിനായി കേരളത്തിലേക്കെത്തുമെന്നും ഗുണ്ടല്‍പ്പേട്ടയിലെ കര്‍ഷകനായ മല്ലു പറഞ്ഞു.
ചെറുകിട കര്‍ഷകരാണ് ഓണ വിപണി ലക്ഷ്യമാക്കി പൂകൃഷി ചെയ്യുന്നവരില്‍ ഏറെയും. വന്‍തോതില്‍ കൃഷി ചെയ്യുന്നവര്‍ കര്‍ണാടകയിലെ വിവിധ പെയിന്റ് നിര്‍മാണ കമ്പനികള്‍ക്കാണ് പൂക്കള്‍ നല്കാറുള്ളത്. ഇത്തരം കൃഷിക്കാര്‍ക്ക് ആവശ്യമായ വിത്തും വളവും കമ്പനി തന്നെ നേരത്തെ നല്‍കുകയും ചെയ്യും.
ഇതനുസരിച്ച് കൃഷി നടത്തുന്നവരില്‍ നിന്നും കമ്പനി നേരിട്ടെത്തി പൂക്കള്‍ ശേഖരിക്കുകയാണ് പതിവ്.
അതുകൊണ്ട് തന്നെ പൊതുവിപണിയില്‍ എത്ര വിലയുണ്ടായാലും ഇവര്‍ക്ക് വില്‍പ്പന നടത്താന്‍ കഴിയില്ല. കമ്പനി പറയുന്ന വിലക്ക് അവര്‍ക്ക് തന്നെ നല്‍കേണ്ടി വരും.
ഓണത്തെ വരവേല്‍ക്കാന്‍ കേരളം ഒരുങ്ങുന്നത് പോലെ തന്നെ കര്‍ണാടകവും ഒരുങ്ങുകയാണ്; പൂക്കളുമായി. കേരളീയരുടെ ആഘോഷത്തിന്റെ പൊലിമ കൂട്ടാനും അതു വഴി തങ്ങളുടെ വറുതിക്ക് അറുതി വരുത്താനും.