ഗിന്നസ് ബുക്കില്‍ സ്ഥാനംപിടിച്ച തോട്ടം കന്നുകാലികളുടെ വിളനിലമായി മാറി

Posted on: September 6, 2013 6:00 am | Last updated: September 6, 2013 at 1:44 pm

ഗൂഡല്ലൂര്‍: ഗിന്നസ് ബുക്കില്‍ സ്ഥാനം നേടിയ തോട്ടം കന്നുകാലികളുടെ വിളനിലമായി മാറിയതായി പരാതി. ഊട്ടിക്ക് സമീപത്തെ കുറുത്തുകുളി ഗ്രാമത്തിലെ തോട്ടമാണ് നശിച്ച് കൊണ്ടിരിക്കുന്നത്. മുപ്പത്തി രണ്ട് ഏക്കര്‍ സ്ഥലം വരുന്ന ഈ തോട്ടത്തില്‍ 2002ല്‍ ഒരു ദിവസം കൊണ്ട് 43,000 മരങ്ങള്‍ നട്ട് പിടിപ്പിച്ചാണ് ഗിന്നസ് ബുക്കില്‍ സ്ഥാനം പിടിച്ചിരുന്നത്. സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള സ്ഥലമാണിത്. അന്നത്തെ ജില്ലാ കലക്ടര്‍ സുപ്രിയാസാഹുവിന്റെ നേതൃത്വത്തിലായിരുന്നു മരങ്ങള്‍ നട്ട് പിടിപ്പിച്ചിരുന്നത്. ഇപ്പോള്‍ ഈ സ്ഥലം കന്നുകാലികളുടെ മേച്ചില്‍ സ്ഥലമായി മാറിയിരിക്കുകയാണ്. തോട്ടത്തിലെ മരങ്ങള്‍ മുറിച്ച് മാറ്റിയ അവസ്ഥയിലുമാണ്. 2006ല്‍ പ്രസ്തുത സ്ഥലം ടൂറിസംവകുപ്പ് ഏറ്റെടുത്ത് വിനോദസഞ്ചാര കേന്ദ്രമാക്കാനുള്ള നടപടികള്‍ സ്വീകരിച്ചിരുന്നുവെങ്കിലും അതൊന്നും എവിടെയും എത്തിയിരുന്നില്ല. 2005ല്‍ വനംവകുപ്പിന്റെ കീഴിലും കൊണ്ട് വരാന്‍ ശ്രമം നടത്തിയിരുന്നു. ഊട്ടിയില്‍ നിന്ന് പ്രസ്തുത ഗ്രാമത്തിലേക്ക് പത്ത് കിലോമീറ്റര്‍ ദൂരമാണുള്ളത്. പ്രസ്തുത സ്ഥലം പൂങ്കാവാക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിട്ടുണ്ട്.