Connect with us

Editorial

സിറിയന്‍ അഭയാര്‍ഥികള്‍

Published

|

Last Updated

സിറിയന്‍ ആഭ്യന്തര കലാപത്തിന്റെ ഭയാനകമായ ഭവിഷ്യത്തുകളിലൊന്ന് അഭയാര്‍ഥി പ്രവാഹമാണ്. ആഭ്യന്തര കലാപം തുടങ്ങിയത് മുതല്‍ സിറിയയില്‍ നിന്ന് ലബനാന്‍, ഇറാഖ്, തുര്‍ക്കി, ജോര്‍ദാന്‍ തുടങ്ങിയ രാജ്യങ്ങളിലേക്ക് പലായനം ചെയ്തവരുടെ എണ്ണം 20 ലക്ഷം കവിഞ്ഞെന്നാണ് യു എന്‍ അഭയാര്‍ഥി ഏജന്‍സിയായ എന്‍ എച്ച് സി ആറിന്റെ കണക്ക്. ഇവരില്‍ പത്ത് ലക്ഷത്തോളം കുട്ടികളാണ്. 7.4 ലക്ഷം 11 വയസ്സിനു താഴെയുള്ളവരും 3.4 ലക്ഷം 11 വയസ്സിനു മുകളിലുള്ളവരും. കുടുംബങ്ങളില്‍ നിന്ന് വേര്‍പെട്ടാണ് ഇവരിലേറെയും അഭയാര്‍ഥി കേന്ദ്രങ്ങളിലെത്തുന്നത്.
ലോകത്ത് യുദ്ധങ്ങളും കലാപങ്ങളും അഭയാര്‍ഥികളാക്കിയവരുടെ എണ്ണം എണ്‍പത് ലക്ഷം വരുമെന്ന് യു എന്‍ ഹൈക്കമ്മീഷണറുടെ ഓഫീസ് (യു എന്‍ എച്ച് സി ആര്‍) ജൂണില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ഇവരില്‍ 55 ശതമാനവും അഫ്ഗാനിസ്ഥാന്‍, സോമാലിയ, ഇറാഖ്, സുഡാന്‍, സിറിയ എന്നീ അഞ്ച് രാജ്യങ്ങളില്‍നിന്നുള്ളവരാണ്. രണ്ടാം ലോകമഹാ യുദ്ധകാലത്ത് അഭയാര്‍ഥികളായത് ഇരുപത് ലക്ഷത്തിലേറെ യൂറോപ്യരാണ്. എന്നാല്‍ നിലവില്‍ ബാഹ്യശക്തികളുടെ ആക്രമണമില്ലാതെ ആഭ്യന്തര സംഘര്‍ഷത്തിന്റെ പേരിലാണ് ജനങ്ങള്‍ സ്വന്തം രാജ്യത്ത് നിന് പലായനം ചെയ്യേണ്ടി വരുന്നത്.
അഫ്ഗാനിസ്ഥാനികളാണ് ലോകത്തെ അഭയാര്‍ഥികളില്‍ കൂടുതലും. 1979 ലെ സോവിയറ്റ് ഇടപെടല്‍ മുതല്‍ തീവ്രവാദത്തിന്റെ പേരില്‍ അമേരിക്ക നടത്തിയ സൈനിക വിന്യാസം വരെയുള്ള സംഭവങ്ങളാണ് അഫ്ഗാനിസ്ഥാന് ഏറ്റവും കൂടുതല്‍ അഭയാര്‍ത്ഥികളെ സൃഷ്ടിച്ച രാജ്യമെന്ന പദവി സമ്മാനിച്ചത്. അറുപത് ലക്ഷം പേരാണ് അഫ്ഗാനിസ്ഥാനില്‍ നിന്ന് ജീവനും കൊണ്ടോടിയത്. 2003 ലെ ഇറാഖീ യുദ്ധത്തില്‍ 4.7 ലക്ഷം പേര്‍ സ്വന്തം വീടും നാടും ഉപേക്ഷിച്ചു ഓടി രക്ഷപ്പെട്ടു. തമിഴ് പുലികളെ ഉന്മൂലനം ചെയ്യാന്‍ ശ്രീലങ്കന്‍ സൈന്യം നടത്തിയ യുദ്ധത്തിന്റെ ബാക്കിപത്രമായ ലങ്കന്‍ അഭയാര്‍ഥികളും സ്വന്തം രാജ്യമെന്ന സ്വപ്‌നസാഫല്യത്തിനായി കാത്തിരിക്കുന്ന ഫലസ്തീന്‍ അഭയാര്‍ഥികളും കലാപം തുടരുന്ന മ്യാന്‍മറില്‍ നിന്ന് ജീവനും കൊണ്ടോടി ബംഗഌദേശിലേക്കും മറ്റും രക്ഷപ്പെടുന്ന മുസ്‌ലിം കുടുംബങ്ങളും ഈ ഗണത്തില്‍ പെടുന്നു. ഇന്ത്യയിലെ വിവിധ അഭയാര്‍ഥി ക്യാമ്പുകളിലായി ഒരു ലക്ഷത്തോളം ശ്രീലങ്കന്‍ അഭയാര്‍ഥികള്‍ താമസിക്കുന്നുണ്ട്. ഇന്ത്യയില്‍ തന്നെ ജമ്മുകാശ്മീര്‍ പോലുള്ള സംഘര്‍ഷബാധിത പ്രദേശത്ത് നിന്ന് ആളുകള്‍ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് മാറിത്താമസിക്കുന്നു. ജമ്മുകശ്മീരില്‍ നിന്ന് 53,538 കുടുംബങ്ങള്‍ മാറിത്താമസിച്ചതായും ഇവരില്‍ ഹിന്ദുക്കളും മുസ്‌ലംികളും സിഖുകാരും ഉള്‍പ്പെടുമെന്നും കേന്ദ്ര ആഭ്യന്തര സഹമന്ത്രി വിദ്യാസാഗര്‍ റാവു ലോക്‌സഭയെ അറിയിക്കുകയുണ്ടായി.
പരിതാപകരമാണ് പൊതുവെ അഭയാര്‍ഥികളുടെ അവസ്ഥ. ഭക്ഷണവും, വെള്ളവും വസ്ത്രവുമടക്കമുള്ള അടിസ്ഥാനാവശ്യങ്ങള്‍ പോലും ലഭിക്കാതെ വലയുകയാണ് സിറിയന്‍ അഭയാര്‍ഥികളെന്നാണ് ലബനാനിലെ സിറിയന്‍ അഭയാര്‍ഥി ക്യാമ്പ് സന്ദര്‍ശിച്ച വത്തിക്കാനിലെ പൊന്തിഫിക്കല്‍ കൗണ്‍സില്‍ പ്രസിഡണ്ട് കര്‍ദിനാള്‍ റൊബര്‍ട്ട് സറാ വെളിപ്പെടുത്തിയത്. ദാരിദ്ര്യം, കുടിവെള്ളക്ഷാമം, മാറാരോഗങ്ങള്‍, ശാരീരികവും ലൈംഗികവുമായ പീഡനങ്ങള്‍, തീവ്രവാദികളുടെ സ്വാധീനം തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് മധ്യേയാണ് ഓരോ അഭയാര്‍ഥി ക്യാമ്പും. ഇത്തരം പ്രശ്‌നങ്ങളും കുടംബങ്ങളില്‍ നിന്ന് ഒറ്റപ്പെട്ട് ജീവിക്കേണ്ടി വരുന്നതും കാരണം ഇവരില്‍ പലവിധ മാനസികാസ്വാസ്ഥ്യങ്ങളും ഉടലെടുക്കുന്നു. ഫലസ്തീന്‍ അഭയാര്‍ഥി ക്യാമ്പുകളിലെ കുട്ടികളില്‍ 35 ശതമാനവും ബോസ്‌നിയന്‍ അഭയാര്‍ഥി സ്ത്രീകളില്‍ 29 ശതമാനവും വിഷാദ രോഗത്തിന്റെ പിടിയിലാണെന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ട്. അഭയം തേടിയെത്തിയ നാട്ടിലെ ജനങ്ങള്‍ അവരെ വിവേചനത്തിന്റെയും ഒരുവേള വിദ്വേഷ്യത്തിന്റെയും കണ്ണുകളോടെയാണ് വീക്ഷിക്കുന്നത്. ജാതിയും വംശവും മതവും വ്യത്യസ്ഥമാകുമ്പോള്‍ വിശേഷിച്ചും. അസമിലെ കലാപങ്ങള്‍ക്കൊരു കാരണം ബംഗ്ലാദേശ് അഭയാര്‍ഥികളുടെ സാന്നിധ്യമാല്ലോ.
സിറിയയില്‍ ഇടപെടാന്‍ അവസരം കാത്തിരിക്കയാണ് നാറ്റോ സഖ്യം. അതോടെ അവിടെ നിന്നുള്ള അഭയാര്‍ഥി പ്രവാഹം ഇനിയും രൂക്ഷമാകുകയും അയല്‍ രാജ്യങ്ങള്‍ക്കത് കൂടുതല്‍ തലവേദനയാകുകയും ചെയ്യും. പുറം ശക്തികളുടെ ഇടപെടലിനവസരം നല്‍കാതെ സിറിയന്‍ ആഭ്യന്തര കലാപം അവസാനിപ്പിക്കാന്‍ യു എന്നോ, അറബ് ലീഗോ അടിയന്തര ഇടപെടല്‍ നടത്തേണ്ടിയിരിക്കുന്നു.

Latest