Connect with us

National

ആര്‍ബിഐ ഗവര്‍ണറായി രഘുറാം രാജന്‍ ചുമതലയേറ്റു

Published

|

Last Updated

മുംബൈ: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ(ആര്‍ബിഐ)യുടെ പുതിയ ഗവര്‍ണറായി രഘുറാം രാജന്‍ ചുമതലയേറ്റു. ഡി. സുബ്ബറാവു വിരമിച്ച ഒഴിവിലാണ് ധനമന്ത്രാലയത്തിലെ ചീഫ് ഇക്കണോമിക് അഡൈ്വസറായിരുന്ന രഘുറാം രാജനെ നിയമിച്ചത്. ആര്‍ബിഐയുടെ ഇരുപത്തിമൂന്നാമത് ഗവര്‍ണറാണ് രഘുറാം. മൂന്ന് വര്‍ഷമാണ് കാലാവധി. 2003 സെപ്റ്റംബര്‍ മുതല്‍ 2007 ജനുവരി വരെ ഐഎംഎഫിന്റെ ചീഫ് ഇക്കണോമിസ്റ്റായിരുന്ന രഘുറാം രാജന്‍ കഴിഞ്ഞ ഓഗസ്റ്റിലാണ് ധനമന്ത്രാലയത്തിലെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായി ചുമതലയേറ്റത്. 1963 ഫെബ്രുവരി മൂന്നിന് ഭോപ്പാലില്‍ ജനിച്ച രഘുറാം രാജന്‍ ഡല്‍ഹി ഐഐടിയില്‍ നിന്നാണ് ഇലക്ട്രിക്കല്‍ എന്‍ജിനീയറിംഗില്‍ ബിരുദം നേടിയത്.

തുടര്‍ന്ന് അഹമ്മദാബാദ് ഐഐഎമ്മില്‍ നിന്ന് എംബിഎയും കരസ്ഥമാക്കി. ഐഐഎമ്മിലും ഐഐടിയിലും സ്വര്‍ണമെഡല്‍ ജേതാവായിരുന്നു രഘുറാം. 1991 ല്‍ മസാച്യുസെറ്റ്‌സ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയല്‍ നിന്ന് പിഎച്ച്ഡിയും സ്വന്തമാക്കി. രാധികയാണ് ഭാര്യ.
ഇപ്പോഴുള്ള പ്രതിസന്ധി താല്‍ക്കാലികം മാത്രമാണെന്നും ഇന്ത്യന്‍ സാമ്പത്തിക രംഗം ശക്തമാണെന്നും രഘുറാം രാജന്‍ ചുമതലയേറ്റ ശേഷം പറഞ്ഞു.

Latest