ക്രിമിനല്‍ കേസില്‍ ശിക്ഷിക്കപ്പെടുന്ന ജനപ്രതിനിധികള്‍ അയോഗ്യര്‍ തന്നെ

Posted on: September 4, 2013 6:16 pm | Last updated: September 5, 2013 at 5:53 pm

supreme court

ന്യൂഡല്‍ഹി: ക്രിമിനല്‍ കേസില്‍ ശിക്ഷിക്കപ്പെടുന്ന ജനപ്രതിനിധികള്‍ തെരഞ്ഞെടുപ്പില്‍ അയോഗ്യര്‍ തന്നെയെന്ന് സുപ്രീകോടതി. ജനപ്രതിനിധികളെ അയോഗ്യരാക്കുന്ന വിധി പുനപരിശോധിക്കാന്‍ സുപ്രീം കോടതി തയാറായില്ല. വിധി പുന:പരിശോധിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി. കഴിഞ്ഞ ജൂലൈ പത്തിനാണ് സുപ്രീംകോടതി ക്രിമിനല്‍ പശ്ചാതലമുള്ള ജനപ്രതിനിധികള്‍ക്ക് തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാനാകില്ലെന്ന വിധി പുറപ്പെടുവിച്ചത്. എന്നാല്‍ പോലീസ് കസ്റ്റഡിയില്‍ ഉള്ളവര്‍ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കഴിയില്ലെന്ന വിധി പുനപരിശോധിക്കും. വിഷയത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് കോടതി നോട്ടീസ് അയച്ചു.

നിലവില്‍ ശിക്ഷിക്കപ്പെട്ട് മേല്‍കോടതികളില്‍ അപ്പീല്‍ നല്‍കിയിട്ടുള്ള എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കും വിധി ബാധകമല്ല. ജനപ്രതിനിധികള്‍ ക്രിമിനല്‍ കേസുകളില്‍ ശിക്ഷിക്കപ്പെട്ടാലും മേല്‍ക്കോടതിയിലെ അപ്പീലില്‍ തീര്‍പ്പുണ്ടാകുന്നത് വരെ അയോഗ്യരാക്കപ്പെടുന്നതില്‍ നിന്ന് സംരക്ഷണം നല്‍കിയിരുന്ന ജനപ്രാതിനിധ്യ നിയമത്തിലെ വ്യവസ്ഥ ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സുപ്രീംകോടതിയുടെ ഉത്തരവ്്. ഈ വിധി പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് കേന്ദ്ര സര്‍ക്കാര്‍ കോടതിയെ സമീപിച്ചത്.
കല്‍ക്കരിപ്പാടം അഴിമതിക്കേസ് പരിഗണിക്കവെയാണ് സുപ്രീംകോടതി പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്.