Connect with us

Kozhikode

സംസ്ഥാന പാതയിലെ കുഴികള്‍ മണ്ണിട്ട് നികത്താനുള്ള നീക്കം നാട്ടുകാര്‍ തടഞ്ഞു

Published

|

Last Updated

താമരശ്ശേരി: സംസ്ഥാന പാതയില്‍ മണ്ണിട്ട് കുഴിയടക്കാനുള്ള നീക്കം നാട്ടുകാര്‍ തടഞ്ഞു. കൊയിലാണ്ടി എടവണ്ണ സംസ്ഥാന പാതയില്‍ കൂടത്തായി വയലോരം ഭാഗത്താണ് നാട്ടുകാര്‍ സംഘടിച്ച് പ്രവൃത്തി തടഞ്ഞത്. 

താമരശ്ശേരി മൃഗാശുപത്രിക്ക് സമീപത്തും കൂടത്തായി വയലോരം ഭാഗത്തും റോഡ് ഉയര്‍ത്തി ടാറിംഗ് നടത്താനും ഡ്രൈനേജ് നിര്‍മിക്കാനുമായി ഒരു കോടിയുടെ എസ്റ്റിമേറ്റ് തയ്യാറാക്കി പ്രവൃത്തി നടത്തിയിരുന്നു. ഇതിനായി ദിവസങ്ങളോളം ഈ റോഡി ല്‍ ഗതാഗതനിയന്ത്രണവും ഏര്‍പ്പെടുത്തിയിരുന്നു.
എന്നാല്‍ പ്രവൃത്തി പൂര്‍ത്തീകരിച്ച് മാസങ്ങള്‍ക്കകം മഴ വെള്ളം റോഡില്‍ കെട്ടിക്കിടന്ന് റോഡ് പൂര്‍ണമായും തകര്‍ന്നു. പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് കരാറുകാരന് പണം നല്‍കാന്‍ അധികൃതര്‍ തയ്യാറായില്ല. ഇതേത്തുടര്‍ന്നാണ് റോഡിലെ കുഴികള്‍ മണ്ണിട്ട് നികത്താന്‍ ഇന്നലെ രാവിലെ തൊഴിലാളികളെത്തിയത്.
വയലോരം ഭാഗത്തും മങ്ങാട് ഭാഗത്തും റീ ടാറിംഗ് നടത്താനായിരുന്നു പദ്ധതി. എന്നാല്‍ ആറ് ഇഞ്ചിന്റെ സോളിംഗ് പാകാതെ പ്രവൃത്തി നടത്തേണ്ടെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുകയായിരുന്നു.
ക്വാറിയില്‍ നിന്നുള്ള മണ്ണ് കലര്‍ന്ന പാറപ്പൊടിയാണ് റോഡ് ഉയര്‍ത്താന്‍ ഉപയോഗിച്ചത്. കുഴിയായ ഭാഗങ്ങളില്‍ വിതറാനായി ഇത്തരത്തിലുള്ള മണ്ണാണ് വാഹനത്തില്‍ എത്തിച്ചത്. മണ്ണിനുമുകളില്‍ ടാറിംഗ് നടത്താന്‍ അനുവധിക്കില്ലെന്ന നാട്ടുകാര്‍ പറഞ്ഞതോടെ തൊഴിലുപകരണങ്ങളുമായി സ്ഥലം വിടാനൊരുങ്ങിയ തൊഴിലാളികളെയും തടഞ്ഞുവെച്ചു. വര്‍ഷങ്ങളായി മഴക്കാലത്ത് വെള്ളക്കെട്ടും വേനല്‍ക്കാലത്ത് പൊടിശല്യവും സഹിച്ചാണ് ഇതുവഴിയുള്ള യാത്ര. ഇരുചക്ര വാഹനങ്ങളിലെ യാത്രക്കാരാണ് ഏറെ ദുരിതം അനുഭവിക്കുന്നത്.
പൊടിശല്യം കാരണമായി പരിസര വാസികളും വ്യാപാരികളും നിത്യരോഗികളായി മാറിയിരിക്കുന്നു. പ്രവൃത്തി നോക്കി നടത്തേണ്ട ഉദ്യോഗസ്ഥരും കരാറുകാരും തമ്മിലുള്ള ഒത്തുകളിയാണ് പ്രവൃത്തി പൂര്‍ത്തീകരിക്കും മുമ്പേ റോഡ് തകരാനുള്ള കാരണമെന്ന് നാട്ടുകാര്‍ ആരോപിച്ചു.