ശ്രീകണ്ഠപുരം സബ് രജിസ്ട്രാര്‍ ഓഫീസ് ഉദ്ഘാടനം നാളെ

Posted on: September 4, 2013 6:08 am | Last updated: September 4, 2013 at 10:08 am

ശ്രീകണ്ഠപുരം: ജില്ലയില്‍ പൂര്‍ണമായും കമ്പ്യൂട്ടര്‍വത്കരിച്ച ആദ്യത്തെ സബ് രജിസ്ട്രാര്‍ ഓഫീസിന്റെ ഉദ്ഘാടനം നാളെ ശ്രീകണ്ഠപുരത്ത് നടക്കും. രാവിലെ 9.30ന് മന്ത്രി അനൂപ് ജേക്കബ് ഉദ്ഘാടനം ചെയ്യും. മന്ത്രി കെ സി ജോസഫ് അധ്യക്ഷത വഹിക്കും. കെ സുധാകരന്‍ എം പി മുഖ്യാതിഥിയായിരിക്കും.
1972 ഒക്ടോബര്‍ ഏഴിന് ശ്രീകണ്ഠപുരത്ത് പ്രവര്‍ത്തനം തുടങ്ങിയ സബ് രജിസ്ട്രാര്‍ ഓഫീസ് 41 വര്‍ഷമായി ശ്രീകണ്ഠപുരം ജി എച്ച് എസ് എസിന് സമീപത്തെ വാടക കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ശ്രീകണ്ഠപുരം, ചെങ്ങളായി, ഏരുവേശ്ശി, പയ്യാവൂര്‍ എന്നീ പഞ്ചായത്തുകളിലെ 24 ദേശങ്ങള്‍ ഓഫീസിന്റെ പരിധിയിലാണ്. ഒരു വര്‍ഷം ഏകദേശം നാലായിരത്തിന്മേല്‍ ആധാരങ്ങളും 6000 കുടിക്കട അപേക്ഷകളും 2000 പകര്‍പ്പുകളുടെ അപേക്ഷകളും സ്വീകരിച്ച് ഇവിടെ നടപടി പൂര്‍ത്തിയാക്കുന്നുണ്ട്. കെ എസ് എഫ് ഇ, സര്‍വീസ് സഹകരണ ബേങ്കുകള്‍, സ്വകാര്യസ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള 400ലധികം ചിട്ടികളുടെ അനുബന്ധപ്രവര്‍ത്തനങ്ങളും നടക്കുന്നുണ്ട്. കൂടാതെ ഓഫീസിന്റെ പ്രവര്‍ത്തന പരിധിയില്‍ 10 ആധാരമെഴുത്ത് ഓഫീസുകളും രണ്ട് സ്റ്റാമ്പ് വെണ്ടര്‍മാരുമുണ്ട്.
നിലവില്‍ സബ് രജിസ്ട്രാര്‍ ഓഫീസ് പ്രവര്‍ത്തിക്കുന്ന വാടക കെട്ടിടത്തില്‍ നിന്നുതിരിയാന്‍ പോലും കഴിയാത്ത അവസ്ഥയും മഴക്കാലത്ത് ചോര്‍ച്ചയും പതിവായതിനെ തുടര്‍ന്നാണ് സ്വന്തമായി കെട്ടിടം നിര്‍മിക്കാന്‍ ആലോചന തുടങ്ങിയത്. സാമൂഹിക പ്രവര്‍ത്തകനായ ഡോ. പി കെ പി മഹമ്മൂദ് പരിപ്പായി കമ്യൂണിറ്റി ഹാളിന് സമീപം റോഡിനുള്‍പ്പെടെ 15 സെന്റ് സ്ഥലം സൗജന്യമായി നല്‍കുകയായിരുന്നു. അമ്പത് ലക്ഷത്തോളം രൂപ ചെലവഴിച്ച് എല്ലാവിധ ആധുനിക സൗകര്യങ്ങളോടും കൂടി പി ഡബ്ല്യു ഡിയുടെ കീഴിലാണ് കെട്ടിടം നിര്‍മിച്ചിരിക്കുന്നത്. പൂര്‍ണമായും കമ്പ്യൂട്ടര്‍വത്കരിച്ചതിനാല്‍ രജിസ്ട്രാര്‍ ഓഫീസില്‍ നിന്ന് ലഭിക്കേണ്ട എല്ലാ കടലാസുകളും ഉടന്‍ നല്‍കുന്നതിനുള്ള സംവിധാനം ഇവിടെയുണ്ടാകും.