പീഡനം: രണ്ടാനച്ഛന്‍ അറസ്റ്റില്‍

Posted on: September 4, 2013 12:00 am | Last updated: September 4, 2013 at 12:19 am

ഗൂഡല്ലൂര്‍: പതിമൂന്നുകാരിയെ പീഡിപ്പിച്ച രണ്ടാനച്ഛനെ പോലീസ് അറസ്റ്റു ചെയ്തു. ദേവര്‍ഷോല ചെമ്പകൊല്ലി ആദിവാസി കോളനിയിലെ പതിമൂന്ന് കാരിയെ പീഡിപ്പിച്ച കേസിലാണ് ചെമ്പകൊല്ലി സ്വദേശിയായ അങ്കന്റെ മകന്‍ സുന്ദരന്‍ (35)യെ ഗൂഡല്ലൂര്‍ പോലീസ് അറസ്റ്റു ചെയ്തത്. 
പെണ്‍കുട്ടിയുടെ അച്ഛന്‍ വെള്ളന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് മരിച്ചിരുന്നു. ഇതെ തുടര്‍ന്ന് അമ്മ ചിക്കി (42)യെ സുന്ദരന്‍ വിവാഹം ചെയ്തിരുന്നു. രോഗംബാധിച്ച് ആറ് മാസം മുമ്പ് ചിക്കിയും മരണപ്പെട്ടു. പിന്നീട് ഒറ്റപ്പെട്ട സീതയെ ഇയാള്‍ പലപ്രാവശ്യം പീഡിപ്പിച്ചിരുന്നു. ചെമ്പകൊല്ലിയിലെ വീടിന് സമീപത്തെ കാപ്പികാട്ടില്‍വെച്ചായിരുന്നു പീഡിപ്പിച്ചത്. സംഭവം പുറത്ത് പറഞ്ഞാല്‍ കൊന്നുകളയുമെന്ന് കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നു. ഭയംകൊണ്ട് കുട്ടി ആരോടും സംഭവം പറഞ്ഞിരുന്നില്ല. മാതാവ് ജീവിച്ചിരുന്നപ്പോള്‍ തന്നെ പീഡനം തുടങ്ങിയിരുന്നു. കഴിഞ്ഞ ദിവസം സീതയുമായി ഇയാള്‍ സുല്‍ത്താന്‍ ബത്തേരി വഴി ഗുണ്ടില്‍പേട്ടയിലേക്ക് പുറപ്പെട്ടു. വഴി മധ്യ പൊന്‍കുഴിയില്‍ ഇറങ്ങാന്‍ ശ്രമിച്ച സുന്ദരനും സീതയും തമ്മില്‍ വാക്കേറ്റമുണ്ടായി. ഇതില്‍ സംശയം തോന്നിയ നാട്ടുകാര്‍ വിവരം സുല്‍ത്താന്‍ ബത്തേരി പോലീസിനെ അറിയിക്കുകയായിരുന്നു. പിന്നീട് പോലീസ് എത്തി ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. സുല്‍ത്താന്‍ ബത്തേരി പോലീസ് പിന്നീട് ഇവരെ ഗൂഡല്ലൂര്‍ പോലീസിന് കൈമാറുകയായിരുന്നു. വനിതാ ഇന്‍സ്‌പെക്ടര്‍ കളയരസി, എസ് ഐ ഭുവനേശ്വരി, മസിനഗുഡി ഇന്‍സ്‌പെക്ടര്‍ പരമേശ്വരന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റു ചെയ്തത്. ഊട്ടി ജില്ലാ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.