എസ് വൈ എസ് സംഘടനാ സ്‌കൂള്‍ ജില്ലാ പാഠശാലകള്‍ ഇന്ന് തുടങ്ങും

Posted on: September 4, 2013 6:00 am | Last updated: September 3, 2013 at 11:51 pm

കോഴിക്കോട്: സമസ്ത കേരള സുന്നി യുവജന സംഘം ജില്ലാ പാഠശാലകള്‍ക്ക് ഇന്ന് എറണാകുളം ജില്ലയില്‍ തുടക്കമാകും.
സംഘശാക്തീകരണം ലക്ഷ്യമാക്കി എസ് വൈ എസ് രൂപം നല്‍കിയ സംഘടനാ സ്‌കൂളിന്റെ ഈ കാലയളവിലെ രണ്ടാം ഘട്ടമാണ് പാഠശാല. കഴിഞ്ഞ മാസം വെട്ടിച്ചിറയില്‍ ചേര്‍ന്ന പണിപ്പുര അന്തിമ രൂപം നല്‍കിയ പുതിയ പദ്ധതികളുടെ പ്രയോഗവത്കരണത്തിന് പാഠശാലകള്‍ വഴി തുറക്കും. അടുത്ത ഒരു വര്‍ഷം സംഘടന മന്നോട്ടു വെക്കുന്ന പദ്ധതിയിലെ മുഖ്യ ഇനങ്ങളായ ദഅ്‌വത്ത്, സാന്ത്വനം എന്നിവയുടെ വകുപ്പ്തല ക്യാമ്പുകളും പാഠശാലയില്‍ നടക്കും.
സംസ്ഥാന കമ്മിറ്റി തിരഞ്ഞെടുത്ത് പരിശീലനം നല്‍കിയ അറുപതംഗ സ്റ്റേറ്റ് റിസോഴ്‌സ് ഗ്രൂപ്പ് ക്യാമ്പുകള്‍ക്ക് നേതൃത്വം നല്‍കും. ദഅ്‌വത്ത്, കാബിനറ്റ്, സാമൂഹ്യക്ഷേമം, പ്രദര്‍ശനം തുടങ്ങിയ സെഷനുകളിലായി ഒന്നാം ഘട്ടത്തില്‍ ഇന്ന് മുതല്‍ എഴ് വരെ എറണാകുളം, കൊല്ലം, ആലപ്പുഴ, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളും രണ്ടാം ഘട്ടത്തില്‍ ഈ മാസം 14 മുതല്‍ വയനാട്, നീ ലഗിരി, കോഴിക്കോട്, പത്തനംതിട്ട, ഇടുക്കി, തിരുവനന്തപുരം, കോട്ടയം ജില്ലകളും പാഠശാലകള്‍ പൂര്‍ത്തീകരിക്കും.