മജിസ്‌ട്രേറ്റിന്റെ ഫോണ്‍ രേഖകള്‍ പരിശോധിക്കണം: കെ സുരേന്ദ്രന്‍

Posted on: September 4, 2013 6:00 am | Last updated: September 3, 2013 at 11:46 pm

കൊച്ചി: സരിതാ എസ് നായരുടെ രഹസ്യമൊഴി വിവാദവുമായി ബന്ധപ്പെട്ട് ഹൈക്കോടതി വിജിലന്‍സ് വിഭാഗത്തിന്റെ അന്വേഷണം നേരിടുന്ന എറണാകുളം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്(ഇക്കണോമിക് ഒഫന്‍സസ്) എന്‍ വി രാജുവിന്റെ മൊബൈല്‍ ഫോണ്‍ കാള്‍ വിശദാംശം പരിശോധിക്കണമെന്ന് യുവമോര്‍ച്ചാ നേതാവ് കെ സുരേന്ദ്രന്‍. കോടതി നടപടി സംബന്ധിച്ച ദുരൂഹതകളുടെ ചുരുളഴിക്കുന്നതിന് സരിതാ എസ് നായരെ വിളിച്ചു വരുത്തി വിജിലന്‍സ് രജിസ്ട്രാര്‍ മൊഴിയെടുക്കണമെന്നും രജിസ്ട്രാര്‍ മുമ്പാകെ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. 
സരിതയെ ഹാജരാക്കിയ ജൂലൈ 20ന് അടച്ചിട്ട കോടതി മുറിക്കുള്ളില്‍ എന്താണ് നടന്നതെന്ന് കണ്ടെത്തുന്നതിന് പ്രധാനപ്പെട്ട ചില ചോദ്യങ്ങള്‍ക്ക് മറുപടി ലഭിക്കേണ്ടതുണ്ടെന്ന് സുരേന്ദ്രന്‍ എഴുതിത്തയ്യാറാക്കി നല്‍കിയ കത്തില്‍ പറയുന്നു. സാധാരണ ഗതിയില്‍ ബലാല്‍സംഗ കേസുകളിലെ ഇരകളുടെ കാര്യത്തില്‍ മാത്രം ചെയ്യാറുള്ളതുപോലെ അടച്ചിട്ട മുറിയില്‍ സരിതയുടെ മൊഴിയെടുക്കാന്‍ തീരുമാനിച്ചത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കപ്പെടണം. അടച്ചിട്ട മുറിയില്‍ 20 മിനിറ്റ് നേരം സരിത മൊഴി നല്‍കിയിട്ടും അത് രേഖപ്പെടുത്താന്‍ മജിസ്‌ട്രേറ്റ് തയ്യാറാകാതിരുന്നത് എന്തുകൊണ്ടാണെന്ന് വ്യക്തമാകേതുണ്ട്. സരിത എസ് നായര്‍ മജിസ്‌ട്രേറ്റിന് മുന്നില്‍ മൊഴി നല്‍കിയതായി അവരുടെ അഭിഭാഷകന്‍ വെളിപ്പെടുത്തുകയുണ്ടായി. എന്താണ് പറഞ്ഞതെന്ന് കേട്ടില്ലെന്നാണ് കോര്‍ട്ട് ഓഫീസറും വനിതാ പോലീസും പറഞ്ഞത്.
പോലീസ് സംരക്ഷണമാണ് സരിത ആവശ്യപ്പെട്ടതെങ്കില്‍ അത് നല്‍കാന്‍ അപ്പോള്‍ തന്നെ മജിസ്‌ട്രേറ്റിന് ഉത്തരവിടാമായിരുന്നതേയുള്ളൂ. അതില്‍ രഹസ്യ സ്വഭാവം സൂക്ഷിക്കേണ്ടതില്ലായിരുന്നു. അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടെ നടപടികള്‍ ശരിയായ രീതിയിലുള്ളതും ക്രിമിനല്‍ നടപടിച്ചട്ടത്തിന് അനുസരണവുമായിരുന്നെങ്കില്‍ കേസ് ഈ കോടതിയില്‍ നിന്ന് മാറ്റണമെന്ന് മജിസ്‌ട്രേറ്റ് ആവശ്യപ്പെട്ടത് എന്തുകൊണ്ടാണെന്ന് സുരേന്ദ്രന്‍ ചോദിച്ചു. മജിസ്‌ട്രേറ്റിന് കുറ്റബോധമുള്ളതു കൊണ്ടാണ് കേസ് മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടതെന്ന് ഇതില്‍ നിന്ന് അനുമാനിക്കേണ്ടിവരും. ജീവന് ഭീഷണിയുണ്ടെന്ന സരിതയുടെ പരാതി അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന്റെ അധികാരാതിര്‍ത്തിക്കുള്ളില്‍ വരുന്നതല്ലെന്നിരിക്കെ, അതിന്‍മേല്‍ കേസെടുക്കാന്‍ കോടതി ഉത്തരവിട്ടതിന്റെ സാംഗത്യമെന്താണെന്ന് സുരേന്ദ്രന്‍ ചോദിക്കുന്നു. പ്രമുഖരായ വ്യക്തികളെ കേസില്‍ കുടുക്കുന്നതിനുള്ള ശ്രമം നടക്കുന്നതായി തന്റെ ഉത്തരവില്‍ രേഖപ്പെടുത്തിയ മജിസ്‌ട്രേറ്റിന് ഇതിനുള്ള തെളിവ് എവിടെ നിന്നാണ് കിട്ടിയതെന്നും സുരേന്ദ്രന്‍ ചോദിച്ചിട്ടുണ്ട്. ഈ ചോദ്യങ്ങള്‍ക്ക് തൃപ്തികരമായ വിശദീകരണം ലഭിക്കുന്നില്ലെങ്കില്‍ തന്റെ പരാതിയില്‍ വിജിലന്‍സ് രജിസ്ട്രാര്‍ നടത്തുന്ന അന്വേഷണം ഫലപ്രാപ്തിയിലെത്തില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.
സരിതാ എസ് നായര്‍ കേന്ദ്രമന്ത്രിമാരും സംസ്ഥാന മന്ത്രിമാരുടമക്കമുള്ളവരുടെ പേരുകള്‍ കോടതിയില്‍ പറഞ്ഞതായി പ്രമുഖ പത്രങ്ങളടക്കമുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതെല്ലാം ഒരു കെട്ട് നുണകളാണെന്നാണ് മജിസ്‌ട്രേറ്റ് ഉത്തരവില്‍ പറഞ്ഞത്. അങ്ങനെയെങ്കില്‍ ഇത്തരത്തില്‍ വാര്‍ത്ത നല്‍കിയ മാധ്യമങ്ങള്‍ക്കെതിരെ കോടതിയലക്ഷ്യത്തിന് നടപടിയെടുക്കണമെന്നാവശ്യപ്പെടുന്ന ഹരജി മജിസ്‌ട്രേറ്റ് തള്ളിയത് എന്തുകൊണ്ടാണെന്ന് സുരേന്ദ്രന്‍ ചോദിച്ചു.