സഹകരണ സംഘങ്ങള്‍ ഗ്രാമീണ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ല്: മന്ത്രി

Posted on: September 3, 2013 7:35 am | Last updated: September 3, 2013 at 7:35 am

കോഴിക്കോട്: സ്വയംസഹായ സഹകരണ സംഘങ്ങള്‍ ഗ്രാമീണ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ്.
മുതലക്കുളം മൈതാനിയില്‍ നടക്കുന്ന സ്വയംസഹായ സംഘങ്ങളുടെയും ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പുകളുടെയും മേഖലാ വിപണന മേള ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സഹകരണ പ്രസ്ഥാനം എല്ലാ മേഖലയിലും വികസിച്ചുകൊണ്ടിരിക്കുകയാണ്. ആഗോള ഉദാരവത്കരണങ്ങള്‍ എല്ലാ മേഖലയിലും എത്തിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ അവയെ പൂര്‍ണമായി എതിര്‍ത്തിട്ട് കാര്യമില്ല. അവയിലെ പ്രയോജനകരമായ നല്ല വശങ്ങളോട് യോജിക്കാം. അതേസമയം ദോഷവശങ്ങള്‍ ഒരു പരിധി വരെ ഇല്ലാതാക്കാന്‍ സഹകരണ പ്രസ്ഥാനങ്ങളുടെ വളര്‍ച്ചയിലൂടെ സാധിക്കും.
ആഗോള വത്കരണത്തിന്റെ കാലഘട്ടത്തില്‍ സഹകരണ സ്വയംസഹായ സംഘങ്ങളെ പരമാവധി ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
സംഘാടക സമിതി ചെയര്‍മാന്‍ കെ ഡി സി ബേങ്ക് പ്രസിഡന്റ് മനയത്ത് ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ആദ്യ വില്‍പന എ പ്രദീപ്കുമാര്‍ എം എല്‍ എ നിര്‍വ്വഹിച്ചു. മുസ്‌ലിംലീഗ് ജില്ലാ പ്രസിഡന്റ് ഉമ്മര്‍ പാണ്ടികശാല ഏറ്റുവാങ്ങി. പ്രദര്‍ശന സ്റ്റാളിന്റെ ഉദ്ഘാടനം ജില്ലാ കലക്ടര്‍ സി എ ലത നിര്‍വ്വഹിച്ചു. ഡി സി സി പ്രസിഡന്റ് കെ സി അബു, സി പി ഹമീദ്, മുക്കം മുഹമ്മദ്, എന്‍ സതീഷ് ബാബു, കെ പി രാജന്‍, എന്‍ സുബ്രഹ്മണ്യന്‍, സി അബ്ദുല്‍ മജീദ്, പി കിഷന്‍ചന്ദ്, ബിജു ആന്റണി വി കെ ശോഭന പ്രസംഗിച്ചു.