Connect with us

Kasargod

സബ്ഡിപ്പോ പ്രവര്‍ത്തനം ജനോപകാരപ്രദമല്ലെന്ന്; ഡി വൈ എഫ് ഐ മാര്‍ച്ച് നടത്തി

Published

|

Last Updated

കാസര്‍കോട്: കെ എസ് ആര്‍ ടി സി കാഞ്ഞങ്ങാട് സബ് ഡിപ്പോയുടെ പ്രവര്‍ത്തനം ജനോപകാരപ്രദമാക്കണമെന്നാവശ്യപ്പെട്ട് ഡി വൈ എഫ് ഐ ജില്ലാ കമ്മിറ്റി നേതൃത്വത്തില്‍ സബ് ഡിപ്പോയിലേക്ക് യുവജന മാര്‍ച്ച് മാര്‍ച്ച് നടത്തി.
ജനങ്ങള്‍ പ്രതീക്ഷയോടെ കാത്തിരുന്ന ഡിപ്പോ നിലവില്‍ വന്നിട്ടും പുതിയ ബസ് അനുവദിക്കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. പഴകി ഉപേക്ഷിക്കാറായ ബസുകളാണ് സബ്ഡിപ്പോയിലേക്ക് അനുവദിച്ചത്. കിഴക്കന്‍ മലയോര പ്രദേശങ്ങളിലേക്ക് സര്‍വീസ് നടത്തുന്ന ബസ്സുകളില്‍ ഭൂരിഭാഗവും കട്ടപ്പുറത്താണ്.
മലയോര-തീരദേശ ജനത കടുത്ത യാത്രദുരിതമാണ് അനുഭവിക്കുന്നത്. കാസര്‍കോട് ഡിപ്പോയില്‍നിന്ന് സര്‍വീസ് നടത്തിയിരുന്ന ബസ്സുകള്‍ കാഞ്ഞങ്ങാടേക്ക് മാറ്റിയതല്ലാതെ ഒറ്റ സര്‍വീസ് പോലും പുതുതായി തുടങ്ങിയിട്ടില്ല. ബസ്സുകള്‍ കട്ടപ്പുറത്താകുന്നതും ഇവയുടെ അറ്റക്കുറ്റപ്പണി നടത്താന്‍ ആവശ്യമായ സൗകര്യമില്ലാത്തതും നിലവിലുള്ള സര്‍വീസുകള്‍ അപ്രഖ്യാപിതമായി നിര്‍ത്തുന്നതിന് കാരണമാകുന്നു. ഈ സാഹചര്യത്തിലാണ് കാഞ്ഞങ്ങാട് സബ് ഡിപ്പോയുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കണമെന്നാവശ്യപ്പെട്ട് മാര്‍ച്ച് സംഘടിപ്പിച്ചത്. രാവിലെ ജില്ലാ ആശുപത്രി പരിസരത്തുനിന്ന് ആരംഭിച്ച മാര്‍ച്ച് ജില്ലാ സെക്രട്ടറി കെ മണികണ്ഠന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അഡ്വ. കെ രാജ്‌മോഹന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റിയംഗം വി പ്രകാശന്‍ പ്രസംഗിച്ചു. ശിവജി ബെള്ളിക്കോത്ത് സ്വാഗതം പറഞ്ഞു.