ഡോക്ടറെ വഞ്ചിച്ച് 35 ലക്ഷം തട്ടിയ നൈജീരിയക്കാരെ നാടുകടത്തുന്നു

Posted on: September 3, 2013 1:41 am | Last updated: September 3, 2013 at 1:41 am

കൊണ്ടോട്ടി: ആഫ്രിക്കന്‍ ബേങ്കില്‍ അവകാശികളില്ലാതെ കിടക്കുന്ന രണ്ട് കോടി രൂപ പിന്‍ വലിച്ചു നല്‍കാം എന്നുപറഞ്ഞ് ഡോക്ടറില്‍ നിന്നും 35 ലക്ഷം രൂപ തട്ടിയ കേസിലെ പ്രതികളെ ശിക്ഷാ കാലാവധി കഴിഞ്ഞ് നാടുകടത്തുന്നു. നൈജീരിയക്കാരായ ജോണ്‍സന്‍ നുവാനോ(35), മൈക്കല്‍ ഇബിറോത്ത് മുസോബ (36) എന്നിവരെയാണ് നാടുകടത്തുന്നത്.
പുളിക്കല്‍ സ്ഥിര താമസക്കാരനായ ഡോക്ടറാണ് കബളിപ്പിക്കപ്പെട്ടിരുന്നത്. 2010 ലാണ് കേസിനാസ്പദമായ സംഭവം. ഇന്റര്‍നെറ്റില്‍ വന്ന അറിയിപ്പിന്റെ അടിസ്ഥാനത്തിലാണ് ഡോക്ടര്‍ നൈജീരിയക്കാരുമായി പണം ലഭ്യമാകുന്നതിന് ബന്ധപ്പെടുന്നത്. ഏതാനും ദിവസം കഴിഞ്ഞതും പണവുമായി തങ്ങള്‍ മുംബൈയില്‍ എത്തിയിട്ടുണ്ടെന്നും പണം കൈപ്പറ്റാവുന്നതാണെന്നും പ്രതികള്‍ അറിയിച്ചു.
ഇതോടെ ഡോക്ടര്‍ മുംബൈയില്‍ എത്തി പണമടങ്ങിയ പെട്ടി കൈപ്പറ്റി. ചാവിയുമായി തങ്ങള്‍ വന്നുപെട്ടി തുറക്കുമ്പോള്‍ പണം പിന്‍വലിച്ച ചെലവിലേക്കായി 35 ലക്ഷം നല്‍കണമെന്ന ആവശ്യം ഡോക്ടര്‍ അംഗീകരിച്ചു. വീട്ടിലെത്തി പെട്ടി തുറന്നപ്പോള്‍ പെട്ടിക്ക് മുകളില്‍ നിരത്തി വെച്ചിരുന്ന ഏതാനും ഡോളറുകള്‍ കണ്ട് ഡോക്ടര്‍ പണം നല്‍കി. ഇവര്‍ പേയതിന്‌ശേഷം പെട്ടി തുറന്ന് നോക്കിയപ്പോഴാണ് താന്‍ വഞ്ചിക്കപ്പെട്ടതായി വ്യക്തമായത്. കടലാസു കഷ്ണങ്ങളായിരുന്നു പെട്ടിയില്‍. തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ ശിക്ഷ പൂര്‍ത്തിയാക്കിയ പ്രതികളെ ഇന്നോ നാളയോ നാട് കടത്തും. യാത്രാ രേഖകള്‍ പൂര്‍ത്തിയായി. വിമാന ടിക്കറ്റ് ലഭ്യമാകുന്ന മുറക്ക് നാടുകടത്തല്‍ നടക്കും.