മഅ്ദനിയുടെ ആരോഗ്യനില വീണ്ടും വഷളായി

Posted on: September 3, 2013 1:40 am | Last updated: September 3, 2013 at 1:40 am

Abdul_Nasar_Madaniകോഴിക്കോട്: പി ഡി പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനിയുടെ ശരീരത്തില്‍ പഞ്ചസാരയുടെ അളവ് അപകടകരമായ നിലയില്‍ കുറഞ്ഞു. 70 നു മുകളില്‍ നില്‍ക്കേണ്ട പഞ്ചസാരയുടെ അളവ് ഒരു ഘട്ടത്തില്‍ 15 വരെ താഴ്ന്നു. നാല് ദിവസം മുമ്പ് മഅ്ദനി ജയിലിനുള്ളില്‍ ബോധരഹിതനായി വീഴുകയും ചെയ്തു. ചില സമയങ്ങളില്‍ ശ്വാസതടസ്സവും അനുഭവപ്പെടുന്നുണ്ട്. ബംഗളൂരു പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍ മഅ്ദനിയെ സന്ദര്‍ശിച്ച മുസ്‌ലിം ലീഗ് അഖിലേന്ത്യാ സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീറിനെയാണ് മഅ്ദനി ഇക്കാര്യം അറിയിച്ചത്. ഇന്നലെ രാവിലെ 11 മണിയോടെയാണ് ബംഗളൂരു സ്‌ഫോടന കേസില്‍ വിചാരണ തടവുകാരനായി കഴിയുന്ന പി ഡി പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനിയെ ഇ ടി മുഹമ്മദ് ബഷീര്‍ ജയിലില്‍ സന്ദര്‍ശിച്ചത്. പി ഡി പി വൈസ് ചെയര്‍മാന്‍ സുബൈര്‍ സബാഹി, മുസ്‌ലിം ലീഗ് കര്‍ണാടക സംസ്ഥാന സെക്രട്ടറി നൗശാദ് എന്നിവരും ഇ ടിക്കൊപ്പമുണ്ടായിരുന്നു. ഒരു മണിക്കൂറോളം കൂടിക്കാഴ്ച നീണ്ടു നിന്നു. ആരോഗ്യ സ്ഥിതിയുമായി ബന്ധപ്പെട്ട കാര്യങ്ങളും കേസുമായി ബന്ധപ്പെട്ട നിയമവശങ്ങളും ഇരുവരും ചര്‍ച്ച ചെയ്തു.

ആരോഗ്യ സ്ഥിതിയെക്കുറിച്ച് വിശദമായി സംസാരിച്ച മഅ്ദനി നിരപരാധിത്വം തെളിയിക്കാന്‍ സുപ്രീം കോടതിയെ സമീപിക്കുമെന്നും ഇതിനായുള്ള ശ്രമങ്ങള്‍ മുതിര്‍ന്ന അഭിഭാഷകരുടെ സഹായത്തോടെ ആരംഭിച്ചിട്ടുണ്ടെന്നും അറിയിച്ചു. ആരേയും ആക്ഷേപിക്കാനോ കുറ്റപ്പെടുത്താനോ ഉദ്ദേശിക്കുന്നില്ലെന്നും മഅ്ദനി പറഞ്ഞു. രാഷ്ട്രീയമായും നിയമപരമായും സാധ്യമായതെല്ലാം ചെയ്യുമെന്ന് ഇ ടി മുഹമ്മദ് ബഷീര്‍ മഅ്ദനിയെ അറിയിച്ചു. മഅ്ദനിയുടെ ആരോഗ്യസ്ഥിതി ഗുരുതരമായ അവസ്ഥയിലാണെന്നും വിദഗ്ധ ചികിത്സക്കായി മഅ്ദനിക്ക് ഉടന്‍ ജാമ്യം ലഭിക്കേണ്ടതുണ്ടെന്നും ഇ ടി മുഹമ്മദ് ബഷീര്‍ സിറാജിനോട് പറഞ്ഞു. കേന്ദ്ര സര്‍ക്കാറില്‍ സമ്മര്‍ദം ചെലുത്തി മഅ്ദനിക്ക് അനുകൂലമായ സാഹചര്യമുണ്ടാക്കാനാണ് ശ്രമം തുടങ്ങിയിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. മഅ്ദനിയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച് മോശമായ സാഹചര്യമാണ് നിലവിലുള്ളതെന്ന് പി ഡി പി വൈസ് ചെയര്‍മാന്‍ സുബൈര്‍ സബാഹിയും സിറാജിനോട് പറഞ്ഞു.
മഅ്ദനിയുടെ ജാമ്യാപേക്ഷയെ എതിര്‍ത്തു കൊണ്ട് കര്‍ണാടക സര്‍ക്കാര്‍ ഉയര്‍ത്തിയ വാദങ്ങള്‍ ഏറെ ചര്‍ച്ചയായിരുന്നു. കര്‍ണാടകയിലെ സര്‍ക്കാര്‍ മാറ്റത്തിന് ശേഷം ഏറെ പ്രതീക്ഷയോടെയാണ് ജാമ്യം തേടി മഅ്ദനി കോടതിയെ സമീപിച്ചത്. കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷം കേസുമായി ബന്ധപ്പെട്ട നീക്കങ്ങളെല്ലാം പി ഡി പി നേതൃത്വം കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളുമായും സര്‍ക്കാര്‍ വൃത്തങ്ങളുമായും പങ്കുവെച്ചിരുന്നു.
ജാമ്യാപേക്ഷയെ സര്‍ക്കാര്‍ എതിര്‍ക്കുക മാത്രമല്ല കുറ്റപത്രത്തില്‍ പറയാത്ത കാര്യങ്ങള്‍ പോലും പബ്ലിക് പ്രോസിക്യൂട്ടര്‍ ദുരൈ രാജു സത്യവാങ്മൂലത്തില്‍ ആരോപണമായി ഉന്നയിക്കുകയും ചെയ്തിരുന്നു. മാത്രമല്ല മഅ്ദനിക്കെതിരെ പുതിയ കേസ് ചാര്‍ജ് ചെയ്യുകയും ചികിത്സക്ക് മഅ്ദനി തയ്യാറാകുന്നില്ലെന്ന് കോടതിയെ അറിയിക്കുകയും ചെയ്തിരുന്നു.