കരാര്‍ മറിച്ചുനല്‍കി കമ്മീഷന്‍ പറ്റുന്നത് പൊതു ഖജനാവില്‍ എത്തേണ്ട പണം

Posted on: September 3, 2013 5:00 am | Last updated: September 2, 2013 at 11:01 pm

തിരുവനന്തപുരം: റോഡ്, കെട്ടിട നിര്‍മാണങ്ങളുടെ കരാര്‍ ജോലികള്‍ മറിച്ച് നല്‍കി ഇടനിലക്കാരന്റെ റോള്‍ വഹിച്ച് കമ്മീഷന്‍ കൈപ്പറ്റാന്‍ വേണ്ടി മാത്രം ഒരു കോര്‍പ്പറേഷന്‍. പൊതു ഖജനാവിലെത്തേണ്ട പണമാണ് ഇതുവഴി ഇടനിലക്കാരെന്ന നിലയില്‍ പൊതു മരാമത്ത് വകുപ്പിന് കീഴിലുള്ള കേരള സംസ്ഥാന നിര്‍മാണ കോര്‍പ്പറേഷനന്‍ കൈപ്പറ്റുന്നത്.

പൊതുമരാമത്തിന് കീഴിലുള്ള പൊതു പ്രവൃത്തികള്‍ ഏറ്റെടുത്ത് എസ്റ്റിമേറ്റ് തുകയേക്കാള്‍ ഉയര്‍ന്ന തുകക്ക് സ്വകാര്യ കോണ്‍ട്രാക്ടര്‍മാക്ക് നല്‍കുകയാണ് നിര്‍മാണ കോര്‍പ്പറേഷന്‍ ഇപ്പോള്‍ ചെയ്തുവരുന്നത്. പൊതുമരാമത്ത് വകുപ്പിന്റെ പിടിപ്പു കേടുമൂലം ഒട്ടേറെ നിര്‍മാണ പ്രവൃത്തികള്‍ അവതാളത്തിലായെന്നും ഇതുവഴി സര്‍ക്കാറിന് അഞ്ച് കോടിയോളം രൂപ നഷ്ടം വന്നെന്നും കഴിഞ്ഞ പൊതുമേഖലാ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള സി എ ജി റിപ്പോര്‍ട്ട് സൂചിപ്പിച്ചിരുന്നു.
എസ്റ്റിമേറ്റിനേക്കാള്‍ കൂടുതല്‍ തുക രേഖപ്പെടുത്തി കരാറുകാര്‍ ഒത്തുകളിച്ച് സര്‍ക്കാരിന് നഷ്ടം വരുത്തുന്നത് തടയുകയെന്ന ലക്ഷ്യത്തോടെയാണ് 1975ല്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍മാണ കോര്‍പ്പറേഷന്‍ രൂപവത്കരിച്ചത്. ആദ്യ കാലത്ത് ജോലികള്‍ ഏറ്റെടുത്ത് നടത്തിയിരുന്നുവെങ്കിലും പിന്നിട് കോര്‍പ്പറേഷന്‍ ഏറ്റെടുക്കുന്ന ജോലികള്‍ സമയത്തിന് പൂര്‍ത്തിയാകാതെ വന്നു. ഇതോടെയാണ് ഇടനിലക്കാരന്റെ റോളിലേക്ക് മാറിയത്.
സ്വന്തമായി നിര്‍മാണ സാമഗ്രികളും ആധുനിക സംവിധാനങ്ങളും ഇല്ലാത്ത കോര്‍പ്പറേഷന്‍ സര്‍ക്കാര്‍ സ്ഥാപനമെന്ന പരിഗണനയില്‍ ഏറ്റെടുക്കുന്ന പ്രവൃത്തികള്‍ മറ്റ് കരാറുകാര്‍ക്ക് മറിച്ചുനല്‍കുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. ഇതിന് പത്ത് മുതല്‍ 35 ശതമാനം വരെ കോര്‍പ്പറേഷന്‍ കമ്മീഷന്‍ വാങ്ങിവരുന്നു.
ടെന്‍ഡറിന് വേണ്ടിയുള്ള മത്സരത്തില്‍, എസ്റ്റിമേറ്റ് തുകയേക്കാളും പത്ത് ശതമാനം വരെ അധികതുക നിര്‍മാണ കോര്‍പ്പറേഷന്‍ രേഖപ്പെടുത്തിയാല്‍ കരാര്‍ കോര്‍പ്പറേഷന് നല്‍കണമെന്നാണ് ഉത്തരവ്. ഇത് മൂലം നിര്‍ മാണ കോര്‍പ്പറേഷന്‍ പങ്കെടുക്കുന്ന ടെന്‍ഡറുകള്‍ സര്‍ക്കാറിന് നഷ്ടമാകുകയാണ്.
സ്വകാര്യ കരാറുകാര്‍ എസ്റ്റിമേറ്റ് തുകക്ക് ഏറ്റെടുത്തേക്കാവുന്ന ജോലികള്‍ പോലും ഉയര്‍ന്ന തുകക്ക് സര്‍ക്കാര്‍ സ്ഥാപനത്തിന് നല്‍കേണ്ടിവരുന്നു. ഇങ്ങനെ ഏറ്റെടുക്കുന്ന കരാര്‍ കോര്‍പ്പറേഷനിലൂടെ സ്വകാര്യ മേഖലയിലേക്ക് എത്തുകയാണ്.
പൊതു മരാമത്ത് വകുപ്പിലെ ചീഫ് എന്‍ജിനിയറാണ് മാനേജിംഗ് കോര്‍പ്പറേഷന്‍ ഡയറക്ടര്‍. സൂപ്രണ്ടിംഗ് എന്‍ജിനിയര്‍മാരായ രണ്ട് ജനറല്‍ മാനേജര്‍മാരും അതിന് താഴെ ഏഴ് മേഖലാ മാനേജര്‍മാരുമുണ്ട്. ഈ തസ്തികകള്‍ നഷ്ടമാകാതിരിക്കാനാണ് സര്‍ക്കാര്‍ ഖജനാവ് ചോര്‍ന്നിട്ടും കോര്‍പ്പറേഷനെ നിലനിര്‍ത്തുന്നതെന്ന് ആക്ഷേപമുണ്ട്.