ഉത്രട്ടാതി ജലമേള പള്ളിയോട സേവാ സംഘത്തിനതിരെ എന്‍ എസ് എസ്

Posted on: September 3, 2013 6:00 am | Last updated: September 2, 2013 at 10:53 pm

ചങ്ങനാശ്ശേരി: സര്‍ക്കാറിന്റെ പിന്തുണയോടെ നടത്തുന്ന ആറന്മുള ഉത്രട്ടാതി ജലമേളയില്‍ നിന്ന് ജനപ്രതിനിധികളെ ഒഴിവാക്കണമെന്ന പള്ളിയോട സേവാസംഘത്തിന്റെ നിലപാട് മൗഢ്യമാണെന്ന് എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍.
കഴിഞ്ഞ ദിവസം പള്ളിയോട സേവാസംഘത്തിന്റെ പൊതുയോഗത്തില്‍ രാജ്യസഭാ ഉപാധ്യക്ഷന്‍ പി ജെ കുര്യന്‍, ആന്റോ ആന്റണി എം പി, അഡ്വ. ശിവദാസന്‍നായര്‍ എം എല്‍ എ എന്നിവരെ ഈ വര്‍ഷത്തെ ഉത്രട്ടാതി ജലോത്സവ ചടങ്ങില്‍ നിന്ന് മാറ്റിനിര്‍ത്തണമെന്ന് പള്ളിയോടസേവാ സംഘം പ്രമേയം അവതരിപ്പിച്ച് പാസാക്കിയിരുന്നു. ഈ തീരുമാനം ഒരുതരത്തിലും ആശാസ്യമല്ല.
ആറന്‍മുള വിമാനത്താവള പദ്ധതിയുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന പ്രശ്‌നങ്ങളെ ജലോത്സവവുമായി ബന്ധിപ്പിക്കുന്നത് ശരിയല്ല. പമ്പാ നദിയുടെ ഇരുകരകളിലുമുള്ള ജനങ്ങള്‍ ഒരേ മനസോടുകൂടി പങ്കെടുക്കുന്ന ജലമേളയില്‍ കക്ഷിരാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തിലുള്ള ഇടപെടലുകള്‍ ഉണ്ടായാല്‍ അത് ആഘോഷങ്ങളുടെയും അനുഷ്ഠാനങ്ങളുടെയും ചൈതന്യശോഷണത്തിന് വഴിവെക്കുമെന്നും അദ്ദേഹം പറഞ്ഞു.