രശ്മി കൊലക്കേസ് ബിജു രാധാകൃഷ്ണനെതിരെ കുറ്റപത്രം

Posted on: September 3, 2013 6:00 am | Last updated: September 2, 2013 at 10:52 pm

കൊല്ലം: രശ്മി കൊലക്കേസില്‍ അന്വേഷണ സംഘം കോടതിയില്‍ കുറ്റപത്രംസമര്‍പ്പിച്ചു. 506 പേജുള്ള കുറ്റപത്രത്തില്‍ ബിജു രാധാകൃഷ്ണനെ ഒന്നാം പ്രതിയാക്കിയാണ് അന്വേഷണസംഘം കൊട്ടാരക്കര കോടതിയില്‍ ഇന്നലെ കുറ്റപത്രം സമര്‍പ്പിച്ചത്. കൊലപാതകം, തെളിവ് നശിപ്പിക്കല്‍, പീഡനം തുടങ്ങിയ വകുപ്പുകളാണ് ബിജു രാധാകൃഷ്ണനെതിരെ ചുമത്തിയിട്ടുള്ളത്. കൊലപാതകത്തിന് കൂട്ടുനില്‍ക്കല്‍, തെളിവ് നശിപ്പിക്കല്‍, പീഡിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് മാതാവിന്റെ പേരിലുള്ളത്. അരും കൊലക്ക് രശ്മിയുടെ മകന്‍ സാക്ഷിയാണെന്നും കുറ്റപത്രം പറയുന്നു.

2006 ഫെബ്രുവരി മൂന്നിനാണ് ബിജു രാധാകൃഷ്ണന്റെ ഭാര്യയായ രശ്മിയെ കൊലപ്പെടുത്തിയത്. അതിനു ശേഷം സ്വാഭാവിക മരണമാണെന്ന് വരുത്തിത്തീക്കാന്‍ ശ്രമിക്കുകയും ചെയ്തു. കൊല്ലം പൊയിലക്കട പരമേശ്വരന്‍ പിള്ളയുടെ മകള്‍ രശ്മിയെയാണ് ബിജു കൊലപ്പെടുത്തിയത്. കുളക്കടയില്‍ ബി എഡിന് പഠിക്കാന്‍ വന്ന രശ്മി ബിജുവിന്റെ അമ്മ രാജമ്മാളിന്റെ വീട്ടില്‍ പേയിംഗ് ഗസ്റ്റായി താമസിച്ചിരുന്നു. ഡല്‍ഹിയില്‍ പഠിക്കാന്‍ പോയിരുന്ന ബിജു വീട്ടില്‍ വരുമ്പോഴൊക്കെ രശ്മിയെ കാണാറുണ്ടായിരുന്നു. അത് പ്രണയത്തില്‍ കലാശിച്ചു. രജിസ്റ്റര്‍ വിവാഹം ചെയ്യാന്‍ പോകുന്നതിന്റെ അന്ന് പരമേശ്വരന്‍ പിള്ള വിവരം അറിഞ്ഞ് മകളെ കൂട്ടിക്കൊണ്ടുപോയി. പക്ഷേ, ബിജു രശ്മിയുമായുള്ള ബന്ധം തുടര്‍ന്നു.
ഇതിനിടെ ബിജു ഒരു ധനകാര്യ സ്ഥാപനത്തില്‍ മാനേജരായി ജോലി നേടി. ഈ സ്ഥാപനത്തിന്റെ കോഴഞ്ചേരി ബ്രാഞ്ചില്‍ സരിത ഉദ്യോഗസ്ഥയായിരുന്നു. കമ്പനി യോഗങ്ങളില്‍ വെച്ചുള്ള സൗഹൃദം വളര്‍ന്നു. സരിത അവരുടെ സ്ഥാപനത്തില്‍ നിന്ന് മൂന്ന് ലക്ഷം രൂപ അടിച്ചുമാറ്റിയത് പിടിക്കപ്പെട്ടു. അവരെ സഹായിക്കാനെത്തിയത് ബിജുവായിരുന്നു. അതോടെ രണ്ട് പേര്‍ക്കും ജോലി പോയി. സരിതയുമായുള്ള അവിഹിത ബന്ധവും രാജമ്മാളിന്റെ പീഡനം കൂടിയായപ്പോള്‍ നിവര്‍ത്തിയില്ലാതെ രശ്മി തിരുമുല്ലവരത്തെ വീട്ടിലേക്ക് മടങ്ങി. തട്ടിപ്പിനിരയായ ജോസഫ് എന്നൊരാള്‍ ബിജുവിനെ തന്ത്രപൂര്‍വം വിളിച്ചുവരുത്തി മുറിയില്‍ പൂട്ടിയിട്ടതാണ് രശ്മിക്ക് ജീവന്‍ തന്നെ നഷ്ടപ്പെടാന്‍ വഴിയൊരുക്കിയത്. ഭാര്യയുടെ ചെക്ക് തന്നാല്‍ വിടാമെന്ന് ജോസഫ് വ്യവസ്ഥ വച്ചു. പിണങ്ങിപ്പോയ രശ്മിയെ അനുനയിപ്പിച്ച് കൊണ്ടുവന്ന് ചെക്ക് കൊടുപ്പിച്ചു. തുടര്‍ന്നാണ് ബിജു രശ്മിയെ അരുംകൊല ചെയ്തത്.
കൊട്ടാരക്കര ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് ശ്രീകുമാറിന് മുന്നില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ സി ജി സുരേഷ്‌കുമാറും സംഘവും സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ബിജു രാധാകൃഷ്ണന് പുറമേ ഇയാളുടെ മാതാവ് രാജമ്മാളും പ്രതിയാണ്.