Connect with us

Sports

ഏഷ്യാകപ്പ് ഹോക്കി ഫൈനല്‍: : ഇന്ത്യ പൊരുതിത്തോറ്റു

Published

|

Last Updated

ഇപോ (മലേഷ്യ): ഏഷ്യാ കപ്പ് ഹോക്കി ഫൈനലില്‍ ഇന്ത്യക്ക് തോല്‍വി. മൂന്നിനെതിരെ നാല് ഗോളുകള്‍ക്ക് നിലവിലെ ചാമ്പ്യന്‍മാരായ ദക്ഷിണകൊറിയയാണ് ഇന്ത്യയെ പരാജയപ്പെടുത്തിയത്. തോറ്റെങ്കിലും മികച്ച പ്രകടനം പുറത്തെടുത്ത് പൊരുതിയാണ് ഇന്ത്യ കീഴടങ്ങിയത്.
28, 29 മിനുട്ടുകളില്‍ തുടര്‍ച്ചയായി നേടിയ ഗോളുകള്‍ ദക്ഷിണ കൊറിയയെ ആദ്യ പകുതിയില്‍ മുന്നിലെത്തിച്ചു. ജാംഗ് ജോംഗ് ഹ്യാന്‍, യു ഹ്യോ സിക് എന്നിവരാണ് കൊറിയക്കായി ആദ്യ പകുതിയില്‍ വല ചലിപ്പിച്ചത്. എന്നാല്‍ രണ്ടാം പകുതി തുടങ്ങി 48ാം മിനുട്ടില്‍ രൂപീന്ദര്‍പാല്‍ സിംഗും 55ാം മിനുട്ടില്‍ നിഖിന്‍ തിമ്മയ്യയും നേടിയ ഗോളുകളിലൂടെ ഇന്ത്യ സമനില പിടിച്ച് മത്സരത്തില്‍ ഒപ്പമെത്തി. രണ്ട് മിനുട്ടിന് ശേഷം നാം ഹ്യൂന്‍ വൂ നേടിയ ഗോളിലൂടെ ദക്ഷിണകൊറിയ വീണ്ടും മുന്നിലെത്തി. 64ാം മിനുട്ടില്‍ മന്‍ദീപിലൂടെ ഇന്ത്യ സമനില പിടിച്ചു. മത്സരം സമനിലയില്‍ കലാശിക്കുമെന്ന ഘട്ടത്തില്‍ 68ാം മിനുട്ടില്‍ ലഭിച്ച പെനാല്‍റ്റി കോര്‍ണര്‍ വലയിലെത്തിച്ച് കാംഗ് മൂണ്‍ ക്വേന്‍ കൊറിയക്ക് വീണ്ടും വിജയം സമ്മാനിച്ചു.
തോറ്റെങ്കിലും 2009ല്‍ നടന്ന ടൂര്‍ണമെന്റില്‍ ഏഴാം സ്ഥാനത്തായിരുന്ന ഇന്ത്യന്‍ ടീമിനെ സംബന്ധിച്ച് ഇത്തവണത്തെ മുന്നേറ്റം പ്രതീക്ഷ പകരുന്നതാണ്. ഒരു പിടി യുവ താരങ്ങളുമായി എത്തിയ ഇന്ത്യ അഭിമാനത്തോടെയാണ് മടങ്ങുന്നത്. ടൂര്‍ണമെന്റിലുടനീളം ഇന്ത്യന്‍ ടീമിന്റെ പ്രകടനം ആവേശകരമായിരുന്നു.
ടൂര്‍ണമെന്റിലെ മികച്ച ഗോള്‍ കീപ്പറായി മലയാളി താരം പി ആര്‍ ശ്രീജേഷിനെ തിരഞ്ഞെടുത്തു. മികച്ച കളിക്കാരനായി വി ആര്‍ രഘുനാഥും തിരഞ്ഞെടുക്കപ്പെട്ടു.

Latest