Connect with us

Kasargod

ബസുകള്‍ക്കുനേരെയുള്ള അക്രമം: പ്രതികളെ കണ്ടെത്താന്‍ പോലീസിനോടൊപ്പം നാട്ടുകാരും രംഗത്ത്

Published

|

Last Updated

മൊഗ്രാല്‍പുത്തൂര്‍: മൊഗ്രാല്‍ പുത്തൂര്‍ ഭാഗത്ത് കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി കെ എസ് ആര്‍ ടി സി ബസുകള്‍ക്കുനേരെയുണ്ടാകുന്ന അക്രമത്തില്‍ പഞ്ചായത്ത് ഓഫീസില്‍ ചേര്‍ന്ന ജനകീയ കണ്‍വെന്‍ഷന്‍ അപലപിച്ചു.
അക്രമത്തിലെ പ്രതികളെ പിടികൂടാനും ഈ ഭാഗങ്ങളില്‍ അക്രമമുണ്ടാകുന്നത് തടയാനും നാട്ടുകാരും പോലീസും ഒറ്റക്കെട്ടായി രംഗത്തിറങ്ങാനും യോഗത്തില്‍ തീരുമാനിച്ചു.
ജനമൈത്രി പോലീസും പഞ്ചായത്തും സംയുക്തമായാണ് യോഗം സംഘടിപ്പിച്ചത്. അക്രമത്തിനു പിന്നില്‍ പുറമെ നിന്നെത്തിയവരാണെന്ന് യോഗത്തില്‍ അഭിപ്രായമുയര്‍ന്നു.
അക്രമം കണ്ടാല്‍ പോലീസില്‍ വിവരമറിയിക്കാന്‍ അതാത് ക്ലബ് പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങാനും തീരുമാനിച്ചു. നാട്ടുകാരുടെ സഹായത്തോടെ പോലീസ് കഴിഞ്ഞദിവസം രാത്രി മൊഗ്രാല്‍പുത്തൂര്‍ മുതല്‍ എരിയാല്‍ വരെയുള്ള പാതയില്‍ കര്‍ശന പരിശോധന നടത്തി.
കഴിഞ്ഞ നാലു ദിവസത്തിനുള്ളില്‍ മൂന്നു ബസുകള്‍ക്കു നേരെയാണ് ആക്രമണമുണ്ടായത്. അക്രമം നടത്തിയത് ഒരേ സംഘമാണെന്ന നിഗമനത്തിലാണ് പോലീസ്. അതേസമയം അക്രമത്തിനു പിന്നിലെ കാരണം വ്യക്തമല്ല.
കാസര്‍കോട് സി ഐ. സി കെ സുനില്‍കുമാര്‍, എസ് ഐ. ടി ഉത്തംദാസ്, പഞ്ചായത്ത് പ്രസിഡന്റ് നജ്മ ഖാദര്‍, വൈസ് പ്രസിഡന്റ് ഗഫൂര്‍ ചേരങ്കൈ, പഞ്ചായത്തംഗങ്ങളായ മുജീബ് കമ്പാര്‍, സുഹ്‌റ കരീം, ആഇശ ഷാന, ഉസ്മാന്‍ കല്ലങ്കൈ, വിവിധ ക്ലബ് പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു.

 

Latest