Connect with us

Kerala

വൈദ്യുതി ബോര്‍ഡിന്റെ കുടിശ്ശിക കുന്നുകൂടുന്നു

Published

|

Last Updated

പാലക്കാട്: വൈദ്യുതി ചാര്‍ജ് കൂട്ടി ജനങ്ങളെ പിഴിയുന്ന വൈദ്യുതി ബോര്‍ഡിന്റെ കുടിശ്ശിക കുന്നുകൂടുന്നു. സ്വകാര്യ വന്‍കിട കമ്പനികളുടെയും സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളുടെയും കുടിശ്ശിക കൂട്ടുമ്പോള്‍ വൈദ്യുതി ബോര്‍ഡിന് കിട്ടാനുള്ളത് ആയിരം കോടി രൂപയിലേറെയാണ്.
കഴിഞ്ഞ വര്‍ഷം ജൂലൈ മുതല്‍ ഈ വര്‍ഷം ആഗസ്റ്റ് വരെ വൈദ്യുതി ബോര്‍ഡിന് കിട്ടാനുള്ളത് 325 കോടി രൂപ. ഇതില്‍ 25 കോടി രൂപ മാത്രമാണ് സര്‍ക്കാര്‍ നല്‍കിയിട്ടുള്ളത്. 300 കോടി രൂപ നല്‍കാനുണ്ട്. ഒരോ മാസവും 25 കോടി രൂപ കടം കൂടുകയുമാണ്. വിവിധ സര്‍ക്കാര്‍ വകുപ്പുകളും പൊതുമേഖലാ സ്ഥാപനങ്ങളും കുടിശ്ശിക നല്‍കാനുണ്ട്.
ജൂണ്‍ 30 വരെയുള്ള കണക്കനുസരിച്ച് 710. 73 കോടി രൂപയാണ് ഇത്തരത്തില്‍ കിട്ടാനുള്ളത്. കുടിശ്ശിക നല്‍കാനുള്ളതില്‍ മുമ്പില്‍ ജല അതോറിറ്റിയാണ് 419. 59 കോടി. അണക്കെട്ടുകളില്‍ വെള്ളം നിറഞ്ഞ് പകല്‍ സമയങ്ങളില്‍ വൈദ്യുതി മിച്ചം കിട്ടിത്തുടങ്ങിയെങ്കിലും ലേലം വിളിച്ച് കൂടുതല്‍ തുകക്ക് വൈദ്യുതി വില്‍ക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നതേയുള്ളൂ. ജീവനക്കാരുടെ പല ആനുകൂല്യങ്ങളും ഇപ്പോഴും നല്‍കുന്നില്ല.
സര്‍ക്കാര്‍ വകുപ്പുകള്‍ നല്‍കേണ്ട 710. 73 കോടിയില്‍ 601. 70 കോടിയും തടസ്സമില്ലാതെ പിരിച്ചെടുക്കാവുന്നതാണ്. ബാക്കി നിയമക്കുരുക്കിലും. സ്വകാര്യ മേഖലയുടെ കുടിശ്ശിക 587. 37 കോടി രൂപ കൂടി ഉള്‍പ്പെടുത്തുമ്പോള്‍ വൈദ്യുതി ബോര്‍ഡിന്റെ കുടിശ്ശിക 1,348 കോടിയായി.
ഇതിന് പുറമെ പ്രതിമാസം എണ്‍പത് യൂനിറ്റ് വരെ ഉപയോഗിക്കുന്നവരെ വൈദ്യുതി നിരക്ക് വര്‍ധനയില്‍ നിന്ന് സര്‍ക്കാര്‍ ഒഴിവാക്കിയിരുന്നു. ഈയിനത്തിലെ സബ്‌സിഡിയിനത്തില്‍ പ്രതിമാസം ബോര്‍ഡിന് 25 കോടി രൂപ നല്‍കാനുണ്ട്. സാധാരണ ജനങ്ങള്‍ വൈദ്യുതി ചാര്‍ജ് അടക്കാത്തപക്ഷം പിറ്റേ ദിവസം വൈദ്യുതി വിച്ഛേദിക്കുന്ന കെ എസ് ഇ ബി വന്‍കിടക്കാരെ ഒന്നും ചെയ്യുന്നില്ല. വന്‍കിട സ്വകാര്യ കമ്പനി വൈദ്യുതി കുടിശ്ശിക വരുത്തുന്നതിന് പുറമെ വൈദ്യുതി മോഷണവും നടത്തുന്നുണ്ട്. ഇരുമ്പുരുക്ക് കമ്പനികള്‍ക്ക് വൈദ്യുതി ഉപഭോഗം കൂടുതലാണ്. ഇത്തരം കമ്പനികള്‍ മീറ്റര്‍ കേട് വരുത്തി വന്‍ തോതിലുള്ള വൈദ്യുതി മോഷണമാണ് നടത്തുന്നത്.
കഞ്ചിക്കോട്ടെ പല ഇരുമ്പുരുക്ക് കമ്പനികളും ഇത്തരത്തില്‍ മോഷണം നടത്തുന്നത് അറിഞ്ഞിട്ടും കെ എസ് ഇ ബി ചെറുവിരല്‍ പോലും അനക്കുന്നില്ല. ഇതിന് പുറമെ ഇത്തരം കമ്പനികള്‍ വന്‍തോതില്‍ കുടിശ്ശിക വരുത്തുകയും ചെയ്യുന്നുണ്ട്. ഇത്തരം സ്വകാര്യ കമ്പനികളുടെ മോഷണം തടയുന്നതിനും കുടിശ്ശിക ഈടാക്കുന്നതിനും ഇടപെടലുകളൊന്നും ഉണ്ടാകുന്നില്ലെന്നാണ് പരാതി.

Latest