Connect with us

Kerala

അറബിക്കല്യാണം: യത്തീംഖാനാ ഭാരവാഹികള്‍ രാജിവെച്ചു

Published

|

Last Updated

കോഴിക്കോട്: അറബിക്കല്യാണക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട സിയസ്‌കോ യത്തീംഖാനാ ഭാരവാഹികള്‍ രാജിവെച്ചു. യത്തീംഖാന ചെയര്‍മാന്‍ പി എന്‍ ഹംസക്കോയ, സെക്രട്ടറി പി ടി മുഹമ്മദലി, കോ ഓര്‍ഡിനേറ്റര്‍ ബി വി മാമുക്കോയ എന്നിവരാണ് സ്ഥാനം രാജിവെച്ചത്. അറബികല്യാണം വിവാദമാകുകയും ഭാരവാഹികള്‍ പ്രതിചേര്‍ക്കപ്പെടുകയും ചെയ്തതോടെ സിയസ്‌കോ അടിയന്തര യോഗം ഭാരവാഹികളുടെ രാജി അംഗീകരിച്ചു. സത്യം തെളിയുന്നതുവരെ മാറി നില്‍ക്കുന്നതാണ് നല്ലതെന്ന അഭിപ്രായം യോഗത്തില്‍ ഉണ്ടായതിനെ തുടര്‍ന്നാണ് രാജി.
അറബിക്കല്യാണം അന്വേഷിക്കാന്‍ ജില്ലാ പോലീസ് സൂപ്രണ്ട് വേണുഗോപാലിന്റെ നേതൃത്വത്തില്‍ പ്രത്യേക സ്‌ക്വാഡ് രൂപവത്കരിച്ചു. അറബിയുടെ മാതാവും ബന്ധുക്കളും യത്തീംഖാനാ ഭാരവാഹികളും ഉള്‍പ്പെടെ പതിനൊന്ന് പേരെയാണ് കേസില്‍ ഇതുവരെ പ്രതിചേര്‍ത്തത്. സംസ്ഥാന ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡ് കഴിഞ്ഞ ദിവസം യത്തീംഖാനക്ക് നോട്ടീസ് നല്‍കിയിരുന്നു. ഏഴ് ദിവസത്തിനകം മറുപടി നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ്. മറുപടി തൃപ്തികരമല്ലെങ്കില്‍ നടപടിയെടുക്കുമെന്നും ബോര്‍ഡ് അറിയിച്ചിട്ടുണ്ട്.
ജൂണ്‍ 13നാണ് യത്തീംഖാനയില്‍ വിവാദമായ വിവാഹം നടന്നത്. അന്തേവാസിയായ പതിനേഴുകാരിയെ യത്തീംഖാനാ അധികൃതര്‍ നിര്‍ബന്ധിച്ച് യു എ ഇ പൗരനായ ജാസിം മുഹമ്മദ് അബ്ദുല്‍ കരീമിന് വിവാഹം ചെയ്തു നല്‍കിയെന്നാണ് കേസ്. വിവാഹത്തിന് സമ്മതിച്ചില്ലെങ്കില്‍ യത്തീംഖാനയില്‍ നിന്ന് പുറത്താക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും അറബി പൗരനാണ് വരനെന്നത് മറച്ചു വെച്ചെന്നുമാണ് പെണ്‍കുട്ടിയുടെ പരാതിയിലുള്ളത്. മൂന്നാഴ്ചക്കു ശേഷം ഇയാള്‍ വിദേശത്തേക്ക് കടന്നതോടെയാണ് പെണ്‍കുട്ടി പരാതി നല്‍കിയതും കല്യാണം വിവാദമായതും.

---- facebook comment plugin here -----

Latest