പാര്‍ലിമെന്റ് സമ്മേളനത്തിന് ശേഷം തെലങ്കാന നടപടി ഊര്‍ജിതമാകും

Posted on: September 2, 2013 7:21 am | Last updated: September 2, 2013 at 7:21 am

telangana-mapന്യൂഡല്‍ഹി: ഈ മാസം ആറിന് പാര്‍ലിമെന്റിന്റെ വര്‍ഷകാല സമ്മേളനം പൂര്‍ത്തിയാകുന്നതോടെ തെലങ്കാനാ രൂപവത്കരണത്തിനുള്ള നടപടിക്രമങ്ങള്‍ ഊര്‍ജിതമാകുമെന്ന് വിലയിരുത്തപ്പെടുന്നു. ഐക്യ ആന്ധ്രക്കായുള്ള പ്രക്ഷോഭം ശക്തമാണെങ്കിലും കേന്ദ്ര സര്‍ക്കാര്‍ വിഭജനവുമായി മുന്നോട്ടു പോകുമെന്ന് തന്നെയാണ് കരുതുന്നത്. ആഭ്യന്തര വകുപ്പ് ഉടന്‍ ഇതുസംബന്ധിച്ച നോട്ട് കാബിനറ്റിന് സമര്‍പ്പിക്കും. വിഭജനത്തോടെയുണ്ടാകുന്ന പ്രശ്‌നങ്ങളും പ്രായോഗിക ബുദ്ധിമുട്ടുകളും പരിശോധിക്കാന്‍ ഒരു മന്ത്രിതല സമിതി രൂപവത്കരിക്കാനും സാധ്യതയുണ്ട്.
പുതിയ സംസ്ഥാനം രൂപവത്കരിക്കാന്‍ ആന്ധ്രാ പ്രദേശ് നിയമസഭ പ്രമേയം പാസ്സാക്കേണ്ടതുണ്ട്. പ്രമേയത്തിനായുള്ള നിര്‍ദേശം കേന്ദ്ര സര്‍ക്കാര്‍ നല്‍കും. തെലങ്കാന സംബന്ധിച്ച് പ്രത്യേക സമിതി രൂപവത്കരിക്കുമെന്ന് യു പി എ അധ്യക്ഷ സോണിയാ ഗാന്ധി വ്യക്തമാക്കിയിരുന്നു. തെലങ്കാനാ രൂപവത്കരണ തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുമെന്ന സന്ദേശമാണ് സര്‍ക്കാര്‍ മുന്നോട്ട് വെക്കുന്നത്. തെലങ്കാന മേഖലയിലെ പത്ത് ജില്ലകള്‍ പുതിയ സംസ്ഥാനത്തില്‍ ചേര്‍ക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ആന്ധ്രയുടെ ചുമതലയുള്ള എ ഐ സി സി ജനറല്‍ സെക്രട്ടറി ദിഗ്‌വിജയ് സിംഗ് പറഞ്ഞു. കൂടുതല്‍ പ്രദേശങ്ങള്‍ ഉള്‍ക്കൊള്ളിക്കണമോ വേണ്ടയോ എന്ന് മന്ത്രിതല സമിതി തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
നടപ്പ് സമ്മേളനത്തില്‍ സീമാന്ധ്രാ മേഖലയില്‍ നിന്നുള്ള കോണ്‍ഗ്രസ്, ടി ഡി പി. എം പിമാര്‍ ശക്തമായ പ്രതിഷേധമാണ് പാര്‍ലിമെന്റില്‍ ഉയര്‍ത്തിയത്. നീതിപൂര്‍വകമായ വിഭജനമാണ് കോണ്‍ഗ്രസ് എം പിമാര്‍ ആവശ്യപ്പെടുന്നതെങ്കില്‍ ഐക്യ ആന്ധ്ര വേണമെന്ന് തന്നെ ചിലര്‍ വാദിക്കുന്നു. ലോക്‌സഭയില്‍ നടപടികള്‍ നിരന്തരം സ്തംഭിപ്പിച്ച 12 എം പിമാരെ സ്പീക്കര്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു.
കോണ്‍ഗ്രസ് കോര്‍ കമ്മിറ്റിയും യു പി എ ഏകോപന സമിതിയും കേന്ദ്ര മന്ത്രിസഭയും പച്ചക്കൊടി കാണിച്ചതോടെയാണ് തെലങ്കാനാ രൂപവത്കരണ ശ്രമങ്ങള്‍ ഊര്‍ജിതമായത്. പ്രതിരോധ മന്ത്രി എ കെ ആന്റണിയുടെ നേതൃത്വത്തിലുള്ള സമിതി ഇപ്പോള്‍ തന്നെ ഇതു സംബന്ധിച്ച പരാതികളും നിര്‍ദേശങ്ങളും സ്വീകരിക്കുന്നുണ്ട്. വീരപ്പ മൊയ്‌ലിയും അഹ്മദ് പട്ടേലും സമിതിയില്‍ അംഗങ്ങളാണ്. ഇതിന് പുറമേയാണ് പുതിയ സമിതി രൂപവത്കരിക്കുന്നത്. പത്ത് വര്‍ഷത്തേക്ക് ഹൈദരാബാദ് സംയുക്ത തലസ്ഥാനമായിരിക്കണമെന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗീകരിച്ച പ്രമേയത്തില്‍ പറയുന്നത്. ഈ നിര്‍ദേശം തെലങ്കാനാ രാഷ്ട്ര സമിതി അംഗീകരിക്കുന്നില്ല.