യു എസ് ആക്രമണം വൈകുന്നതില്‍ സിറിയന്‍ പ്രതിപക്ഷത്തിന് അമര്‍ഷം

Posted on: September 2, 2013 12:57 am | Last updated: September 2, 2013 at 12:57 am

ദമസ്‌കസ്: സിറിയയിലേക്കുള്ള അമേരിക്കയുടെ സൈനിക ആക്രമണ നടപടികള്‍ വൈകുന്നതില്‍ സിറിയന്‍ പ്രതിപക്ഷത്തിന്റെ അമര്‍ഷം. അമേരിക്കയുടെ ഇടപെടല്‍ വൈകിപ്പിക്കുന്നത് ആപത്താണെന്നും അത് പ്രസിഡന്റ് ബശര്‍ അല്‍ അസദിനെയും സൈന്യത്തെയും കൂടുതല്‍ ശക്തരാക്കുമെന്നും പ്രതിപക്ഷ വക്താവ് ലൂയി സാഫി വ്യക്തമാക്കി.
പത്ത് ദിവസത്തിനികം സിറിയയിലേക്ക് സൈനിക നടപടികള്‍ നടത്തുമെന്ന ഒബാമയുടെ മുന്നറിയിപ്പിന് പിന്നാലെയാണ് പ്രതിപക്ഷ സഖ്യമായ എസ് എന്‍ സി (സിറിയന്‍ നാഷനല്‍ കോയിലേഷന്‍) വക്താവിന്റെ പ്രസ്താവന. സൈനിക നടപടിക്ക് യു എസ് കോണ്‍ഗ്രസ് അംഗീകാരം നല്‍കണമെന്നും അതോടൊപ്പം വിമത സൈന്യത്തിന് കൂടുതല്‍ ആയുധങ്ങള്‍ നല്‍കണമെന്നും പ്രതിപക്ഷ നേതാക്കള്‍ ആവശ്യപ്പെട്ടു. ഒബാമയുടെ യുദ്ധ പ്രഖ്യാപനത്തിന് പിന്നാലെ തുര്‍ക്കി തലസ്ഥാനമായ ഇസ്തംബൂളില്‍ ചേര്‍ന്ന അടിയന്തര യോഗത്തിലാണ് പ്രതിപക്ഷ നേതാക്കള്‍ ഇക്കാര്യം വ്യക്തമാക്കിയത്.
‘രാസായുധ പ്രയോഗത്തിന് പിന്നാലെ വളരെ പെട്ടെന്ന് തന്നെ സിറിയന്‍ സര്‍ക്കാറിനെതിരെ സൈനിക നടപടികള്‍ ഉണ്ടാകുമെന്നാണ് കരുതിയത്. ആക്രമണം നീട്ടിക്കൊണ്ടുപോകുന്നത് നിരാശാജനകമാണ്. സൈനിക ആക്രമണത്തിന് യു എസ് കോണ്‍ഗ്രസ് ഉടന്‍ അംഗീകാരം നല്‍കണം’ -പ്രതിപക്ഷ നേതാവ് സമീര്‍ നഷ്ര്‍ പറഞ്ഞു.
സിറിയന്‍ തലസ്ഥാനമായ ദമസ്‌കസിനടുത്ത് കഴിഞ്ഞ മാസം 21നുണ്ടായ രാസായുധ ആക്രമണത്തിന് പിന്നില്‍ സിറിയന്‍ സൈന്യമാണെന്ന് ആരോപിച്ചാണ് സൈനിക ആക്രമണത്തിന് ഒബാമ ന്യായീകരണം കണ്ടെത്തിയത്. ശനിയാഴ്ച ഇന്ത്യന്‍ സമയം രാത്രി 12 മണിയോടെ രാജ്യത്തെ അഭിസംബോധന ചെയ്ത ഒബാമ സിറിയന്‍ സര്‍ക്കാറിനെ രൂക്ഷമായ ഭാഷയിലാണ് വിമര്‍ശിച്ചത്. എന്നാല്‍ കഴിഞ്ഞ മാസം നടന്ന രാസായുധ പ്രയോഗവുമായി തങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ലെന്നും ആക്രമണത്തിന് പിന്നില്‍ വിമതരാണെന്നും സിറിയന്‍ സര്‍ക്കാര്‍ ആവര്‍ത്തിച്ചു.
രാസായുധ പ്രയോഗത്തെ കുറിച്ച് അന്വേഷണം നടത്തിയിരുന്ന യു എന്‍ വിദഗ്ധ സംഘം അന്വേഷണം അവസാനിപ്പിച്ച് സിറിയ വിട്ടതായി യു എന്‍ വക്താക്കളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. യു എന്‍ അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് കാത്തിരിക്കില്ലെന്നും അതിന് മുമ്പ് തന്നെ ആക്രമണം നടത്തുമെന്നും കഴിഞ്ഞ ദിവസം ഒബാമ വ്യക്തമാക്കിയിരുന്നു.
ഒബാമയുടെ മുന്നറിയിപ്പിന് പിന്നാലെ, സിറിയയിലെ യു എന്‍ ഉദ്യോഗസ്ഥരോട് ഉടനെ രാജ്യം വിടാന്‍ മേലാധികാരികള്‍ ആവശ്യപ്പെട്ടു. കൂടാതെ സിറിയ, ലബനാന്‍ എന്നിവിടങ്ങളിലെ പൗരന്‍മാര്‍ക്ക് ബ്രിട്ടന്‍, കുവൈത്ത്, ബഹ്‌റൈന്‍, ഫ്രാന്‍സ് എന്നി രാജ്യങ്ങള്‍ കര്‍ശന മുന്നറിയിപ്പ് നല്‍കി. ആക്രമണം നടക്കാനിടയുള്ളതിനാല്‍ ഇവിടേക്ക് യാത്ര ചെയ്യുന്നതിനും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.