Connect with us

Kerala

സംസ്ഥാനത്തെ 72 സി ഡി എസുകളില്‍ കുടുംബശ്രീയുടെ ക്രൈം മാപ്പിംഗ്‌

Published

|

Last Updated

കണ്ണൂര്‍: സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങളുടെ കണക്കും സ്വഭാവവും മനസ്സിലാക്കി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിനായി സംസ്ഥാനത്തെ 72 കുടുംബശ്രീ സി ഡി എസ്സുകളില്‍ ക്രൈം മാപ്പിംഗ് സംവിധാനം പൂര്‍ത്തിയാകുന്നു. സമൂഹത്തിന്റെ ഏറ്റവും താഴെത്തട്ടിലുള്‍പ്പെടെ നടക്കുന്ന അതിക്രമങ്ങളെ കൃത്യമായി ചെറുക്കുകയെന്ന ഉദ്ദേശ്യത്തോടെയാണ് അയല്‍ക്കൂട്ടങ്ങള്‍ കേന്ദ്രീകരിച്ച് ക്രൈം മാപ്പിംഗ് സംവിധാനം തയ്യാറാകുന്നത്. 14 ജില്ലകളില്‍ നിന്നായി തിരഞ്ഞെടുക്കപ്പെട്ട ഏറെക്കുറെയെണ്ണത്തിലും ഇതിനകം ക്രൈം മാപ്പിംഗിന്റെ ആദ്യഘട്ടം പൂര്‍ത്തിയായിക്കഴിഞ്ഞു.
സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട് സാമൂഹികക്ഷേമ വകുപ്പ് ആവിഷ്‌കരിച്ച നിര്‍ഭയ പദ്ധതിയുടെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ഈ സംവിധാനം തയ്യാറാകുന്നത്. വാര്‍ഡുതലത്തില്‍ പ്രത്യേക പരിശീലനം നല്‍കിയ പത്ത് വീതം വളന്റിയര്‍മാരെ ഉപയോഗിച്ചാണ് ക്രൈം മാപ്പിംഗിന്റെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. ഇതിന്റെ ഭാഗമായി അയല്‍ക്കൂട്ടതലത്തില്‍ പട്ടിക തയ്യാറാക്കുകയും പ്രശ്‌നബാധിത പ്രദേശങ്ങള്‍ പ്രത്യേക മാപ്പില്‍ രേഖപ്പെടുത്തുകയും ചെയ്യുന്നുണ്ട്.
തിരഞ്ഞെടുക്കപ്പെട്ട സി ഡി എസുകളിലെ ഓരോ അയല്‍ക്കൂട്ടത്തിലെയും പ്രത്യേക യോഗം ചേരുകയാണ് ഇതിന്റെ ആദ്യ നടപടി. തുടര്‍ന്ന് അയല്‍ക്കൂട്ട അംഗങ്ങള്‍ കഴിഞ്ഞ ആറ് മാസത്തിനുള്ളില്‍ തങ്ങളില്‍ ആര്‍ക്കെങ്കിലും നേര്‍ക്ക് ഏതെങ്കിലും തരത്തിലുള്ള അതിക്രമങ്ങള്‍ നടന്നിട്ടുണ്ടോ എന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യും. ഓരോ അയല്‍ക്കൂട്ടത്തിനും പ്രത്യേകം തയ്യാറാക്കി നല്‍കുന്ന ചോദ്യാവലിയുടെ അടിസ്ഥാനത്തിലാണ് ചര്‍ച്ച നടക്കുക.
അതിക്രമത്തിന്റെ രീതി, ഏതെങ്കിലും തരത്തില്‍ നടന്ന പ്രതിരോധം എന്നിവയെല്ലാം ചര്‍ച്ചയില്‍ പ്രധാന വിഷയമാകും. പൂരിപ്പിച്ച ചോദ്യാവലി അയല്‍ക്കൂട്ടം അംഗങ്ങള്‍ പ്രത്യേകം തയ്യാറാക്കിയ പെട്ടിയില്‍ നിക്ഷേപിക്കുകയും ചെയ്യും. ഇതോടൊപ്പം തന്നെയാണ് ഫീല്‍ഡ് ഇന്‍വെസ്റ്റിഗേറ്റര്‍മാരുടെ (വളന്റിയര്‍) നേതൃത്വത്തില്‍ ക്രൈം മാപ്പ് തയ്യാറാക്കുക. അയല്‍ക്കൂട്ട പരിധിയില്‍ കുട്ടികളെയും സ്ത്രീകളെയും ഏതെങ്കിലും തരത്തില്‍ അപമാനിക്കുന്ന സ്ഥലങ്ങളുണ്ടെങ്കില്‍ അയല്‍ക്കൂട്ടം സ്ഥിതിചെയ്യുന്ന വാര്‍ഡിന്റെ മാപ്പില്‍ അത് പ്രത്യേകമായി രേഖപ്പെടുത്തും.
വിവിധ തരത്തിലുള്ള അക്രമങ്ങളെ വിവിധ നിറത്തിലായിരിക്കും രേഖപ്പെടുത്തുക. ശാരീരികമായി ആരെങ്കിലും പീഡിപ്പിക്കപ്പെട്ടതോ പീഡിപ്പിക്കാന്‍ സാധ്യതയുള്ളതോ ആയ പ്രദേശങ്ങള്‍ ചുവന്ന നിറത്തില്‍ മാപ്പില്‍ അടയാളപ്പെടുത്തും. നിരന്തരം പൂവാല ശല്യമുണ്ടാകുന്ന പ്രദേശങ്ങളാണെങ്കില്‍ (വാചികമായ പീഡനം) ആ ഭാഗത്തെ നീലനിറത്തിലും ഭാവ പ്രകടനങ്ങള്‍ നടത്തി പീഡിപ്പിക്കാറുള്ള പ്രദേശങ്ങളെ മഞ്ഞ നിറത്തിലുമാണ് അടയാളപ്പെടുത്തുക.
അയല്‍ക്കൂട്ടതലങ്ങളില്‍ മാപ്പ് തയ്യാറാക്കി കഴിഞ്ഞാല്‍ വാര്‍ഡിലെ മുഴുവന്‍ അയല്‍ക്കൂട്ടങ്ങളെയും ഒരു മാപ്പിലേക്ക് അടയാളപ്പെടുത്തുകയും ചെയ്യും. ഓരോ പഞ്ചായത്തിലെയും മാപ്പുകളും മറ്റ് വിവരങ്ങളും രഹസ്യ സ്വഭാവത്തോടെ കലക്ടറുടെയും ജില്ലാ പോലീസ് സൂപ്രണ്ടിന്റെയും സാന്നിധ്യത്തിലാണ് വിശകലനം ചെയ്യുക.
സംസ്ഥാനത്തെ മുഴുവന്‍ ഗ്രാമ, നഗര പ്രദേശങ്ങളിലേക്കും ക്രൈം മാപ്പിംഗ് സമ്പ്രദായം വ്യാപിപ്പിക്കുന്നതോടെ കുറ്റകൃത്യങ്ങള്‍ പൂര്‍ണമായി തടയാനാകുമെന്നും അക്രമ സാധ്യതാ പ്രദേശങ്ങളെ കൃത്യമായി കണ്ടെത്താനാകുമെന്നുമാണ് കരുതുന്നത്. സംസ്ഥാനത്ത് നടക്കുന്ന അതിക്രമങ്ങളുടെ എണ്ണവും സ്വഭാവവും സംബന്ധിച്ച വിശദമായ ചിത്രവും ഇതിന്റെ ഭാഗമായി ലഭിക്കും. നിര്‍ദിഷ്ട പ്രദേശങ്ങളിലുണ്ടാകുന്ന അതിക്രമങ്ങളുടെ സ്വഭാവം മനസ്സിലാക്കി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കാനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും ഏജന്‍സികള്‍ക്കും ആ പ്രദേശത്ത് സ്വീകരിക്കാവുന്ന നടപടികള്‍ ആസൂത്രണം ചെയ്യാനും മാപ്പിംഗിലൂടെ സാധിക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. അശ്ലീല സ്വഭാവമുള്ള സംസാരം പോലും അതിക്രമത്തിന്റെ പരിധിയില്‍ വരുമെന്നത് ഏറെ പ്രധാനപ്പെട്ട കാര്യമാണെന്ന് ഇതുമായി ബന്ധപ്പെട്ടവര്‍ പറയുന്നു.
സി ഡി എസ് അംഗങ്ങളെ കൂടാതെ പഞ്ചായത്ത് പ്രതിനിധികള്‍, ബന്ധപ്പെട്ട സംസ്ഥാന പ്രതിനിധികള്‍ എന്നിവരടങ്ങുന്ന സംഘമാണ് ക്രൈം മാപ്പിംഗിന് നേതൃത്വം നല്‍കുക. ഇതുമായി ബന്ധപ്പെട്ട രേഖകളെല്ലാം കുടുംബശ്രീ സംസ്ഥാന മിഷന്‍ തയ്യാറാക്കിയ പ്രത്യേക സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് ക്രോഡീകരിക്കും.
കണ്ണൂര്‍ ജില്ലയിലെ ചെറുകുന്ന്, ചെങ്ങളായി, ശ്രീകണ്ഠപുരം, തൃപ്പങ്ങോട്ടൂര്‍, തില്ലങ്കേരി, കൂത്തുപറമ്പ്, മട്ടന്നൂര്‍ തുടങ്ങിയ സി ഡി എസുകളിലാണ് ഏറ്റവും ആദ്യം ക്രൈം മാപ്പിംഗ് സംവിധാനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത്. ഓരോ അയല്‍ക്കൂട്ടത്തിലും പദ്ധതിയുമായി ബന്ധപ്പെട്ട ചര്‍ച്ചകളും മറ്റും വളരെ കൃത്യമായി തന്നെയാണ് നടന്നതെന്ന് ജില്ലാ കുടുംബശ്രീ കോ- ഓര്‍ഡിനേറ്റര്‍ എം വി പ്രേമരാജന്‍ പറഞ്ഞു.