Connect with us

Gulf

2015ാടെ ജി സി സി രാജ്യങ്ങളില്‍ വാതക ദൗര്‍ലഭ്യമുണ്ടാവുമെന്ന് പഠനം

Published

|

Last Updated

ദുബൈ: ജി സി സി രാജ്യങ്ങളില്‍ പ്രക-തി വാതക ഉപഭോഗം വര്‍ധിക്കുന്നത് 2015 ഓടെ ദൗര്‍ലഭ്യത്തിലേക്ക് നയിച്ചേക്കുമെന്ന് പഠനം. ആഗോള കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ ബൂസ് ആന്‍ഡ് കമ്പനി നടത്തിയ പഠനമാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. വൈദ്യുതി ഉല്‍പ്പാദനം, വ്യാവസായികാവശ്യങ്ങള്‍, പാചകം തുടങ്ങിയ ആവശ്യങ്ങള്‍ക്ക് വര്‍ധിച്ച തോതില്‍ വാതകം ആവശ്യമായി വരുന്നതാണ് ഭാവിയില്‍ ഇത്തരം ഒരു സ്ഥിതിവിശേഷത്തിലേക്ക് എത്തിക്കുക.
വര്‍ധിച്ച ആവശ്യങ്ങള്‍ക്കൊത്ത് വാതകം ലഭ്യമാക്കാന്‍ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്ക് കഴിയാതെ വരുമെന്നാണ് പഠനം മുന്നറിയിപ്പ് നല്‍കുന്നത്. ജി സി സിയിലെ വാതക ദൗര്‍ലഭ്യം എങ്ങിനെ ഇത് മറികടക്കാമെന്ന് പേരിട്ടിരിക്കുന്ന ഒരു റിപോര്‍ട്ടും പഠനത്തിന്റെ ഭാഗമായി കമ്പനി തയ്യാറാക്കിയിട്ടുണ്ട്. ജി സി സി രാജ്യങ്ങളില്‍ പ്രകൃതി വാതകം ഉപയോഗിച്ച് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നതും ആവശ്യം നാള്‍ക്കുനാള്‍ വര്‍ധിക്കുന്നതും റിപോര്‍ട്ട് എടുത്തു പറയുന്നു. ഇതോടൊപ്പം എണ്ണ മേഖലകളില്‍ പ്രകൃതി വാതകത്തിന്റെ അളവ് ഗണ്യമായി കുറയുന്നതും എണ്ണയും വാതകവും വിതരണം ചെയ്യാമെന്ന് ഇതര രാജ്യങ്ങളുമായുള്ള ദീര്‍ഘകാല കരാറുകളുമെല്ലാം പ്രതിസന്ധി രൂക്ഷമാക്കുമെന്നാണ് വിലയിരുത്തല്‍.
ഉപഭോഗത്തിലും വിതരണത്തിലും സംഭവിക്കുന്ന അസമത്വം പരിഹരിക്കാന്‍ ജി സി സി രാജ്യങ്ങള്‍ പടിപടിയായി വാതക വില വര്‍ധിപ്പിക്കുകയും ഉപഭോഗം കാര്യക്ഷമാക്കുകയും ചെയ്യുകയേ നിര്‍വാഹമുളളൂവെന്നും റിപോര്‍ട്ട് എടുത്തു പറയുന്നു. ഇതോടൊപ്പം വിവിധ ആവശ്യങ്ങള്‍ക്കുള്ള ഇന്ധനക്ഷമതയും പരമാവധി വര്‍ധിപ്പിക്കണം.
വാതകത്തിന്റെ ആവശ്യം നിവര്‍ത്തിക്കാന്‍ പകരം സങ്കേതങ്ങളിലേക്ക് മാറാന്‍ ജി സി സി രാജ്യങ്ങള്‍ ശ്രമം നടത്തണം. 23ന് അബുദാബിയില്‍ നടക്കുന്ന രണ്ടാമത് പവര്‍ പ്ലസ് വാട്ടര്‍ ലീഡേഴ്‌സ് ഫോറം ഈ വിഷയം വിശദമായി ചര്‍ച്ച ചെയ്യുമെന്ന് കണ്‍സള്‍ട്ടന്‍സി കമ്പനിയായ മനാര്‍ എനര്‍ജിയുടെ തലവന്‍ റോബിന്‍ മില്‍സ് വ്യക്തമാക്കി. വാതക മേഖലയെ ശരിയായ പാതയിലേക്ക് എത്തിക്കുകയെന്ന ലക്ഷ്യമാണ് ഫോറത്തിന്റെ അജണ്ട. മേഖലയില്‍ വാതക വിതരണ രംഗത്ത് നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങളും ഇതുമായി ബന്ധപ്പെട്ട സമസ്ത പ്രശ്‌നങ്ങളും ഫോറം ചര്‍ച്ച ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. അബുദാബി നാഷണല്‍ എക്‌സിബിഷന്‍ സെന്ററിലാണ് പവര്‍ പ്ലസ് വാട്ടര്‍ ലീഡേഴ്‌സ് ഫോറം നടക്കുക. ഇതോടനുബന്ധിച്ച് പവര്‍ വാട്ടര്‍ മിഡില്‍ ഈസ്റ്റ് എക്‌സിബിഷനും സംഘടിപ്പിക്കുന്നുണ്ട്.
23 മൂതല്‍ 25 വരെ മൂന്നു ദിവസമായിരിക്കും ഫോറവും എക്‌സിബിഷനും നടക്കുക. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഊര്‍ജ രംഗത്തെ വിദഗ്ധര്‍ ഫോറത്തില്‍ പങ്കെടുത്ത് സംസാരിക്കും. ജി സി സി രാജ്യങ്ങള്‍ അഭിമുഖീകരിക്കുന്ന വാതക പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ സാധിക്കുമെങ്കിലും സമയക്കുറവ് നിര്‍ണായകമായി മാറുമെന്നും റോബിന്‍ പറഞ്ഞു. വിലകൂടിയ ഇന്ധം ജ്വലിപ്പിച്ച് വാതകം നിര്‍മിക്കേണ്ട സാഹര്യമാണ് ജി സി സി രാജ്യങ്ങളെ കാത്തിരിക്കുന്നത്.
പ്രകൃതി വാതക ദൗര്‍ലഭ്യത്തെ നേരിടാന്‍ ഹൃസ്വകാലത്തേക്കും ദീര്‍ഘകാലത്തേക്കുമുള്ള പദ്ധതികള്‍ ജി സി സി രാജ്യങ്ങള്‍ ഉടന്‍ ആവിഷ്‌ക്കരിച്ച് നടപ്പാക്കാന്‍ ശ്രമിക്കണം. ഉല്‍പ്പാദനം വര്‍ധിപ്പിക്കാന്‍ ഉതകുന്ന വികസന പദ്ധതികള്‍ക്കായി ഈ രംഗത്ത് കൂടുതല്‍ മൂലധന നിക്ഷേപം നടത്തണം. ഒമാന്‍ സര്‍ക്കാരിന്റെ ഖസാന്‍ വാതക പദ്ധതി, അബൂദാബി സര്‍ക്കാരിന്റെ ബാബ് ആന്‍ഡ് ഷാഹ് സൂര്‍ ഗ്യാസ് പ്രൊജക്ട്, ഫുജൈറയില്‍ നടപ്പാക്കുന്ന എല്‍ എന്‍ ജി കയറ്റുമതി ടെര്‍മിനല്‍ തുടങ്ങിയവ ഈ ദിശയിലെ മികച്ച കാല്‍വെപ്പുകളായി വേണം കാണാനെന്നും മില്‍ പറഞ്ഞു.

Latest