Connect with us

Gulf

അമിതഭാരം കുറക്കാനുള്ള ശ്രമം സ്വദേശിയുടെ ജീവനെടുത്തു

Published

|

Last Updated

അല്‍ ഐന്‍: അമിതഭാരത്താല്‍ പ്രയാസം അനുഭവിക്കുന്ന യുവാവ് തൂക്കം കുറക്കാന്‍ നടത്തിയ ശസ്ത്രക്രിയ പിഴച്ചു. ഇതോടെ 37 വയസുള്ള യുവാവിന് ജീവന്‍ നഷ്ടമായി. അല്‍ ഐനില്‍ താമസിക്കുന്ന യുവാവാണ് തൂക്കം കുറക്കാന്‍ ശസ്ത്രക്രിയക്ക് വിധേയനായത്. 200 കിലോഗ്രാമായിരുന്നു ഇയാളുടെ ഭാരം. സംഭവത്തിന്റെ വെളിച്ചത്തില്‍ ഇത്തരം ശസ്ത്രക്രിയക്ക് മുതിരുന്നവര്‍ ജാഗ്രത പാലിക്കണമെന്ന യൂവാവിന്റെ ബന്ധുക്കള്‍ അഭ്യര്‍ഥിച്ചു.
അമിതഭാരം വിവാഹത്തിന് തടസമായപ്പോഴായിരുന്നു സ്വദേശി യുവാവ് ശസ്ത്രക്രിയയില്‍ അഭയം തേടിയത്. എന്നാല്‍ പിന്നീട് ഇദ്ദേഹത്തിന് വയറു വേദന അനുഭപ്പെടുകയും ജീവന്‍ നഷ്ടപ്പെടുകയുമായിരുന്നുവെന്ന് ബന്ധുക്കള്‍ വ്യക്തമാക്കി. രണ്ടാഴ്ച മുമ്പായിരുന്നു സംഭവം.
അമിതഭാരമുള്ളവര്‍ വ്യായാമവും ജീവിത രീതിയില്‍ മാറ്റവും വരുത്തിയിട്ടും അമിത ഭാരത്തില്‍ നിന്നും രക്ഷപ്പെടാന്‍ സാധിക്കുന്നില്ലെങ്കില്‍ മാത്രമേ ഇത്തരം ശസ്ത്രക്രിയക്ക് വിധേയമാകാവൂവെന്ന് ഈ രംഗത്തെ വിദഗ്ദ ഡോക്ടര്‍മാരും വ്യക്തമാക്കി. അമിതഭാരമുള്ള എല്ലാവര്‍ക്കും സാധാരണ ജീവിതം തുടരുന്നതില്‍ ബുദ്ധിമുട്ട് അനുഭവപ്പെടാറില്ലെന്നും ഡോക്ടര്‍മാര്‍ ഓര്‍മിപ്പിക്കുന്നു. അമിതഭാരം കുറക്കാന്‍ സാധാരണയായി ബാരിയാട്രിക് ശസ്ത്രക്രിയയാണ് ഡോക്ടര്‍മാര്‍ ഉപദേശിക്കാറ്. വയറിലും കുടലിലും ദഹനസംവിധാനത്തിലും ചില മാറ്റങ്ങാളാണ് ഇതിലൂടെ വരുത്തുന്നത്. ഇതോടെ ഭക്ഷണം കഴിക്കുന്നതിന് പരിധി നിശ്ചയിക്കപ്പെടുകയും ഇതിലൂടെ അമിത ഭാരവും പ്രമേഹ ബാധയും രക്ത സമ്മര്‍ദ്ദവും അമിതഭാരക്കാരില്‍ കുറച്ചുകൊണ്ടുവരാന്‍ സാധിക്കുകയും ചെയ്യും. ഇതോടൊപ്പം ഉറക്കകുറവ് ഉള്‍പ്പെടെ ഇത്തരക്കാരില്‍ കണ്ടുവരുന്ന ബുദ്ധിമുട്ടുകള്‍ക്കും പരിഹാരം കാണാറുണ്ട്.
എന്നാല്‍ ചില കേസുകളില്‍ ജീവന്‍ നഷ്ടപ്പെട്ടേക്കാവുന്ന അവസ്ഥയും സംഭവിക്കുന്നതായും ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നു.