Connect with us

Articles

അമേരിക്കക്കാരേക്കാള്‍ വലിയ അമേരിക്കനിസ്റ്റുകള്‍

Published

|

Last Updated

അമേരിക്കയുടെ ലോകാധിപത്യത്തിനു വേണ്ടിയുള്ള രാഷ്ട്രീയ സാമ്പത്തിക സൈനിക പദ്ധതികളുടെ പ്രത്യയശാസ്ത്രമാണ് അമേരിക്കനിസം. വേള്‍ഡ് ട്രേഡ് സെന്ററിന്റെയും പെന്റഗണ്‍ കോംപ്ലസിന്റെയും തകര്‍ച്ചക്കു ശേഷം ഭീകരവിരുദ്ധ യുദ്ധത്തിന്റെ മറവില്‍, ലോകത്തെയാകെ അമേരിക്കന്‍ സൈനിക തന്ത്രത്തിന്റെ ഭാഗമാക്കി തങ്ങള്‍ക്ക് അനഭിമതരായ ജനസമൂഹങ്ങളെയാകെ വേട്ടയാടുകയാണ് അമേരിക്കന്‍ ഭരണകൂടം. റിപ്പബ്ലിക്കന്മാരും ഡമോക്രാറ്റുകളും ഒരേപോലെ ലോകത്തെ അമേരിക്കയുടെതാക്കി മാറ്റാനുള്ള പ്രത്യശാസ്ത്ര യുദ്ധത്തിലാണ്.
ഇസ്‌ലാംവിരുദ്ധവും കമ്മ്യൂണിസ്റ്റ്‌വിരുദ്ധവുമായ സംസ്‌കാര സംഘര്‍ഷങ്ങളുട സൈദ്ധാന്തീകരണമാണ് ഇതിനായി അമേരിക്കന്‍ ചിന്താ സംഭരണികള്‍ നിരന്തരം ഉത്പാദിപ്പിച്ചുകൊണ്ടിരിക്കുന്നത്. ജ്ഞാനോത്പാദനത്തിന്റെയും ജ്ഞാനാര്‍ജനത്തിന്റെയും സമസ്ത മണ്ഡലങ്ങളെയും ഈയൊരു അമേരിക്കന്‍ പ്രത്യയശാസ്ത്രത്തിന്റെതാക്കി പരിവര്‍ത്തനപ്പെടുത്താനുള്ള ആസൂത്രിതമായ പദ്ധതികളാണ് ആവിഷ്‌കൃതമായിക്കൊണ്ടിരിക്കുന്നത്.
മൂന്നാം ലോക ദേശീയതയെയും സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങളെയും അവ സ്ഥാപിച്ചെടുക്കാനാഗ്രഹിക്കുന്ന മുതലാളിത്തേതര വികസന വ്യവസ്ഥകളെയും ആക്രമിക്കുന്ന പ്രത്യയശാസ്ത്ര ഉത്പാദന കേന്ദ്രങ്ങളാക്കി സര്‍വകലാശാലകളും ഗവേഷണ സ്ഥാപനങ്ങളും മാറ്റിയെടുക്കുന്നു. നവ ലിബറലിസത്തിന്റെയും ശുദ്ധ പ്രയോജന വാദനത്തിന്റെയും ആദര്‍ശാത്മകതയും അക്കാദമിക്ക് സമൂഹത്തെയാകെ പ്രലോഭിപ്പിച്ചു നിര്‍ത്തുന്നു. സാമ്രാജ്യത്വ ചിന്താ പദ്ധതികളും അവയുടെ ജ്ഞാനോത്പാദകരായ വിദേശ സര്‍വകലാശാലകളും ഇന്ത്യയെപ്പോലുള്ള ദേശീയ രാഷ്ട്രങ്ങളില്‍ തടസ്സമേതുമില്ലാതെ കടന്നുവരുന്നു.
ഗ്ലോബല്‍ അലയന്‍സ് ഫോര്‍ ട്രാന്‍സ്‌നാഷനല്‍ എജ്യൂക്കേഷന്‍ പോലുള്ള കുപ്രസിദ്ധങ്ങളായ ബഹുരാഷ്ട്ര കുത്തകകള്‍ നേതൃത്വം കൊടുക്കുന്ന സാമ്രാജ്യത്വ സര്‍വകലാശാലകള്‍ ഉന്നത വിദ്യാഭ്യാസ രംഗം കൈയടക്കുകയും ബിരുദദാതാക്കളായി വിരാജിക്കുകയും ചെയ്യുന്നു. തദ്ദേശീയ സര്‍വകലാശാലകള്‍ അതിവേഗം ഹാര്‍വാഡ് മാതൃകയില്‍ സ്വകാര്യ വത്കരിക്കപ്പെടുകയും അമേരിക്കന്‍ മാതൃകകളെ ഒളിപ്പിച്ചു കടത്തുകയും ചെയ്യുന്നു. 12ാം പദ്ധതി വിഭാവനം ചെയ്യുന്ന പി പി പി ഉന്നത വിദ്യാഭ്യാസ രംഗത്തും അടിച്ചേല്‍പ്പിക്കപ്പെടുകയാണ്.
ഇക്കാര്യങ്ങളൊക്കെ ഇവിടെ ആമുഖമായി എഴുതിയത് സമീപകാലത്ത് കോഴിക്കോട് സര്‍വകലാശാലയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന ഒട്ടും അഭികാമ്യമല്ലാത്ത സംഭവങ്ങളുടെ സാര്‍വദേശീയ പശ്ചാത്തലം സൂചിപ്പിക്കാന്‍ വേണ്ടിയാണ്. ബി എ, ബി എസ് സി പാഠ പുസ്തകത്തില്‍ നിന്നു സഊദി കവി ഇബ്‌റാഹീം അല്‍ മുഹമ്മദ് റുബായിസിന്റെ കവിത ഒഴിവാക്കിയ സംഭവം നമ്മുടെ സര്‍വകലാശാലകളെ ഭരിക്കുന്ന അമേരിക്കനിസത്തിന്റെ അശ്ലീലമായൊരു ഉദാഹരണമാണ്. പഠന ബോര്‍ഡുകളുടെയും ഫാക്കല്‍റ്റികളുടെയും അക്കാദമിക്ക് കൗണ്‍സിലുകളുടെയും അധികാര പരിധിയെപ്പോലും വെല്ലവിളിച്ചുകൊണ്ടാണ് സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഉത്തരവിറക്കിയത്. “കടലിനോട് ഒരു ഗീതം” എന്ന കവിത ബി എ മൂന്നാം സെമസ്റ്റര്‍ ഇംഗ്ലീഷ് പാഠ്യപദ്ധതിയില്‍ നിന്ന് എടുത്തുമാറ്റാനായിരുന്നു ഉത്തരവ്.
എന്താണതിനുള്ള ന്യായം? കവിക്ക് അല്‍ഖാഇദ പോലുള്ള തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന സംശയമാണ്. അമേരിക്കയില്‍ പോലും പ്രസിദ്ധീകരിച്ച ഒരു കവിത നിരോധിക്കുന്നതിന്റെ യുക്തി സര്‍വകലാശാലാ അധികൃതരുടെ അമേരിക്കന്‍ ദാസ്യത്തിലാണ് കണ്ടെത്താനാകുക. അമേരിക്കക്കാരേക്കാള്‍ വലിയ അമേരിക്കനിസ്റ്റുകള്‍ നമ്മുടെ അക്കാദമിക്ക് മണ്ഡലത്തെ ജനാധിപത്യവിരുദ്ധമായി ഭരിക്കുന്നു എന്നതാണ് രോഷജനകമായ സത്യം.
ഗ്വാണ്ടനാമോ തടവറയില്‍ അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ അല്‍ഖാഇദ ബന്ധമാരോപിച്ച് പിടിച്ചുകൊണ്ടുപോയി പീഡിപ്പിച്ച അനേകായിരം തടവുകാരില്‍ ഒരാളാണ് റുബായീസ്. വിചാരണ നടപടികളില്‍ കുറ്റക്കാരനല്ലെന്ന് കണ്ട് റുബാഇസിനെ വിട്ടയക്കുകയായിരുന്നു. കുപ്രസിദ്ധമായ ഗ്വാണ്ടാനാമോ ജയിലറയിലെ മനുഷ്യത്വരഹിതമായ പീഡനങ്ങള്‍ ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ സമിതിയും ആംനസ്റ്റി ഇന്റര്‍നാഷനലുമെല്ലാം ലോകത്തിന്റെ മുന്നില്‍ കൊണ്ടുവന്നതും അപലപിച്ചിട്ടുള്ളതുമാണ്. അമേരിക്കയില്‍ തന്നെയും വലിയ പ്രതിഷേധമുയര്‍ത്തിയിട്ടുള്ളതാണ്. ബുഷിനെതിരായ തിരഞ്ഞെടുപ്പ് മത്സരത്തില്‍ ഗ്വാണ്ടനാമോ തടവറ അടച്ചുപൂട്ടുമെന്ന് ഒബാമ വാഗ്ദാനം നല്‍കിയതാണ്.
“കടലിനോട് ഒരു ഗീതം” എന്ന കവിതയാകട്ടെ തടവറയിലെ ഏകാന്തതയും പൈശാചിക പീഡനങ്ങളും അനിശ്ചിതത്വവും തകര്‍ത്തുകളഞ്ഞ ഒരു തടവുകാരന്റെ ആത്മഭാഷണമാണ്. മനുഷ്യാവകാശ ലംഘനങ്ങളുടെ നരക ഭൂമിയില്‍ നിന്നും പ്രിയപ്പെട്ടവരുടെ അടുത്തെത്താനുള്ള പീഡിതനായ ഒരു തടവുകാരന്റെ അഭിലാഷ പ്രകടനം എന്നതിലപ്പുറം എന്തെങ്കിലും വിധ്വംസക ആശയങ്ങളുള്ളതായി കവിത വായിച്ചാല്‍ മനസ്സിലാകുന്ന സഹൃദയര്‍ക്ക് തോന്നിയിട്ടില്ല. തടവറയുടെ നരകപീഡനങ്ങള്‍ മുറിവേല്‍പ്പിച്ച ഒരാത്മാവിന്റെ സ്വയംപ്രകാശനമാണ് കടലിനോട് ഒരു ഗീതത്തിലെ വരികളെല്ലാം. മുറിവ് വീണ ആത്മാവുകളില്‍ ഔഷധസ്പര്‍ശമാകുന്ന വിശുദ്ധ ലേപന തൈലമാണ് കവിതയെന്ന് സ്വയം വെളിപ്പെടുത്തുന്ന “കടലിനോട് ഒരു ഗീതം” നിരപരാധിയായ ഒരു മനുഷ്യന്റെ വ്യവസ്ഥയുടെ ക്രൂരതകളില്‍നിന്നുമുള്ള അതിജീവന ശ്രമം കൂടിയാണ്. തടവറ ജീവിതത്തിന്റെ ഏകാന്തവും പ്രക്ഷുബ്ധവുമായ ദിനങ്ങളില്‍ സര്‍ഗാവിഷ്‌കാരം നേടിയ കവിതയാണിത്. സൗമ്യവും അനീതികരമായ വ്യവസ്ഥയോടുള്ള ധീരവുമായ ഒരു കാവ്യപ്രകാശനമാണ് റൂബായിഷിന്റെ ഈ കവിത.
അമേരിക്കന്‍ മനുഷ്യാവകാശ പ്രവര്‍ത്തകനായ മാക്ഫാല്‍കോഫ് എഡിറ്റ് ചെയ്ത ഗ്വാണ്ടനാമോയില്‍ നിന്നുള്ള കവിതകള്‍, “തടവുകാര്‍ പറയുന്നു” എന്ന സമാഹാരത്തിലാണ് അല്‍ റൂബായീസിന്റെ വിവാദ കവിതയുള്ളത്. ആംനസ്റ്റി ഇന്റര്‍നാഷനലാണ് ഈ സമാഹാരത്തിന്റെ പ്രസാധനത്തിന് പിറകില്‍ പ്രവര്‍ത്തിച്ചത്. ഭരണകൂട ഭീകരതയുടെ അന്ധകാരങ്ങളില്‍ അകപ്പെട്ടുപോകുന്ന മനുഷ്യരുടെ സ്വാതന്ത്ര്യാഭിലാഷങ്ങളാണ് ഗ്വാണ്ടനാമോ തടവറ കവിതകള്‍ ലോകത്തിന്റെ മുമ്പില്‍ കൊണ്ടുവന്നത്. പെന്റഗന്‍ സമ്മതത്തോടെയാണ് അമേരിക്കയിലെ അയോവ സര്‍വകലാശാല ഈ കവിതാസമാഹാരം പ്രസിദ്ധീകരിച്ചതെന്ന വസ്തുത മനസ്സിലാക്കുമ്പോഴാണ് ഇവിടെ ഈ കൊച്ചു കേരളത്തില്‍ അമേരിക്കയെക്കാള്‍ വലിയ അമേരിക്കനിസ്റ്റുകള്‍ വാഴുന്നു എന്ന അപമാനകരമായ സത്യം നമുക്ക് കാണേണ്ടിവരുന്നത്.
അമേരിക്കന്‍ നവലിബറല്‍ നയങ്ങളുടെ ഇന്ത്യയിലെ മുന്‍നിര വക്താക്കളിലൊരാളായ ഡോ. അലുവാലിയക്ക് കേഴിക്കോട് സര്‍വകലാശാല ഡോക്ടറേറ്റ് നല്‍കിയിരിക്കുയാണല്ലോ. പട്ടിണി വിളയിക്കുന്ന ആസൂത്രണ വിദഗ്ധന്‍ ആദരിക്കപ്പെടുമ്പോള്‍ അമേരിക്കനിസമാണ് അംഗീകരിക്കപ്പെടുന്നത്. ആഗോളവത്കരണ സ്വകാര്യവത്കരണ നയങ്ങള്‍ അടിച്ചേല്‍പ്പിച്ച് ഇന്ത്യയുടെ സമ്പദ്ഘടനയെയും രാഷ്ട്രീയക്രമത്തെയും അപദേശീയവത്കരിക്കുകയാണ് നവലിബറല്‍ വാദികള്‍. കോളനിവിരുദ്ധ സമരത്തിന്റെ സുദീര്‍ഘവും ത്യാഗനിര്‍ഭരവുമായ പാരമ്പര്യങ്ങളെയാകെ നിരാകരിക്കുന്ന നവകോളനിവത്കരണമാണ് അലുവാലിയമാര്‍ ആസൂത്രണത്തിന്റെയും നയരൂപവത്കരണത്തിന്റെയും മര്‍മസ്ഥാനങ്ങളിലിരുന്ന് നടപ്പാക്കുന്നത്. തിരഞ്ഞെടുക്കപ്പെടേണ്ട സെനറ്റ് പോലും രൂപവത്കരിക്കാതെ, അധികാരം ഉപയോഗിച്ച് അമേരിക്കനിസത്തെ സര്‍വകലാശാലാ രംഗത്ത് ഉറപ്പിച്ചെടുക്കുന്നവര്‍ രാജ്യത്തിന്റെ ദേശീയ താത്പര്യങ്ങളെയാണ് അപമാനിക്കുന്നത്. മനുഷ്യാവകാശങ്ങളോടും ജനതയുടെ സ്വതന്ത്രമായ ജീവിതാവകാശങ്ങളോടും യുദ്ധം പ്രഖ്യാപിച്ചിരിക്കുന്ന ഒരു സാമ്രാജ്യത്വ പ്രത്യയശാസ്ത്രത്തിന്റെ വക്താക്കളെ തിരിച്ചറിഞ്ഞിട്ടും പ്രതികരിക്കാതിരിക്കുന്നത് കുറ്റകരമാണ്. അക്കാദമിക്ക് സമൂഹത്തെ സാമ്രാജ്യത്വാശയങ്ങളില്‍ വ്യാമുഗ്ധരാക്കുന്ന അപരാധ പൂര്‍ണമായ സര്‍വകലാശാലാ അധികാരികളുടെ നടപടികളെ കാര്യവിവരമുള്ളവര്‍ ചെറുത്ത് തോല്‍പ്പിച്ചേ പറ്റൂ.

ktkozhikode@gmail.com

---- facebook comment plugin here -----

Latest