എല്‍ പി ജി സബ്‌സിഡി: സര്‍ക്കാറിനും ആശയക്കുഴപ്പം?

Posted on: August 29, 2013 6:00 am | Last updated: August 28, 2013 at 10:59 pm
SHARE

siraj copyആധാര്‍ കാര്‍ഡിനെച്ചൊല്ലി സര്‍ക്കാര്‍ ജനങ്ങളെ വട്ടം കറക്കുകയാണ്. പാചക വാതക സബ്‌സിഡി ലഭിക്കാന്‍ ആധാര്‍ ആവശ്യമില്ലെന്നാണ് പാര്‍ലമെന്ററി കാര്യ സഹമന്ത്രി രാജീവ് ശുക്ല ഈ മാസം 23ന് രാജ്യസഭയില്‍ പ്രസ്താവിച്ചത്. ഇതുസംബന്ധിച്ച് പൊതുമേഖലാ എണ്ണക്കമ്പനികള്‍ക്ക് ഉടന്‍ നിര്‍ദേശം നല്‍കുമെന്നും ഏതെങ്കിലും കമ്പനി ആധാര്‍ കാര്‍ഡിന് നിര്‍ബന്ധം പിടിച്ചാല്‍ അവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നു വരെ എം പി അച്യുതന്‍ എം പിയുടെ ശ്രദ്ധക്ഷണിക്കലിനുള്ള മറുപടിയില്‍ മന്ത്രി പറയുകയുണ്ടായി. എന്നാല്‍ സബ്‌സിഡിക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാണെന്നാണ് പെട്രോളിയം മന്ത്രാലയം ചൊവ്വാഴ്ച പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നത്. ആധാര്‍ വേണ്ടെന്ന നിലപാട് ഒരു വിധേനയും അംഗീകരിക്കാനാകില്ലെന്നും സബ്‌സിഡി ജനങ്ങള്‍ക്ക് നേരിട്ട് എന്ന സര്‍ക്കാര്‍ ആശയത്തെ അത് തകിടം മറിക്കുമെന്നും മന്ത്രാലയത്തിന്റെ പത്രക്കുറിപ്പില്‍ പറയുന്നു.
ജനങ്ങള്‍ ആരെ കൊള്ളണം? ആരെ തള്ളണം? ജനസംഖ്യ 123 കോടി വരുന്ന രാജ്യത്ത് ഇതുവരെയായി 40 കോടി ആധാര്‍ കാര്‍ഡുകളേ വിതരണം ചെയ്തിട്ടുള്ളു. പാചക വാതക സബ്‌സിഡിക്ക് ആധാര്‍ നിര്‍ബന്ധമാണെന്നും അതിന്റെ നമ്പര്‍ എല്‍ പി ജി വിതരണ ഏജന്‍സിയെയും ബേങ്കിലും അറിയിച്ചിരിക്കണമെന്നും കാണിച്ചു നേരത്തെ വന്ന അറിയിപ്പിനെ തുടര്‍ന്ന് കാര്‍ഡ് കിട്ടാത്തവര്‍ അത് ലഭ്യമാക്കാനും ലഭിച്ചവര്‍ ഏജന്‍സിയെയും ബേങ്കിനെയും അറിയിക്കാനുമുള്ള നെട്ടോട്ടത്തിലായിരുന്നു. മന്ത്രി ശുക്ലയുടെ പ്രസ്താവന വന്നതോടെ ജനം അതെല്ലാം മാറ്റി വെച്ച് പൊല്ലാപ്പ് തീര്‍ന്നല്ലോ എന്നാശ്വാസം കൊള്ളവേയാണ് പെട്രോളിയം മന്ത്രാലയത്തിന്റെ പുതിയ ഉത്തരവ്. ജനങ്ങളിപ്പോള്‍ അക്ഷരാര്‍ഥത്തില്‍ വട്ടം കറങ്ങുകയാണ്. സര്‍ക്കാര്‍ കാര്യം സര്‍ക്കാറിന് തന്നെ അറിയില്ലെന്ന മട്ടിലാണിന്ന് കാര്യങ്ങളുടെ പോക്ക്. പാചക വാതക സബ്‌സിഡിയിലെ വ്യത്യസ്തമായ ഉത്തരവുകള്‍ക്ക് പിന്നില്‍ വകുപ്പുകള്‍ തമ്മിലുള്ള പടലപ്പിണക്കമാണെന്നും വാര്‍ത്തയുണ്ട.്
സബ്‌സിഡി ആനുകൂല്യങ്ങള്‍ ജനങ്ങള്‍ക്ക് നേരിട്ടെത്തിക്കുക എന്ന ആശയത്തില്‍ നിന്നാണ് ഈ പൊല്ലാപ്പ് തുടങ്ങുന്നത്. വ്യാജ കണക്ഷനുകള്‍ ഒഴിവാക്കുകയാണ് ലക്ഷ്യമെന്ന് സര്‍ക്കാര്‍ അവകാശപ്പെടുന്നുണ്ടെങ്കിലും പാചക വാതകത്തിന് സബ്‌സിഡി ഒഴിവാക്കാനുള്ള നീക്കത്തിന്റെ ആദ്യ പടിയാണെന്ന് ആശങ്ക പ്രകടിപ്പിക്കുന്നവരുമുണ്ട്. പാചകവാതകം വാങ്ങുമ്പോള്‍ മുഴുവന്‍ വിലയും ഉപഭോക്താവ് നല്‍കണം. പിന്നീട് അര്‍ഹതയുള്ള സബ്‌സിഡി തുക ഉപഭോക്താവിന്റെ ബേങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കുകയാണ് ചെയ്യുക. സബ്‌സി ഡിയില്ലാതെ ഒരു സിലിന്‍ഡര്‍ ഗ്യാസിന് 889 രൂപ നല്‍കണം. സബ്‌സിഡി തുകയായി 450 രൂപയാണ് ബേങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കുക. പദ്ധതിയുടെ ആദ്യഘട്ട പ്രവര്‍ത്തനം വില യിരുത്തിയതിനുശേഷം ഈ വര്‍ഷം അവസാനത്തോടെ പദ്ധതി രാജ്യമാകെ വ്യാപിപ്പിക്കാനാണ് തീരുമാനം. ഇതുവഴി കരിഞ്ചന്തയിലൂടെ വില്‍ക്കുന്ന സിലിന്‍ ഡറുകളുടെ സബ്‌സിഡിയിനത്തില്‍ പതിനായിരം കോടി രൂപ ലാഭിക്കാമെന്നാണ് സര്‍ക്കാറിന്റെ കണക്കുകൂട്ടല്‍.
കേരളത്തിലെ വയനാട്, പത്തനംതിട്ട ഉള്‍പ്പെടെ രാജ്യത്തെ 20 ജില്ലകളില്‍ സബ്‌സിഡി ആധാറുമായി ബന്ധപ്പെടുത്തി നല്‍കിത്തുടങ്ങിയിട്ടുണ്ട്.ഇതിലൂടെ 24 ലക്ഷം ഉപഭോക്താക്കള്‍ക്ക് സബ്‌സിഡി ബാങ്ക് അക്കൗണ്ടിലൂടെ ലഭിക്കുമെന്നാണ് സര്‍ക്കാര്‍ വാദം. എന്നാല്‍ പദ്ധതി നടപ്പാക്കിയ പ്രദേശങ്ങളില്‍ തന്നെ പലര്‍ക്കും ഇപ്പോഴും ആധാര്‍ ലഭിച്ചിട്ടില്ല. വിതരണം ചെയ്ത കാര്‍ഡുകളില്‍ പലതും വിവരങ്ങള്‍ തെറ്റായി രേഖപ്പെടുത്തിയതുമാണ്. ഇവര്‍ക്ക് പൊതുവിപണിയിലെ വിലക്കുതന്നെ ഗ്യാസ് വാങ്ങേണ്ടി വരും. അമിതമായ സാമ്പത്തിക ഭാരമാണ് ഈ ഉപഭോക്താക്കളുടെമേല്‍ വന്നു ചേരുന്നത്. സപ്തംബര്‍ ഒന്ന് മുതല്‍ രാജ്യത്തെ 34 ജില്ലകളിലെ ഒരു കോടി 47 ലക്ഷം ജനങ്ങളിലേക്കു കൂടി പദ്ധതി വ്യാപിപ്പിക്കാന്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നുണ്ടെങ്കിലും ജനങ്ങളില്‍ ഭൂരിഭാഗവും ആധാര്‍ കാര്‍ഡ് ലഭിക്കാത്തവരാണെന്നിരിക്കെ ഇതെങ്ങനെ നടപ്പിലാക്കാനാകുമെന്ന് സര്‍ക്കാര്‍ തന്നെ ആശയക്കുഴപ്പത്തിലാണ്. ആധാര്‍ രജിസ്‌ട്രേഷന്‍ സമയത്ത് ലഭിച്ച വൗച്ചര്‍ ഉപയോഗിച്ച് അക്ഷയ കേന്ദ്രങ്ങളില്‍ നിന്നും ആധാര്‍ ഐഡി ഡൗണ്‍ലോഡ് ചെയ്യാമെങ്കിലും ഇതിന് ക്യൂവില്‍ മണിക്കൂറുകളോളം കാത്തിരിക്കേണ്ടി വരുന്നു. ഒരു ദിവസം മുഴുവന്‍ കാത്തിരുന്നിട്ടും ലഭിക്കാതെ മടങ്ങിയവരുമുണ്ട്.
പദ്ധതികള്‍ പ്രഖ്യാപിക്കുമ്പോള്‍ കുറ്റമറ്റ രീതിയില്‍ അത് നടപ്പാക്കാനുള്ള സംവി ധാനങ്ങള്‍ സജ്ജീകരിക്കുകയാണ് ആദ്യമായി വേണ്ടത്. അത് പുര്‍ത്തിയാകുന്നത് വരെ സ ബ്‌സിഡി വിതരണം ഇന്നത്തെ രീതിയില്‍ തുടരുകയാണെങ്കില്‍ പാവം പൊതുജനത്തിന്റെ നെട്ടോട്ടവും ആശങ്കകളും ഒഴിവാക്കാകുന്നതാണ്.