സാംസ്‌കാര സാഹിതി പുരസ്‌കാരം എം എ യൂസുഫലിക്ക്

Posted on: August 28, 2013 12:20 am | Last updated: August 28, 2013 at 12:20 am

ma yousuf aliതിരുവനന്തപുരം: കെ പി സി സിയുടെ കലാസാംസ്‌കാരിക വിഭാഗമായ സാംസ്‌കാര സാഹിതിയുടെ ആറാമത് പനമ്പിള്ളി പ്രതിഭാ പുരസ്‌കാരം പ്രമുഖ വ്യവസായി എം എ യൂസുഫലിക്ക്. മുന്‍ അംബാസിഡര്‍ ടി പി ശ്രീനിവാസന്‍, ഗവ. ഐ ടി സെക്രട്ടറി പി എച്ച് കുര്യന്‍, മുന്‍ ഫാക്ട് സി എം ഡിയും കെല്‍ട്രോണ്‍ ചെയര്‍മാനുമായ ജി സി ഗോപാലപിള്ള എന്നിവരടങ്ങിയ ജഡ്ജിംഗ് കമ്മിറ്റിയാണ് അവാര്‍ഡ് ജേതാവിനെ തിരഞ്ഞെടുത്തത്. വ്യവസായ മേഖലയില്‍ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയെന്ന നിലയിലാണ് യൂസുഫലിയെ അവാര്‍ഡിന് തിരഞ്ഞെടുത്തതെന്ന് കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പരിസ്ഥിതി സംരക്ഷണം, സാഹിത്യം, സിനിമ, കൃഷി, ശാസ്ത്രം, വ്യവസായം, നിയമം എന്നീ മേഖലകളിലെ മികച്ച സംഭാവനകള്‍ക്കാണ് പുരസ്‌കാരം നല്‍കിവരുന്നത്. ഒരുലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും ഉള്‍പ്പെടുന്നതാണ് അവാര്‍ഡ്. സെപ്തംബര്‍ ഏഴിന് വൈകീട്ട് നാലിന് തിരുവനന്തപുരം നെയ്യാര്‍ ഡാമില്‍ കെ പി സി സി പഠനകേന്ദ്രമായ രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഡവലപ്‌മെന്റ് സ്റ്റഡീസ് ഉദ്ഘാടന ചടങ്ങില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി പുരസ്‌കാരം നല്‍കുമെന്ന് ചെന്നിത്തല അറിയിച്ചു.