Connect with us

Editorial

ഫയലുകള്‍ മുങ്ങിയതോ മുക്കിയതോ?

Published

|

Last Updated

കല്‍ക്കരിപ്പാടം അഴിമതിയുമായി ബന്ധപ്പെട്ട ഫയലുകള്‍ കാണാതായ സംഭവം ദുരൂഹമാണ്. 1993 -2004 കാലത്തെ പ്രധാനപ്പെട്ട ചില ഫയലുകളാണ് കാണാതായത്. കോണ്‍ഗ്രസ് എം പി വിജയ്ദര്‍ധയുടെ ശിപാര്‍ശകളും പ്രധാനമന്ത്രിയുടെ ഓഫീസ് അയച്ച രേഖകളും കല്‍ക്കരിപ്പാടത്തിന് അപേക്ഷ നല്‍കിയിട്ടും ലഭിക്കാത്ത 157 കമ്പനികളുടെ അപേക്ഷകളും ഇവയില്‍ ഉള്‍പ്പെടുന്നു. കാണാതായവയില്‍ ഏറെയും കോണ്‍ഗ്രസിലെ ഉന്നതരുമായി ബന്ധപ്പെട്ട ഫയലുകളാണെന്ന് സി ബി ഐ വൃത്തങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. ഫയലുകള്‍ കാണാതായതല്ല, മുക്കിയതാണെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. കേസില്‍ പ്രധാനമന്ത്രിയുള്‍പ്പെടെ യു പി എ സര്‍ക്കാറിലെ ഉന്നതരുടെ പേരുകള്‍ ഉയര്‍ന്നു വന്ന സാഹചര്യത്തില്‍ അവരുടെ സന്ദേഹം പ്രസക്തവുമാണ്.
ഒന്നാം യു പി എ സര്‍ക്കാറിന്റെ കാലത്ത് കല്‍ക്കരിപ്പാടങ്ങള്‍ അനുവദിച്ചതിലെ ക്രമക്കേടുകള്‍ സംബന്ധിച്ചു സുപ്രീം കോടതിയുടെ മേല്‍നോട്ടത്തില്‍ സി ബി ഐ അന്വേഷിച്ചു വരികയാണ്. 2004-09 കാലയളവില്‍ പൊതു, സ്വകാര്യ മേഖലകളിലെ കമ്പനികള്‍ക്ക് വഴിവിട്ടു കല്‍ക്കരി ഖനികള്‍ അനുവദിച്ചതിലൂടെ രാജ്യത്തിന് 1,67,303 കോടി രൂപ നഷ്ടം വരുത്തിയെന്ന സി എ ജി റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍ സി ബി ഐ അന്വേഷണത്തിന് ശിപാര്‍ശ ചെയ്യുകയായിരുന്നു. പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗാണ് ഇക്കാലത്ത് കല്‍ക്കരി വകുപ്പ് കൈകാര്യം ചെയ്തിരുന്നത്. കല്‍ക്കരി ബ്ലോക്കുകള്‍ക്കായി ലഭിച്ച അപേക്ഷകളില്‍ സര്‍ക്കാര്‍ തീരുമാനമെടുത്തത് മാനദണ്ഡങ്ങള്‍ പാലിക്കാതെയാണെന്ന് സി ബി ഐ കണ്ടെത്തുകയും അത് സുപ്രീം കോടതിയെ അറിയിക്കുകയും ചെയ്തിട്ടുണ്ട്. കേസിന്റെ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കുന്നത് സംബന്ധിച്ചു നിയമമന്ത്രി സി ബി ഐ ഉദ്യോഗസ്ഥരെ വീട്ടിലേക്ക് വിളിച്ചുവരുത്തി ചര്‍ച്ച ചെയ്തതായും റിപ്പോര്‍ട്ടില്‍ അദ്ദേഹം തിരുത്തല്‍ വരുത്തിയതായും സി ബി ഐ ഡയറക്ടര്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കയും ചെയ്തിരുന്നു. പ്രധാനമന്ത്രിയുടെ ഓഫീസിനെതിരായ റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങളാണ് പ്രധാനമായും മന്ത്രി ഇടപെട്ട് നീക്കം ചെയ്തത്.
കല്‍ക്കരിപ്പാടങ്ങള്‍ അനുവദിച്ചതില്‍ ഗുരുതരമായ ക്രമക്കേടുകളുണ്ടായിട്ടുണ്ടെന്നാണ് ഇതെല്ലാം വ്യക്തമാക്കുന്നത്. ഇക്കാര്യം കോടതിയെ ബോധ്യപ്പെടുത്താന്‍, കല്‍ക്കരിപ്പാടത്തിന് അപേക്ഷിച്ചിട്ടും ലഭിക്കാത്ത കമ്പനികളുടെ ഫയലുകള്‍ സി ബി ഐക്ക് അനിവാര്യമാണ്. നഷ്ടപ്പെട്ട ഫയലുകളില്‍ അവയും ഉള്‍പ്പെട്ടത് അന്വേഷണം വഴിമുട്ടിക്കുമോ എന്ന ആശങ്കക്കിടയാക്കുന്നുണ്ട്. അന്വേഷണത്തില്‍ സി ബി ഐയോട് സര്‍ക്കാര്‍ പൂര്‍ണമായി സഹകരിക്കണമെന്നും ആവശ്യമായ എല്ലാ ഫയലുകളും എത്രയും പെട്ടെന്ന് ലഭ്യമാക്കണമെന്നും ഈ മാസം ആറിന് സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു. ഇതനുസരിച്ചു സി ബി ഐ സര്‍ക്കാറിനോട് ഫയലുകള്‍ ആവശ്യപ്പെട്ടപ്പോഴാണ് നഷ്ടപ്പെട്ട വിവരം പുറത്തുവരുന്നത്. നഷ്ടപ്പെട്ട ഫയലുകള്‍ 1993-2004 കാലത്തേതാണെന്നും പ്രതിപക്ഷം ഭരിച്ച ഈ സമയത്തെ ഫയല്‍ നഷ്ടപ്പെട്ടതില്‍ അവര്‍ക്കും ഉത്തരവാദിത്വമുണ്ടെന്നും പറഞ്ഞു രക്ഷപ്പെടാനാണ് സര്‍ക്കാറിന്റെ ശ്രമം. എന്നാല്‍ കോണ്‍ഗ്രസ് എം പി വിജയ് ദര്‍ധയുമായി അടുത്ത ബന്ധമുള്ളതാണ് കല്‍ക്കരിപ്പാടങ്ങള്‍ ലഭിച്ച അഭിജിത്ത് ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് കമ്പനി. ഇവര്‍ക്ക് ഝാര്‍ഖണ്ഡില്‍ മൂന്ന് പാടങ്ങളുടെ ഉടമസ്ഥാവകാശമുണ്ട്. അനുമതി ലഭിച്ച മറ്റൊരു കമ്പനിയായ എസ് കെ എസ് ഇസ്പാറ്റിന്റെ ഡയറക്ടര്‍മാരിലൊരാള്‍ കേന്ദ്രമന്ത്രി സുബോധ്കാന്ത് സഹായിയുടെ സഹോദരനാണ്. ഇവരുമായി ബന്ധപ്പെട്ട ഫയലുകള്‍ കാണാതാകുന്നതിന്റെ ഗുണം പ്രതിപക്ഷത്തിനല്ലല്ലോ. ജനങ്ങളുടെ നികുതിപ്പണം വന്‍തോതില്‍ ചോരാനിടയാക്കുന്ന ഇത്തരം അഴിമതികള്‍ പുറത്തുവരുമ്പോള്‍ പരസ്പരം ചെളിയെറിഞ്ഞു രക്ഷപ്പെടുകയല്ല, അതിന്റെ നിജസ്ഥിതി കണ്ടെത്തുകയാണാവശ്യം. കാണാതായ ഫയലുകള്‍ എവ്വിധേനയും കണ്ടെത്തുകയും സാധിച്ചില്ലെങ്കില്‍ അവ നഷ്ടപ്പെടാനിടയാക്കിയ സാഹചര്യം ജനങ്ങളെ ബോധ്യപ്പെടുത്തുകയുമാണ് സര്‍ക്കാര്‍ ഈ ഘട്ടത്തില്‍ ചെയ്യേണ്ടത്.

Latest