മുഹമ്മദ് ഇസ്സത് പുതിയ ബ്രദര്‍ഹുഡ് മേധാവി

Posted on: August 21, 2013 5:39 am | Last updated: August 20, 2013 at 11:40 pm
SHARE

കൈറോ: മുഹമ്മദ് ബദീഇന്റെ അറസ്റ്റിനെ തുടര്‍ന്ന് ബ്രദര്‍ഹുഡിന്റെ മേധാവിയായി നിലവിലെ ഉപമേധാവി മുഹമ്മദ് ഇസ്സത്തിനെ തിരഞ്ഞെടുത്തു. ബ്രദര്‍ഹുഡിന്റെ രാഷ്ട്രീയ രൂപമായ ഫ്രീഡം ആന്‍ഡ് ജസ്റ്റിസ് പാര്‍ട്ടിയുടെ നേതാക്കളാണ് ഇസ്സത്തിനെ തിരഞ്ഞെടുത്തതായി പ്രഖ്യാപിച്ചത്. പാര്‍ട്ടിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെയാണ് അവര്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഇടക്കാല സര്‍ക്കാറിനെതിരെയും സൈന്യത്തിനെതിരെയും നടക്കുന്ന പ്രക്ഷോഭത്തിന് നേതൃത്വം നല്‍കാന്‍ ഇസ്സത്തിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും നേതാക്കള്‍ അറിയിച്ചു.
ബദീഇനെ അറസ്റ്റ് ചെയ്ത സൈനിക നടപടിയില്‍ ബ്രദര്‍ഹുഡ് നേതാക്കള്‍ ശക്തമായി പ്രതിഷേധിച്ചു. അക്രമാസക്തമായ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കി നിരവധി പേരുടെ മരണത്തിനിടയാക്കിയ കേസില്‍ ഇസ്സത്തിനെതിരെയും അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്. വൈകാതെ ഇസ്സത്തിനെയും അറസ്റ്റ് ചെയ്യുമെന്ന് ഔദ്യോഗിക വക്താക്കളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.