ട്രെയിന്‍ ഇറങ്ങിയ തീര്‍ഥാടകര്‍ക്കിടയിലേക്ക്‌ ട്രെയിന്‍ കയറി : 37 മരണം

Posted on: August 20, 2013 12:34 am | Last updated: August 20, 2013 at 10:35 pm
SHARE

TRAIN*അപകടം ബീഹാറിലെ ഖഗാരിയയില്‍ * ജനക്കൂട്ടം ട്രെയിനുകള്‍ക്ക് തീയിട്ടു  *മരിച്ചവരുടെ ബന്ധുക്കള്‍ക്ക് അഞ്ച് ലക്ഷം രൂപ റെയില്‍വേ നല്‍കും

പാറ്റ്‌ന: ബീഹാറില്‍ തീര്‍ഥാടകര്‍ക്കിടയിലേക്ക് ട്രെയിന്‍ പാഞ്ഞുകയറി മുപ്പത്തേഴ് പേര്‍ മരിച്ചു. നാല്‍പ്പതോളം പേരെ പരുക്കുകളോടെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ചിലരുടെ നില ഗുരുതരമാണ്. തലസ്ഥാനമായ പാറ്റ്‌നയില്‍ നിന്ന് 160 കിലോമീറ്റര്‍ അകലെയുള്ള ഖഗാരിയ ജില്ലയിലെ ധമരാ ഘട്ട് സ്റ്റേഷനിലാണ് അപകടമുണ്ടായത്. സമസ്തിപൂര്‍ – സഹര്‍ഷ പാസഞ്ചര്‍ ട്രെയിനില്‍ നിന്ന് ഇറങ്ങിയ യാത്രക്കാര്‍ പാളം മുറിച്ച് കടക്കുന്നതിന് മുമ്പ് അതിവേഗം എത്തിയ രാജ്യ റാണി എക്‌സ്പ്രസ് ഇടിക്കുകയായിരുന്നു. സഹര്‍ഷയില്‍ നിന്ന് പാറ്റ്‌നയിലേക്ക് പോകുകയായിരുന്നു രാജ്യറാണി എക്‌സ്പ്രസ്. മുപ്പത്തേഴ് പേര്‍ മരിച്ചതായി എ ഡി ജി പി. എസ് കെ ഭരദ്വാജ് സ്ഥിരീകരിച്ചു.
അക്രമാസക്തരായ ജനക്കൂട്ടം ലോക്കോ പൈലറ്റിനെ മര്‍ദിക്കുകയും രണ്ട് ട്രെയിനുകള്‍ക്ക് തീവെക്കുകയും ചെയ്തു. ജനങ്ങള്‍ പ്രതിഷേധിച്ചതിനെ തുടര്‍ന്ന് മൃതദേഹങ്ങള്‍ മണിക്കൂറുകളോളം പാളത്തില്‍ കിടന്നു. രക്ഷാപ്രവര്‍ത്തനത്തിനും ഇത് തടസ്സമായി. ശ്രാവണ മാസത്തിലെ അവസാനത്തെ തിങ്കളാഴ്ചയായ ഇന്നലെ ഇന്ത്യ – നേപ്പാള്‍ അതിര്‍ത്തിയിലെ കത്യായനി ക്ഷേത്രത്തില്‍ പോയി മടങ്ങുന്നവരാണ് മരിച്ചവരിലേറെയും. മണിക്കൂറില്‍ എണ്‍പത് കിലോമീറ്റര്‍ വേഗത്തില്‍ വന്ന രാജ്യറാണി എക്‌സ്പ്രസിന് ധമരാ ഘട്ട് സ്റ്റേഷനില്‍ സ്റ്റോപ് ഉണ്ടായിരുന്നില്ലെന്ന് റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ അരുണേന്ദ്ര കുമാര്‍ പറഞ്ഞു. അപകടത്തെ കുറിച്ച് ആഭ്യന്തര അന്വേഷണത്തിന് റെയില്‍വേ ഉത്തരവിട്ടിട്ടുണ്ട്.
ട്രെയിന്‍ വരുന്ന വിവരം അറിയിച്ചിട്ടില്ലെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. എന്നാല്‍, യാത്രക്കാര്‍ക്ക് പാളം മുറിച്ചു കടക്കാന്‍ സമയം നല്‍കിയിരുന്നുവെന്നും മറ്റൊരു ട്രെയിന്‍ വരുന്നുണ്ടെന്ന മുന്നറിയിപ്പ് നല്‍കിയതായും റെയില്‍വേ വക്താവ് പറഞ്ഞു. പ്രകോപിതരായ ജനങ്ങള്‍ റെയില്‍വേ സ്റ്റേഷന്‍ ആക്രമിക്കുകയും ജീവനക്കാരെ കൈയേറ്റം ചെയ്യുകയും ചെയ്തു. സംഭവത്തെ തുടര്‍ന്ന് ഇതുവഴിയുള്ള ഗതാഗതം താത്കാലികമായി നിര്‍ത്തിവെച്ചു. അപകടത്തില്‍ മരിച്ചവരുടെ അടുത്ത ബന്ധുവിന് അഞ്ച് ലക്ഷം രൂപ റെയില്‍വേ നഷ്ടപരിഹാരം നല്‍കുമെന്ന് റെയില്‍വേ മന്ത്രി മല്ലികാര്‍ജുന്‍ ഖാര്‍ഗെ അറിയിച്ചു. ഗുരുതരമായി പരുക്കേറ്റവര്‍ക്ക് ഒരു ലക്ഷം രൂപയും അനുവദിക്കും.
പാസഞ്ചര്‍ ട്രെയിനിന്റെ എന്‍ജിനും രാജ്യറാണി എക്‌സ്പ്രസിന്റെ കമ്പാര്‍ട്ട്‌മെന്റുകള്‍ക്കുമാണ് അക്രമാസക്തരായ ജനക്കൂട്ടം തീയിട്ടതെന്ന് പോലീസ് സൂപ്രണ്ട് പറഞ്ഞു. അപകടത്തില്‍ അഗാധ ദുഃഖം രേഖപ്പെടുത്തിയ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്, ശാന്തരാകാന്‍ ജനങ്ങളോട് ആവശ്യപ്പെട്ടു.