ഒരാഴ്ചയായി പട്ടിണിയില്‍ കിടന്ന ആദിവാസി ദമ്പതികളെ നിലമ്പൂര്‍ താലൂക്ക് ആശുപത്രിയിലെത്തിച്ചു

Posted on: August 18, 2013 7:44 am | Last updated: August 18, 2013 at 7:44 am
SHARE

നിലമ്പൂര്‍: ഒരാഴ്ചയയായി പട്ടിണിയില്‍ കിടന്ന ആദിവാസിദമ്പതികളെ നിലമ്പൂര്‍ താലൂക്ക് ആശുപത്രിയിലെത്തിച്ചു. മണ്ണള കോളനി മൂപ്പന്‍ കണ്ണന്‍ (103), ഭാര്യ ചാത്തി (95) എന്നിവരെയാണ് ട്രൈബല്‍ മൊബൈല്‍ യൂനിറ്റിലെ ഡോ.ഷിജിന്‍ പാലാടന്റെ നേതൃത്വത്തിലുള്ള സംഘം ആശുപത്രിയില്‍ കൊണ്ടുവന്നത്.
കരുളായി ഉള്‍വനത്തിലെ മണ്ണള കോളനിയില്‍ നിന് അതിസാഹസികമായാണ് ആരോഗ്യവകുപ്പ് സംഘം ഇവരെ ആശുപത്രിയിലെത്തിച്ചത്. മൂപ്പനും ഭാര്യയും ഒരാഴ്ചയിലേറെയായി പട്ടിണിയിലും രോഗശയ്യയിലുമാണെന്ന് അറിഞ്ഞ് ഇന്നലെ രാവിലെ 11.30ഓടെയാണ് സംഘം കോളനിയിലെത്തിയത്.
നെടുങ്കയത്ത് നിന്ന് ഉള്‍വനത്തിലെ പാതയിലൂടെയാണ് സംഘം യാത്രചെയ്തത്. പുലമുണ്ടവരെ ആരോഗ്യവകുപ്പിന്റെ വാഹനത്തില്‍ പോവാനായെങ്കിലും റോഡ് തകര്‍ന്നടിഞ്ഞതിനാല്‍ അവിടെ നിന്ന് ഈ വാഹനം മറ്റൊരു വാഹനം കയര്‍കെട്ടി വലിച്ചുകൊണ്ടുപോവുകയായിരുന്നു. കോളനിയിലെത്തി മണ്ണള മൂപ്പന്‍ കണ്ണനോട് ആശുപത്രിയിലേക്ക് വരാന്‍ ആവശ്യപ്പെട്ടെങ്കിലും വഴങ്ങിയില്ല.
അടിച്ചും തീ കൊള്ളി കാണിച്ചും മൂപ്പന്‍ ആരോഗ്യപ്രവര്‍ത്തകരെ പിന്തിരിപ്പിക്കുകയും ചെയ്തു. കോളനിയില്‍ മറ്റു പുരുഷന്മാര്‍ ഇല്ലാതിരുന്നതും രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചു. മരം കൊണ്ട് ചങ്ങാടം നിര്‍മിച്ച് ഇവരെ കൊണ്ടുവരാന്‍ ശ്രമിച്ചെങ്കിലും ചങ്ങാടം പുഴയില്‍ താഴ്ന്നതിനാല്‍ ശ്രമം വിജയിച്ചില്ല. പിന്നീട് തിരിച്ചെത്തിയ കോളനിവാസികള്‍ നല്‍കിയ മുളയും കാട്ടുവള്ളിയും ഉപയോഗിച്ച് ആരോഗ്യസംഘം നിര്‍മിച്ച ചങ്ങാടത്തിലൂടെയാണ് ഇവരെ താളിപ്പുഴ കടത്തിയത്.
പ്രായാധിക്യവും രക്തകുറവുമാണ് മൂപ്പനെ അലട്ടുന്നതെന്നും വിദഗ്ധ പരിശോധന ആവശ്യമാണെന്നും ഡോ.നിസാര്‍ പറഞ്ഞു.