Connect with us

Kannur

തളിപ്പറമ്പില്‍ വിഘടിത അക്രമം: മദ്‌റസയും പള്ളിയും തകര്‍ത്തു

Published

|

Last Updated

കണ്ണൂര്‍:തളിപ്പറമ്പ് ഓണപ്പറമ്പില്‍ വ്യാപക വിഘടിത അക്രമം. ഇന്നലെ ഉദ്ഘാടനം ചെയ്യാനിരുന്ന സുന്നി മദ്‌റസാ കെട്ടിടവും പള്ളിയും നിരവധി വാഹനങ്ങളും അക്രമി സംഘം തകര്‍ത്തു. ഒമ്പത് സുന്നി പ്രവര്‍ത്തകര്‍ക്ക് അക്രമത്തില്‍ പരുക്കേറ്റു. വ്യാഴാഴ്ച രാത്രി ഒമ്പതരയോടെ ഇരുപതംഗ വിഘടിത സംഘമാണ് മാരകായുധങ്ങളുമായെത്തി പ്രദേശത്ത് അക്രമം അഴിച്ചുവിട്ടത്. പുതുതായി നിര്‍മിച്ച സലാമത്തുല്‍ ഈമാന്‍ മദ്‌റസാ കെട്ടിടത്തിന്റെ ഉദ്ഘാടനം ഇന്നലെ നടക്കാനിരിക്കെയാണ് അക്രമം. സലാമത്ത് സെന്ററില്‍ പ്രവര്‍ത്തിക്കുന്ന മസ്ജിദുസ്സലാമയില്‍ ഇരച്ചുകയറിയ സംഘം ജനല്‍ ചില്ലുകളും ഫര്‍ണിച്ചറുകളും തകര്‍ത്തു. മദ്‌റസാ കെട്ടിടത്തിന്റെ ഉദ്ഘാടന ചടങ്ങിനൊരുക്കിയ പന്തല്‍, കസേരകള്‍ എന്നിവയും തകര്‍ത്തിട്ടുണ്ട്.

ഗുരുതരമായി പരുക്കേറ്റ പി എ സക്കരിയ്യ (30) യെ മംഗലാപുരം ആശുപത്രിയിലും മറ്റുള്ളവരെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. രണ്ട് കാറുകളും ആറ് ബൈക്കുകളും അക്രമി സംഘം തകര്‍ത്തു. എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി അബ്ദുര്‍റശീദ് നരിക്കോട് വാടകക്കെടുത്ത കാറും മദ്‌റസക്ക് സമീപത്തെ വീട്ടില്‍ വിവാഹ ചടങ്ങിനെത്തിയയാളുടെ കാറുമാണ് തകര്‍ത്തത്. കുടുംബാംഗങ്ങള്‍ കാറിലിരിക്കെയാണ് അക്രമം നടന്നത്.
സംഭവവുമായി ബന്ധപ്പെട്ട് വിഘടിത പ്രവര്‍ത്തകരായ കെ പി ഫായിസ്, എം കെ അബ്ദുല്‍ഖാദര്‍ എന്നിവരെ പരിയാരം പോലീസ് അറസ്റ്റ് ചെയ്തു. ഇരുപത് പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. മദ്‌റസയുടെ ഉദ്ഘാടനം മുന്‍ നിശ്ചയിച്ച പ്രകാരം ഇന്നലെ വൈകീട്ട് നാല് മണിയോടെ അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ നിര്‍വഹിച്ചു.