സെക്രട്ടറിയേറ്റ് ഉപരോധം: നിലപാടില്‍ അയവ് വരുത്തി പോലീസ്‌

Posted on: August 11, 2013 7:38 am | Last updated: August 11, 2013 at 12:38 pm
SHARE

secretariat uparodham

തിരുവനന്തപുരം: സെക്രട്ടറിയേറ്റ് ഉപരോധം നേരിടാന്‍ കര്‍ശന സുരക്ഷയൊരുക്കി പഴികേട്ട പോലീസ് നടപടികളില്‍ അയവ് വരുത്തുന്നു. കേന്ദ്രസേനയെ അടിയന്തര സാഹചര്യത്തില്‍ മാത്രമേ വിന്യസിക്കുകയുള്ളൂ എന്ന് എ ഡി ജി പി ഹേമചന്ദ്രന്‍ പറഞ്ഞു. അക്രമങ്ങള്‍ ഉണ്ടായില്ലെങ്കില്‍ കേന്ദ്രസേന വാഹനങ്ങളിലിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. രാവിലെ നടന്ന പോലീസ് ഉന്നത തല യോഗത്തിലാണ് നടപടികളില്‍ അയവ് വരുത്താന്‍ തീരുമാനമായത്.

സെക്രട്ടറിയേറ്റിന്റെ സുരക്ഷാ ചുമതല കേന്ദ്രസേനയെ ഏല്‍പ്പിച്ചിട്ടില്ലെന്ന് ഡി ജി പി രാവിലെ പറഞ്ഞിരുന്നു. ഇതെല്ലാം സമരാനുകൂലികള്‍ പടച്ചുവിടുന്നതാണ് എന്നായിരുന്നു അദ്ദേഹം പറഞ്ഞിരുന്നത്. പൊതുകക്കൂസുകള്‍ പൂട്ടണമെന്ന നിര്‍ദേശം നല്‍കിയെന്ന വാര്‍ത്തയും അദ്ദേഹം നിഷേധിച്ചിരുന്നു. എന്നാല്‍ ഇന്നലെ രാത്രിവരെ ആഭ്യന്തര മന്ത്രിയടക്കം സെക്രട്ടറിയേറ്റിന്റെ ചുമതല കേന്ദ്രസേനക്കാണ് എന്നാണ് പറഞ്ഞിരുന്നത്. സര്‍ക്കാര്‍ അനാവശ്യമായ ആശങ്ക സൃഷ്ടിക്കുന്നുവെന്ന വിമര്‍ശനം ശക്തമായതാണ് നിലപാട് മയപ്പെടുത്താന്‍ സര്‍ക്കാറിനെ പ്രേരിപ്പിച്ചതെന്നാണ് സൂചന.

അതിനിടെ സെക്രട്ടറിയേറ്റ് ഉപരോധത്തിനായി പ്രവര്‍ത്തകര്‍ തലസ്ഥാനത്തെത്തിത്തുടങ്ങി. മലബാറിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഇരുപതിനായിരത്തിലധികം പേരാണ് സമരത്തില്‍ പങ്കെടുക്കാനെത്തുക. കണ്ണൂരില്‍ നിന്നാണ് ഏറ്റവുമധികം പ്രവര്‍ത്തകര്‍ സമരത്തില്‍ പങ്കെടുക്കുന്നത്. കോഴിക്കോട് നിന്ന് 5000 പേരും മലപ്പുറത്ത് നിന്നും 4000 പേരും കാസര്‍ക്കോട് നിന്ന് 3000 പേരും വയനാട്ടില്‍ നിന്ന് 1500 പേരും സമരത്തില്‍ പങ്കെടുക്കാനെത്തും. ഉച്ചയോടെ നഗരത്തിലേക്ക് സമര ഭടന്‍മാരുടെ പ്രവാഹമാരംഭിക്കും.

സമരത്തെ നേരിടുന്ന രീതിക്കെതിരെ യു ഡി എഫ് നേതാക്കള്‍ പരസ്യമായി രംഗത്തെത്തിയത് സര്‍ക്കാറിനെ പ്രതിസന്ധിയിലാക്കുന്നുണ്ട്. ടി എന്‍ പ്രതാപന്‍, ജോണ് നെല്ലൂര്‍, ആര്‍ ബാലകൃഷ്ണ പിള്ള, പി സി ജോര്‍ജ്ജ് തുടങ്ങിയവര്‍ ഉപരോധ സമരം ഇത്തരത്തില്‍ പ്രതിരോധിക്കുന്നത് ശരിയല്ല എന്ന അഭിപ്രായക്കാരണ്.

ഇന്ന് നടക്കുന്ന കെ പി സി സി യോഗത്തില്‍ മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനമുയരുമെന്നാണ് സൂചന. പരസ്യ പ്രസ്താവന നടത്തുന്നതിന് ഹൈക്കമാന്റ് വിലക്കുള്ളതിനാലാണ് പലരും അതൃപ്തി പരസ്യമാക്കാത്തത്.