Connect with us

National

വര്‍ഷകാല സമ്മേളനത്തിന് ഇന്ന് തുടക്കം; പ്രക്ഷുബ്ധമാകാന്‍ വിഷയങ്ങളേറെ

Published

|

Last Updated

ന്യൂഡല്‍ഹി: പാര്‍ലിമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന് ഇന്ന് തുടക്കമാകും. ഭക്ഷ്യ സുരക്ഷാ ഓര്‍ഡിനന്‍സിന് അംഗീകാരം നേടിയെടുക്കുന്നതാണ് സര്‍ക്കാറിന് മുന്നിലെ പ്രധാന വെല്ലുവിളി. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകള്‍ മുന്നില്‍ കണ്ട് കൂടുതല്‍ പ്രാദേശിക വിഷയങ്ങള്‍ ഉയര്‍ത്തുകയെന്ന തന്ത്രമായിരിക്കും പ്രതിപക്ഷം പയറ്റുക. ഈ മാസം മുപ്പതിന് സമ്മേളനം സമാപിക്കുന്ന രീതിയിലാണ് ഇപ്പോഴത്തെ സമയക്രമം. എന്നാല്‍ ആവശ്യമെങ്കില്‍ സമ്മേളനം നീട്ടുന്ന കാര്യം പരിഗണിക്കുമെന്ന് പാര്‍ലിമെന്ററികാര്യ മന്ത്രി കമല്‍നാഥ് സൂചിപ്പിച്ചിട്ടുണ്ട്.
ആദ്യ ദിനങ്ങളില്‍ തെലങ്കാനാ രൂപവത്കരണ തീരുമാനം സഭയില്‍ പ്രക്ഷുബ്ധ രംഗങ്ങള്‍ക്ക് വഴിവെക്കും. സീമാന്ധ്ര മേഖലയില്‍ നിന്നുള്ള കോണ്‍ഗ്രസ്, ടി ഡി പി. എം പിമാര്‍ സംസ്ഥാനം വിഭജിക്കാനുള്ള തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധമുയര്‍ത്തും. പുതിയ സംസ്ഥാനങ്ങള്‍ക്കുള്ള ആവശ്യവുമുയരും. ഇനി സംസ്ഥാനങ്ങള്‍ അനുവദിക്കില്ലെന്ന നിലപാട് പ്രഖ്യാപിക്കണമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്. ബോധഗയ സ്‌ഫോടനം, ഝാര്‍ഖണ്ഡ് ദുരന്തം തുടങ്ങിയവയും പ്രതിപക്ഷം സഭയില്‍ ഉന്നയിക്കും. രാജ്യസുരക്ഷയിലും ദുരന്തം നേരിടുന്നതിലും സര്‍ക്കാര്‍ പരാജയമാണെന്ന വിമര്‍ശമുയര്‍ത്താനായിരിക്കും ബി ജെ പി ശ്രമിക്കുക.
സമ്മേളനം ക്രിയാത്മകമാക്കാന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് പ്രതിപക്ഷ കക്ഷികളുടെ സഹായം അഭ്യര്‍ഥിച്ചിട്ടുണ്ട്. മന്ത്രി കമല്‍നാഥിന്റെ നേതൃത്വത്തില്‍ സര്‍വകക്ഷി യോഗവും നടന്നു. വ്യവസായങ്ങള്‍ക്കായി ഭൂമിയേറ്റെടുക്കല്‍ വ്യവസ്ഥകള്‍ ഉദാരമാക്കുന്നതടക്കം സാമ്പത്തിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട 64 നിയമനിര്‍മാണങ്ങളാണ് അണിയറയിലുള്ളത്. എന്നാല്‍ രൂപയുടെ മൂല്യമിടിവിന്റെ പശ്ചാത്തലത്തില്‍ സമ്പദ്‌വ്യവസ്ഥ സംബന്ധിച്ച് പ്രത്യേക ചര്‍ച്ച വേണമെന്ന് എന്‍ ഡി എ ആവശ്യപ്പെടും.
ഭക്ഷ്യ സുരക്ഷാ ഓര്‍ഡിനന്‍സിനെ സമാജ്‌വാദി പാര്‍ട്ടി പിന്തുണക്കുന്ന കാര്യത്തില്‍ ഇപ്പോഴും അനിശ്ചിതാവസ്ഥ തുടരുകയാണ്. എന്‍ ഡി എ വിട്ട ജനതാദള്‍ യുവിന്റെ സഹായം സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നുണ്ട്.

Latest