Connect with us

Kerala

ഹജ്ജ് വിമാന സമയപട്ടിക പ്രസിദ്ധീകരിച്ചു; ആദ്യ വിമാനം സെപ്തംബര്‍ 25ന്

Published

|

Last Updated

കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റിക്കു കീഴിലെ ഹാജിമാര്‍ക്കുള്ള വിമാന സമയ വിവരപ്പട്ടിക പ്രസിദ്ധീകരിച്ചു. സെപ്തംബര്‍ 25 മുതല്‍ ഒക്‌ടോബര്‍ ഒമ്പത് വരെയുള്ള 15 ദിവസങ്ങളിലായി 29 വിമാനങ്ങളാണ് സര്‍വീസ് നടത്തുന്നത്. മുന്‍ വര്‍ഷങ്ങളിലെപ്പോലെ സഊദി എയര്‍ലൈന്‍സ് തന്നെയാണ് യാത്രാ കരാര്‍ ഏറ്റെടുത്തിട്ടുള്ളത്. ഒരോ വിമാനത്തിലും 300 ഹാജിമാര്‍ യാത്ര തിരിക്കും.
സെപ്തംബര്‍ 25 മുതല്‍ ഒക്‌ടോബര്‍ എട്ട് വരെ ദിവസങ്ങളില്‍ രണ്ട് വിമാനങ്ങള്‍ വീതം സര്‍വീസ് നടത്തും. ഒമ്പതിന് ഒരു വിമാനം മാത്രമായിരിക്കും ഉണ്ടാകുക. രണ്ട് വിമാനങ്ങളുള്ള ദിവസം ആദ്യ വിമാനം കാലത്ത് 9.35 നും രണ്ടാമത്തെ വിമാനം വൈകിട്ട് 4.05 നും പുറപ്പെടും. ഹാജിമാര്‍ നേരിട്ട് ജിദ്ദയിലേക്കായിരിക്കും പുറപ്പെടുക. മടക്കം മദീനയില്‍ നിന്നുമായിരിക്കും.
കാലത്തുള്ള വിമാനത്തില്‍ പുറപ്പെടേണ്ട ഹാജിമാര്‍ തലേ ദിവസം രാത്രി ഏഴ് മണിക്കും വൈകീട്ടുള്ള വിമാനത്തില്‍ പുറപ്പെടേണ്ട ഹാജിമാര്‍ കാലത്ത് ആറ് മണിക്കും ഹജ്ജ് ക്യാമ്പില്‍ റിപ്പോര്‍ട്ട് ചെയ്യണം. ഹജ്ജ് ക്യാമ്പ് സെപ്തംബര്‍ 24ന് ആരംഭിക്കും.
28 വിമാനങ്ങളിലായാണ് കേരളത്തില്‍ നിന്നുള്ള ഹാജിമാര്‍ യാത്രതിരിക്കുക. ഒരു വിമാനത്തില്‍ ലക്ഷദ്വീപില്‍ നിന്നുള്ള ഹാജിമാരായിരിക്കും പുറപ്പെടുക. ഓരോ ഹാജിയും പുറപ്പെടേണ്ട ദിവസവും സമയവും ഈ മാസം അവസാനത്തോടെ മുംബൈയില്‍ നിന്ന് ലഭ്യമാകും.