ശത്രുഘ്‌നന്‍ സിന്‍ഹക്കെതിരെ ബി ജെ പി അച്ചടക്ക നടപടിക്ക്‌

Posted on: August 1, 2013 1:27 am | Last updated: August 1, 2013 at 1:27 am

shatru-hosന്യൂഡല്‍ഹി: ബീഹാര്‍ മുഖ്യമന്ത്രിയും ജെ ഡി യു നേതാവുമായ നിതീഷ് കുമാര്‍ പ്രധാനമന്ത്രി സ്ഥാനത്തിന് അര്‍ഹനാണെന്ന പ്രസ്താവനയെ തുടര്‍ന്ന് ശത്രുഘ്‌നന്‍ സിന്‍ഹക്കെതിരെ ബി ജെ പി അച്ചടക്ക നടപടിക്ക്. നിതീഷും സിന്‍ഹയും വലിയ നടന്‍മാരാണെന്ന് ബി ജെ പി നേതാവ് സി പി ഠാക്കൂര്‍ പരിഹസിച്ചു. രാഷ്ട്രീയത്തില്‍ പ്രവേശിക്കും മുമ്പ് സിനിമാ നടനായിരുന്ന ശത്രുഘ്‌നനെ സംബന്ധിച്ചായിരുന്നു ഠാക്കൂറിന്റെ ഒളിയമ്പ്.
നിതീഷിനെതിരെയുള്ള പാര്‍ട്ടിയുടെ പോരാട്ടത്തിന് കടകവിരുദ്ധമായാണ് സിന്‍ഹയുടെ അഭിപ്രായമെന്ന് ഠാക്കൂര്‍ പറഞ്ഞു. ഈ പ്രസ്താവനയില്‍ സിന്‍ഹക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കും. ബി ജെ പിയില്‍ നിന്ന് പുറത്തുപോകാനാണ് സിന്‍ഹയുടെ പദ്ധതിയെങ്കില്‍ അതാരും തടയില്ല. അത് പാര്‍ട്ടിക്ക് ഒരു നഷ്ടമേ ആകില്ല. ഠാക്കൂര്‍ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം ബീഹാര്‍ സന്ദര്‍ശനവേളയിലാണ് ശത്രുഘ്‌നന്‍ സിന്‍ഹ വിവാദ പ്രസ്താവന നടത്തിയത്. എന്‍ ഡി എ സഖ്യത്തിലെ മുന്‍ അംഗമായ ജെ ഡി യുവിനും ബി ജെ പിക്കുമിടയില്‍ പാലം പണിയാനാണ് തന്റെ ഉദ്ദേശ്യമെന്നും അദ്ദേഹം പറഞ്ഞിരുന്നു. പ്രധാനമന്ത്രിയാകാന്‍ പറ്റിയ ആളാണ് നിതീഷ് കുമാര്‍. മെച്ചപ്പെട്ട വിജയം കൈവരിച്ച ചുരുക്കം മുഖ്യമന്ത്രിമാരില്‍ ഒരാളാണ് അദ്ദേഹം. നിതീഷുമായുള്ള വ്യക്തിബന്ധത്തിന്റെ പേരിലാണ് എന്‍ ഡി എയും ജെ ഡി യുവുമായുള്ള ബന്ധം പുനഃസ്ഥാപിക്കാന്‍ ശ്രമിക്കുന്നത്. നിതീഷിന്റെ രക്തത്തിന് വേണ്ടി ബി ജെ പി കൊതിക്കുകയാണെന്ന് തനിക്ക് അഭിപ്രായമില്ല. സഖ്യം വിട്ടതിനാല്‍ അവര്‍ വഞ്ചിച്ചുവെന്ന നിലപാടുമില്ല. രാഷ്ട്രീയമെന്നത് സാധ്യതയുടെയും സുതാര്യതയുടെയും കലയായതിനാല്‍ എല്ലാ പാലങ്ങളെയും അഗ്നിക്കിരയാക്കാന്‍ ആര്‍ക്കും കഴിയില്ല. ഇന്ന് തങ്ങള്‍ ഐക്യത്തിലല്ലെന്ന് വിചാരിച്ച് നാളെ ഐക്യപ്പെടില്ലെന്ന് കരുതരുത്. തന്നെ വലിയ ബഹുമാനത്തോടെ കാണുന്ന നിതീഷുമായുള്ള സഹോദരബന്ധം ഏറെ ആസ്വദിച്ചിരുന്നു. ബീഹാറിലെ അദ്ദേഹത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയമാണെന്നും സിന്‍ഹ പറഞ്ഞിരുന്നു. മോഡി ചെയര്‍മാനായുള്ള തിരഞ്ഞെടുപ്പ് പ്രചാരണ കമ്മിറ്റിയില്‍ ഇടം കിട്ടാത്തതില്‍ സിന്‍ഹ നേരത്തെ നീരസം പ്രകടിപ്പിച്ചിരുന്നു. വാജ്പയ് സര്‍ക്കാറില്‍ മന്ത്രിയായിരുന്ന അദ്ദേഹം അഡ്വാനിയുടെ അടുത്ത അനുയായിയാണ്. പാറ്റ്‌ന സാഹെബ് മണ്ഡലത്തില്‍ നിന്നുള്ള ലോക്‌സഭാംഗമാണ്.