Connect with us

Editorial

കരുത്ത് നേടുന്ന പ്രാദേശിക രാഷ്ട്രീയം

Published

|

Last Updated

പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് കൂടുതല്‍ കരുത്ത് നേടിയതായാണ് ത്രിതല പഞ്ചായത്തുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നത്. 17 ജില്ലാ പരിഷത്തുകളില്‍ 13ലും തൃണമൂല്‍ വിജയം നേടി. കോണ്‍ഗ്രസിനും സി പി എമ്മിനും ഓരോ സീറ്റ് കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. 2008ലെ തിരഞ്ഞെടുപ്പില്‍ 13 എണ്ണത്തില്‍ ഇടതുമുന്നണിക്കായിരുന്നു ആധിപത്യം. 824 ജില്ലാ പഞ്ചായത്ത് സീറ്റുകളില്‍ 530ഉം തൃണമൂലാണ് കൈയടക്കിയത്. 329 പഞ്ചായത്ത് സമിതികളില്‍ 213ഉം 3215 ഗ്രാമപഞ്ചായത്തുകളില്‍ 1763 ഉം മമതക്കൊപ്പമാണ്. എതിരില്ലാത്തതിനാല്‍ 3000 സീറ്റുകള്‍ തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ തൃണമൂല്‍ സ്വന്തമാക്കിയിരുന്നു.
തിരഞ്ഞെടുപ്പ് ഫലം സംസ്ഥാനം ഭരിക്കുന്ന മമതാ സര്‍ക്കാറിനുള്ള ജനങ്ങളുടെ അംഗീകാരമായി തൃണമൂല്‍ അവകാശപ്പെടുമ്പോള്‍ അക്രമത്തിലൂടെയും കൃത്രിമങ്ങളിലൂടെയും നേടിയ വിജയമെന്നാണ് ഇടതുപക്ഷത്തിന്റെയും കോണ്‍ഗ്രസിന്റയും വിമര്‍ശം. 3000 സീറ്റുകളിലെ തൃണമൂലിന്റെ എതിരില്ലാത്ത വിജയം അക്രമം അഴിച്ചു വിട്ട് എതിര്‍ സ്ഥാനാര്‍ഥികളെ പത്രികാസമര്‍പ്പണത്തില്‍ നിന്ന് പിന്തിരിപ്പിച്ചതിലൂടെയാണ് നേടാനായതെന്നും അവര്‍ കുറ്റപ്പെടുത്തുന്നു. കേരളത്തിലെ കണ്ണൂര്‍ പോലെ ഇടത് സ്വാധീനമുള്ള പ്രദേശങ്ങളില്‍ സി പി എം കാണിക്കാറുള്ള കൈക്കരുത്തിന് സമാനം ചില കളികള്‍ ബംഗാളില്‍ തൃണമൂല്‍ കളിച്ചുവെന്നത് നേരാണെങ്കിലും രാഷ്ട്രീയ പ്രശ്‌നങ്ങള്‍ തന്നെയാണ് പാര്‍ട്ടിയുടെ ത്രസിപ്പിക്കുന്ന വിജയത്തിലെ മുഖ്യഘടകം. കാല്‍ നൂറ്റാണ്ട് കാലത്തെ കോണ്‍ഗ്രസ് ഭരണവും മൂന്നര പതിറ്റാണ്ട് നീണ്ട ഇടത് മുന്നണി ഭരണവും ബംഗാളില്‍ സാധാരണക്കാരന്റെ അടിസ്ഥാന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനോ ജീവിത നിലവാരം ഉയര്‍ത്താനോ ഏറെയൊന്നും സഹായകമാകാത്തതാണ് ഈ കക്ഷികളെ കൈയൊഴിച്ച് മമതയുടെ പ്രാദേശിക പാര്‍ട്ടിയെ പരീക്ഷിക്കാന്‍ ബംഗാള്‍ ജനതയെ പ്രേരിപ്പിച്ചത്. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ അടുത്ത കാലത്തായി ശക്തിപ്പെട്ട പ്രാദേശിക രാഷ്ട്രീയത്തോടുള്ള ആഭിമുഖ്യവും അവരെ സ്വാധീനിച്ചിരിക്കണം. യു പി യില്‍ എസ് പി, ബി എസ് പി, മഹാരാഷ്ട്രയില്‍ എന്‍ സി പി ശിവസേന, ഒറീസയില്‍ ബിജു ജനതാദള്‍, ബീഹാറില്‍ ജെ ഡി (യു), ആര്‍ ജെ ഡി, ആന്ധ്രാപ്രദേശില്‍ തെലുഗുദേശം, അസമില്‍ എ ജി പി തമിഴ്‌നാട്ടില്‍ ഡി എം കെ, എ ഐ ഡി എം കെ കേരളത്തില്‍ മുസ്‌ലിംലീഗ്, കേരള കോണ്‍ഗ്രസ്, പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എന്നിങ്ങനെ മിക്ക സംസ്ഥാനങ്ങളിലും പ്രാദേശിക കക്ഷികളാണ് ഇന്ന് രാഷ്ട്രീയം നിയന്ത്രിച്ചു കൊണ്ടിരിക്കുന്നത്. പ്രാദേശിക പാര്‍ട്ടികളുടെ എണ്ണം രാജ്യത്ത് അനുദിനം കൂടിക്കൊണ്ടിരിക്കയുമാണ്. 1952ല്‍ 55ഉം 1989ല്‍ 117ഉം പ്രാദേശിക പാര്‍ട്ടികളാണ് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സര രംഗത്തുണ്ടായിരുന്നതെങ്കില്‍ 2009ല്‍ ഇത് 370 ലേക്ക് കുതിച്ചുയര്‍ന്നു. ഇതേവര്‍ഷം മത്സര രംഗത്തുണ്ടായിരുന്ന ദേശീയ പാര്‍ട്ടികളുടെ എണ്ണം കേവലം ഏഴ് മാത്രമായിരുന്നു. വോട്ട് ശതമാനത്തിലും പ്രകടമാണ് പ്രാദേശിക പാര്‍ട്ടികളുടെ ഈ വളര്‍ച്ച. 1984ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് 48 ശതമാനം വോട്ട് ലഭിച്ചപ്പോള്‍ 2009ല്‍ 28.6 ശതമാനമായി ഇടിഞ്ഞു. എന്നാല്‍, പ്രാദേശിക പാര്‍ട്ടികള്‍ 2009ല്‍ 34.6 ശതമാനം വോട്ടു കള്‍ നേടി. 1984ല്‍ ഇത് 11.2 ശതമാനമായിരുന്നു.
കോണ്‍ഗ്രസ്, ബി ജെ പി തുടങ്ങിയ ദേശീയ കക്ഷികളുടെ നേതൃത്വത്തില്‍ വന്ന ഭരണകൂടങ്ങള്‍ ഇന്ത്യയുടെ ഫെഡറല്‍ സ്വഭാവത്തെ തകര്‍ക്കുന്ന വിധം സംസ്ഥാനങ്ങളോട് കാണിച്ച അവഗണനയും വിവേചനവും പാര്‍ശ്വവത്കരിക്കപ്പെട്ട ജനവിഭാഗങ്ങളെയും മതന്യുനപക്ഷങ്ങളെയും ജനാധിപത്യ പ്രക്രിയയില്‍ നിന്ന് മറ്റിനിര്‍ത്തിയതുമാണ് ദേശീയ പാര്‍ട്ടികളെ കൈയൊഴിഞ്ഞ് ജനങ്ങള്‍ പ്രാദേശിക കക്ഷികളിലേക്ക് ചേക്കേറാന്‍ കാരണം. വരേണ്യ വിഭാഗത്തിന്റെയും ഏതാനും സമ്പന്നരുടെയും കൈകളില്‍ കേന്ദ്രീകരിച്ചിരുന്ന ജനാധിപത്യപ്രക്രിയയില്‍ പ്രാദേശിക പാര്‍ട്ടികളുടെ വരവോടെ ഗോത്രവര്‍ഗ വിഭാഗങ്ങള്‍ക്കും താഴ്ന്നജാതിക്കാര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും കൂടുതല്‍ പങ്കാളിത്തം ലഭിച്ചതായി കാണാം.
ജനകീയത, സുതാര്യത, അഭിപ്രായ സ്വാതന്ത്ര്യം തുടങ്ങി സുന്ദര വാഗ്ദാനങ്ങളുമായി കടന്നു വരുന്ന പ്രാദശിക പാര്‍ട്ടി നേതാക്കള്‍ രാഷ്ട്രീയത്തില്‍ വേരുറപ്പിച്ചു കഴിഞ്ഞാല്‍, ഏകാധിപത്യ സ്വഭാവത്തിലേക്ക് വഴുതി മാറുന്ന അഭിശപ്തമായ പ്രവണത കണ്ടുവരുന്നുണ്ട്. തൃണമൂല്‍ നേതാവ് മമതാ ബാനര്‍ജിയും ഇതില്‍ നിന്ന് മുക്തമല്ലെന്നാണ് ഇടക്കാലത്തെ പല സംഭവങ്ങളും കാണിക്കുന്നത്. അപ്രിയ സത്യങ്ങള്‍ തുറന്ന് കാണിക്കുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്കും കാര്‍ട്ടൂണിസ്റ്റുകള്‍ക്കും വിമര്‍ശകര്‍ക്കും നേരെ സ്വേച്ഛാധിപത്യ പരമായ നിലപാടാണ് അവര്‍ സ്വീകരിച്ചത്. ആശയ ങ്ങളിലും നയങ്ങളിലും ഊന്നി നിന്നുകൊണ്ടുള്ള ഏറ്റുമുട്ടലിന് പകരം തിരഞ്ഞെടുപ്പില്‍ തൃണമൂല്‍ പ്രവര്‍ത്തകര്‍ കാണിച്ച കൈക്കരുത്തും വ്യാപകമായ പ്രതിഷേധങ്ങള്‍ക്കിടയായതാണ്. വിമര്‍ശങ്ങളോട് ആരോഗ്യപരമായി പ്രതികരിച്ചു തെറ്റുകള്‍ ബോധ്യപ്പെട്ടാല്‍ അത് തിരുത്തി മുന്നോട്ട് പോയെങ്കില്‍ മാത്രമേ തൃണമൂല്‍ കൈവരിച്ച ജനപിന്തുണ നിലനിര്‍ത്താനും ആസന്നമായ ലോക് സഭാതിരഞ്ഞെടുപ്പില്‍ കൂടുതല്‍ കരുത്ത് നേടാനും സാധിക്കുകയുള്ളു.

Latest