Connect with us

Gulf

പെരുന്നാള്‍ അവധി പ്രഖ്യാപിച്ചു; വിമാന ടിക്കറ്റിനു ആവശ്യക്കാരേറെ

Published

|

Last Updated

അബുദാബി: ഇത്തവണത്തെ പെരുന്നാള്‍ അവധി പ്രഖ്യാപിച്ചു. ഫെഡറല്‍ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് ഓഗസ്റ്റ് ഏഴ് മുതല്‍ പെരുന്നാള്‍ കഴിഞ്ഞ് നാലു ദിവസം വരെ അവധിയായിരിക്കും. പെരുന്നാള്‍ ഓഗസ്റ്റ് എട്ട് വ്യാഴം ആണെങ്കില്‍ ഓഗസ്റ്റ് 11 വരെയായിരിക്കും അവധിയെന്ന് ഫെഡറല്‍ അതോറിറ്റി ഹ്യൂമന്‍ റിസോഴ്‌സ് വിഭാഗം വ്യക്തമാക്കി. ഓഗസ്റ്റ് 12 തിങ്കളാഴ്ചയാണ് ഓഫീസുകള്‍ തുറക്കുക.
പെരുന്നാള്‍ വ്യാഴാഴ്ച ആകാനാണ് സാധ്യത. സ്വകാര്യ മേഖലക്ക് വ്യാഴം, വെള്ളി ദിവസങ്ങളില്‍ അവധിയായിരിക്കും. മിക്ക സ്വകാര്യ സ്ഥാപനങ്ങളും ശനിയാഴ്ച കൂടി അവധി നല്‍കും.
അതുകൊണ്ടു തന്നെ വിദേശികളില്‍ പലരും പെരുന്നാളാഘോഷം നാട്ടിലാക്കാനാണ് സാധ്യത. മൂന്നോ നാലോ ദിവസത്തെ അവധിക്കു നാട്ടില്‍ പോയിവരാന്‍ ആളുകള്‍ നേരത്തെ തന്നെ തയാറെടുപ്പ് തുടങ്ങി.
വിമാന ടിക്കറ്റിന് ഇപ്പോള്‍ തന്നെ ആവശ്യക്കാര്‍ ഏറെയാണ്. കേരളത്തിലേക്ക് മുംബൈ, ബംഗളൂരു വഴിയുള്ള ടിക്കറ്റിനും ആവശ്യക്കാര്‍ ഏറെ. പെരുന്നാള്‍ അവധി കണക്കിലെടുത്ത് എയര്‍ ഇന്ത്യ കൂടുതല്‍ സര്‍വീസുകള്‍ ഏര്‍പ്പെടുത്തണമെന്ന് വ്യാപകമായി ആവശ്യം ഉയര്‍ന്നിട്ടുണ്ട്.
ഇതിനിടെ, എയര്‍ ഇന്ത്യ സൗജന്യ ലഗേജ് 20 കിലോ ആയി കുറച്ചതിനെതിരെ പ്രതിഷേധം ശക്തമായി. കേന്ദ്ര വ്യോമയാന സഹമന്ത്രി കെ സി വേണുഗോപാല്‍ ഇതുസംബന്ധിച്ച് വിശദീകരണം തേടിയിട്ടുണ്ട്. യാത്രക്കാരുടെ ബാഹുല്യം കണക്കിലെടുത്താണ് നടപടിയെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം. 30 കിലോ ലഗേജ് അനുവദിക്കുമ്പോള്‍ 25 ഓളം സീറ്റുകള്‍ ഒഴിച്ചിടേണ്ടി വരുന്നുവത്രെ.

Latest