വീട്ടുജോലിക്കാരിയെ കൊന്ന സ്വദേശി വനിതക്ക് മൂന്നു വര്‍ഷം തടവ്‌

Posted on: July 31, 2013 8:39 pm | Last updated: July 31, 2013 at 8:39 pm

അബുദാബി: വീട്ടുജോലിക്കാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ സ്വദേശി വനിതക്ക് മൂന്നു വര്‍ഷം തടവ്. ദേഹത്ത് ചൂടുവെള്ളം ഒഴിച്ചതും ഷോക്കടിപ്പിച്ചതുമാണ് ഏഷ്യന്‍ വംശജയായ വീട്ടുജോലിക്കാരിയുടെ മരണത്തിന് ഇടയാക്കിയതെന്ന് അന്വേഷണത്തില്‍ വ്യക്തമായിരുന്നു. മൂന്‍കൂട്ടി ആസൂത്രണം ചെയ്താണ് കൊല നടത്തിയതെന്ന് കോടതി നിരീക്ഷിച്ചു.
പ്രതിക്ക് മാപ്പ് നല്‍കാന്‍ കൊല്ലപ്പെട്ട വീട്ടുജോലിക്കാരിയുടെ ബന്ധുക്കള്‍ തയ്യാറായതിനാല്‍ അവര്‍ക്ക് ചോരപ്പണം നല്‍കാനും വിധി പ്രസ്താവിച്ച ന്യായാധിപന്‍ ഉത്തരവിട്ടു. സ്വദേശി സ്ത്രീയുടെ മകനാണ് വീട്ടുജോലിക്കാരിയെ കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് നടന്ന പരിശോധനയില്‍ മരണ കാരണം മാരകമായി അടിയേറ്റതും ചൂടുവെള്ളം ദേഹത്ത് ഒഴിച്ചതുമാണെന്ന് ഫോറന്‍സിക് പരിശോധന ഉള്‍പ്പെടെയുള്ള അന്വേഷണങ്ങളില്‍ കണ്ടെത്തിയിരുന്നു. സ്വദേശി സ്ത്രീ പെണ്‍കുട്ടികളുടെ സഹായത്തോടെ കൊലപാതകം മറച്ചുവെക്കാനും നിഷേധിക്കാനുമായിരുന്നു ശ്രമിച്ചത്. ഇതിന്റെ ഭാഗമായി കൊലക്ക് ശേഷം വസ്ത്രം മാറുകയും പെണ്‍കുട്ടികളോട് അങ്ങിനെ ചെയ്യാന്‍ പ്രേരിപ്പിക്കുകയും ചെയ്തിരുന്നു.
കൈയില്‍ കിട്ടുന്ന ഉപകരണങ്ങള്‍ ഉപയോഗിച്ച് മാതാവ് വീട്ടുജോലിക്കാരിയെ ഉപദ്രവിക്കുമായിരുന്നുവെന്ന് കോടതയില്‍ വ്യക്തമാക്കിയിരുന്നു. മുന്‍ ഭര്‍ത്താവിന് വീട്ടുജോലിക്കാരിയുമായി ബന്ധമുണ്ടെന്ന് അറിഞ്ഞതിന് ശേഷം വീട്ടുജോലിക്കാരികളെ ഉപദ്രവിക്കുന്ന മാനസിക അസുഖം തനിക്ക് ഉണ്ടായെന്നായിരുന്നു സ്വദേശി വനിതയുടെ വാദം.