കരിപ്പൂര്‍: റണ്‍വേയുടെ നീളക്കുറവ് സുരക്ഷാ പ്രശ്‌നം സൃഷ്ടിക്കുന്നുവെന്ന് കേന്ദ്രം

Posted on: July 31, 2013 5:12 pm | Last updated: July 31, 2013 at 5:12 pm

karippurകോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവള റണ്‍വേയുടെ നീളക്കുറവ് സുരക്ഷാ പ്രശ്‌നം സൃഷ്ടിക്കുന്നുവെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം. ഇക്കാര്യം ചൂണ്ടിക്കാട്ടി സിവില്‍ വ്യോമയാന മന്ത്രാലയം സെക്രട്ടറി കെ എന്‍ ശ്രീവാസ്തവ ഐ എ എസ്  സംസ്ഥാന ചീഫ് സെക്രട്ടറി ഭരത് ഭൂഷണ് കത്തയച്ചു. വിമാനത്താവള റണ്‍വേ വികസനത്തിന് ആവശ്യമായ 238 ഏക്കര്‍ ഭൂമി ഉടന്‍ ഏറ്റെടുത്ത് നല്‍കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

കരിപ്പൂരിലെ റണ്‍വേയുടെ നീളക്കുറവ് അപകട സാഹചര്യമൊരുക്കുന്നുവെന്നാണ് കത്തില്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. നീളം കുറഞ്ഞ റണ്‍വേയില്‍ എമിറേറ്റ്‌സ് എയര്‍ലൈന്‍സിന്റെത് ഉള്‍പ്പെടെയുള്ള വലിയ വിമാനങ്ങള്‍ ഇറങ്ങുന്നത് റണ്‍വേക്ക് കേടുപാടുകള്‍ സംഭവിക്കാന്‍ ഇടയാക്കുന്നുണ്ട്. കനത്ത മഴയും റണ്‍വേ തകരാറിലാകാന്‍ ഇടയാക്കുന്നു. ഈ സാഹചര്യത്തില്‍ റണ്‍വേ വിവകസനത്തിന് ആവശ്യമായ ഭൂമി ഉടന്‍ ഏറ്റെടുത്ത് നല്‍കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.