റെയില്‍വെ പോലീസ് സ്റ്റേഷന്‍ കെട്ടിടത്തിനു മുകളിലുളള റിട്ടയര്‍ റൂമുകളില്‍ അനാശാസ്യമെന്ന് ആക്ഷേപം

Posted on: July 31, 2013 2:23 am | Last updated: July 31, 2013 at 2:23 am

കണ്ണൂര്‍: കണ്ണൂര്‍ റെയില്‍വെ പോലീസ് സ്റ്റേഷന്‍ കെട്ടിടത്തിനു മുകളിലുളള റിട്ടയര്‍റൂമുകള്‍ ചിലര്‍ അനാശാസ്യത്തിനായി ഉപയോഗിക്കുന്നതായി ആക്ഷേപം. എന്നാല്‍ നടപടിയെടുക്കാന്‍ കഴിയാതെ നിസഹായരാണു തങ്ങളെന്നാണു റെയില്‍വെ പോലീസ് പറയുന്നത്. രാത്രിയില്‍ റെയില്‍വെ സ്‌റ്റേഷനിലെത്തുന്ന യാത്രക്കാര്‍ക്കു താമസിക്കുന്നതിനായി ഏര്‍പ്പെടുത്തിയിരിക്കുന്ന അഞ്ച് മുറികളാണു ചിലര്‍ അനാശാസ്യത്തിനായി ഉപയോഗിക്കുന്നത്.
സിംഗിള്‍ റൂമിനു 200 രൂപയും ഡബിള്‍ റൂമിനു 300 രൂപയും എസി റൂമിനു 700 രൂപയും മാത്രമാണു ചാര്‍ജ്. റെയില്‍വെ പോലീസ് സ്‌റ്റേഷന്റെ തൊട്ടുമുകളിലായി പ്രവര്‍ത്തിക്കുന്ന ലോഡ്ജ് ആയതിനാല്‍ പോലീസിന്റെ റെയ്ഡ് ഉണ്ടാകാറില്ല.
യാത്രചെയ്ത റെയില്‍വെ ടിക്കറ്റ് മാത്രമാണു റിട്ടയര്‍ റൂമുകള്‍ ലഭിക്കാന്‍ യാത്രക്കാരോട് ആവശ്യപ്പെടുന്നത്. ലോഡ്ജുകളിലും മറ്റും തിരിച്ചറിയല്‍ രേഖകള്‍ നിര്‍ബന്ധമാക്കിയിട്ടുണ്ടെങ്കിലും ഇത്തരം നിബന്ധനകള്‍ പാലിക്കാന്‍ റെയില്‍വെ ഇതുവരെ ഉത്തരവ് നല്‍കിയിട്ടില്ല. ഡി വൈ എസ് പിയുടെ അറിവോടെ റെയില്‍വെ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് മാത്രമെ റെയില്‍വെ റിട്ടയര്‍ റൂമുകളില്‍ പരിശോധന നടത്താന്‍ പാടുളളൂ എന്നാണു റെയില്‍വെയിലെ ഉന്നത ഉദ്യോഗസ്ഥര്‍ കീഴുദേ്യാഗസ്ഥര്‍ക്കു നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.
റെയില്‍വെ ഡി വൈ എസ് പി പാലക്കാടും സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കോഴിക്കോടുമാണുളളത്. അതിനാല്‍ ഈ ജില്ലകളിലൊഴികെ മറ്റു ജില്ലകളിലെ റെയില്‍വെ സറ്റേഷനുകളില്‍ പരിശോധന കാര്യമായി നടക്കാറില്ല. റിട്ടയര്‍ റൂമുകളുടെ പൂര്‍ണചുമതല റെയില്‍വെയിലെ കമേഴ്ഷ്യല്‍ വിഭാഗങ്ങള്‍ക്കാണ്.
പക്ഷേ കമേഴ്ഷ്യല്‍ വിഭാഗത്തിലെ ഉദ്യോഗസ്ഥര്‍ ഇവിടേക്കു തിരിഞ്ഞു നോക്കാറില്ലെന്നും ആക്ഷേപമുണ്ട്. റിട്ടയര്‍ റൂമുകളിലെ ജീവനക്കാര്‍ താത്കാലിക അടിസ്ഥാനത്തില്‍ ജോലിനോക്കുന്നവരായതിനാല്‍ ഇവര്‍ക്കും പരിമിതികളേറെയുണ്ട്.