മൊടവണ്ണയില്‍ തോണി സര്‍വീസ് നിര്‍ത്തി

Posted on: July 31, 2013 2:06 am | Last updated: July 31, 2013 at 2:06 am

നിലമ്പൂര്‍: നിലമ്പൂര്‍ നഗരസഭയെയും ചാലിയാര്‍ ഗ്രാമ പഞ്ചായത്തിലെ മൊടവണ്ണയെയും തമ്മില്‍ ബന്ധിപ്പിക്കുന്ന മൊടവണ്ണ കടവിലെ തോണി സര്‍വീസ് കഴിഞ്ഞ അഞ്ച് ദിവസമായി നിര്‍ത്തിവെച്ചത് ഈ മേഖലയില്‍ യാത്രക്ക് ആശ്രയിക്കുന്നവര്‍ക്ക് ദുരിതമായി. ദൈനംദിന കാര്യങ്ങള്‍ക്കായി നിലമ്പൂരിലേക്ക് പോകുന്ന നൂറുകണക്കിന് ആളുകള്‍ക്ക് തോണി സര്‍വീസ് നിര്‍ത്തിയത് ഏറെ വലച്ചു. വൃദ്ധരും രോഗികളും വിദ്യാര്‍ഥികളുമാണ് ഇതുകൊ് എാറെ പ്രയാസത്തിലായിരിക്കുന്നത്.
മൊടവണ്ണ നിന്നും അര കിലോമീറ്റര്‍ ആണ് നിലമ്പൂരിലെത്താനുള്ള ദൂരം. എന്നാല്‍ തോണി നിര്‍ത്തിയതോടെ മണ്ണൂപ്പാടം വഴി വളഞ്ഞുവരാന്‍ ഏകദേശം 15 കിലോ മീറ്ററോളം ദൂരം അധികം നടക്കണം.
എന്നാല്‍ മൊടവണ്ണയിലേക്കുള്ള റോഡ് തകര്‍ന്നതിനാല്‍ ഓട്ടോറിക്ഷയടക്കമുള്ള വാഹനങ്ങള്‍ ഈ വഴി സര്‍വീസ് നടത്താന്‍ മടികാണിക്കുകയാണ്. ഈ വഴി ഓടിയിരുന്ന ഏക കെ എസ് ആര്‍ ടി സി ബസ്സും ഓട്ടം നിര്‍ത്തിയിരിക്കയാണ്.
മഴ കനത്തതോടെ പ്രദേശത്ത് നിന്നും ആസ്പത്രിയിലേക്ക് പോകാനാണ് ജനങ്ങള്‍ ഏറെ പ്രയാസപ്പെടുന്നത്. റോഡ് ഇരു ചക്ര വാഹനങ്ങള്‍ക്ക് പോലും ഓടാന്‍ കഴിയാത്ത വിധം തകര്‍ന്നിരിക്കയാണ്. പ്രശ്‌നത്തിന് ശാശ്വത പരിഹാരം വേണമെന്ന ആവശ്യം ശക്തമായി.