Connect with us

International

ആഗ്രയില്‍ നിന്ന് പാക്കിസ്ഥാന്റെ അമരത്തേക്ക്

Published

|

Last Updated

 ഇസ്‌ലാമാബാദ്: പാക്കിസ്ഥാന്റെ പന്ത്രണ്ടാം പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത് മംനൂന്‍ ഹുസൈന്റെ വേരുകള്‍ ഇന്ത്യയില്‍. പ്രധാനമന്ത്രി നവാസ് ശരീഫിന്റെ അടുത്ത അനുയായിയും പാക് മുസ്‌ലിം ലീഗി (എന്‍)ന്റെ മുതിര്‍ന്ന നേതാവും കൂടിയായ മംനൂന്‍ ആഗ്രയിലാണ് ജനിച്ചത്. 1947ലെ ഇന്ത്യാ-പാക് വിഭജനത്തിന് ശേഷം പാക്കിസ്ഥാനിലേക്ക് കുടിയേറിയ മംനൂന്‍ 1969ലാണ് പാക് രാഷ്ട്രീയത്തില്‍ അരങ്ങേറ്റം കുറിക്കുന്നത്. സൈന്‍ നൂറാനി മുസ്‌ലിം ലീഗിന്റെ പ്രസിഡന്റായപ്പോള്‍ പാര്‍ട്ടിയുടെ കറാച്ചി ഘടകം ജോയിന്റ് സെക്രട്ടറിയായിരുന്നു മംനൂന്‍. പിന്നീട് പാര്‍ട്ടിയുടെ നേതൃസ്ഥാനത്തേക്കും രാജ്യത്തിന്റെ അമരത്തേക്കുമുള്ള മംനൂന്റെ ഉയര്‍ച്ച വേഗത്തിലായിരുന്നു.

ചെറുകിട വസ്ത്ര വ്യാപാര വ്യവസായിയായിരുന്ന മംനൂന് രാഷ്ട്രീയ ജീവതത്തില്‍ തുണയായത് തന്റെ തൊഴില്‍ തന്നെയായിരുന്നു. കറാച്ചിയിലെ പ്രമുഖ വ്യവസായിയായിരുന്ന നവാസ് ശരീഫുമായും അദ്ദേഹത്തിന്റെ കുടുംബവുമായും അടുത്ത ബന്ധം പുലര്‍ത്തിയ മംനൂന്‍ വളരെ പെട്ടെന്ന് രാഷ്ട്രീയ ജീവത്തിലേക്ക് കാലെടുത്ത് വെച്ചു. 1993ല്‍ നവാസ് ശരീഫ് പ്രതിപക്ഷ നേതാവായ കാലത്താണ് മംനൂന്‍ പാര്‍ട്ടിയില്‍ നിറ സാന്നിധ്യമായതും പാക് രാഷ്ട്രീയത്തില്‍ ശ്രദ്ധിക്കപ്പെട്ടതും. സിന്ധ് പ്രവിശ്യാ മുഖ്യമന്ത്രിയായിരുന്ന ലിയാഖത്ത് അലി ജതോയിയുടെ മുഖ്യ ഉപദേഷ്ടാവായി പ്രവര്‍ത്തിച്ച മംനൂന്‍ പിന്നീട് 1999ല്‍ സിന്ധ് ഗവര്‍ണറായി ചുമതലയേറ്റു. മറ്റ് പാര്‍ട്ടികളുമായി നല്ല സൗഹൃദം പുലര്‍ത്തുന്ന നേതാവാണ് അദ്ദേഹം. പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥിയാകാന്‍ ഇതും അദ്ദേഹത്തെ തുണച്ചു.

 

Latest