Connect with us

Articles

മഴ പെയ്താല്‍ തീരില്ല വൈദ്യുതി പ്രതിസന്ധി

Published

|

Last Updated

സമീപകാലത്ത് അനുഭവിച്ച ഏറ്റവും കടുത്ത വേനലിനൊടുവില്‍ മഴ കേരളത്തെ കനിഞ്ഞനുഗ്രഹിച്ചിരിക്കുകയാണ്. ഇക്കഴിഞ്ഞ വര്‍ഷം കഴിഞ്ഞ 20 വര്‍ഷങ്ങളിലെ എറ്റവും കുറഞ്ഞ മഴയും നീരൊഴുക്കുമാണ് രേഖപ്പെടുത്തിയതെങ്കില്‍, ഇന്നിപ്പോള്‍, 40 ശതമാനം അധിക മഴ ലഭിച്ചുകഴിഞ്ഞു. നല്ല മഴ കാരണം സംസ്ഥാനത്തെ ജലവൈദ്യുത പദ്ധതികളിലെ അണക്കെട്ടുകളില്‍ കഴിഞ്ഞ 10 വര്‍ഷത്തിനിടയിലെ എറ്റവും ഉയര്‍ന്ന ജലനിരപ്പ് രേഖപ്പെടുത്തിയെന്നത് ആശ്വാസമേകുന്നു എന്നതില്‍ തര്‍ക്കമില്ല. ഈ ആശ്വാസവും ആത്മവിശ്വാസവും കേരളത്തിന്റെ ഓരോ മുക്കിലും മൂലയിലും നടക്കുന്ന ചര്‍ച്ചകളിലും സ്വകാര്യ സംഭാഷണങ്ങളിലും പങ്ക് വെക്കുന്ന ജനങ്ങള്‍ സ്വാഭാവികമായും കരുതുന്നത് കേരളത്തിലെ വൈദ്യുതി പ്രതിസന്ധി മൊത്തത്തില്‍ ഒഴിവായിക്കഴിഞ്ഞു എന്നാണ്. അണക്കെട്ടുകളില്‍ വേണ്ടത്ര വെള്ളമുള്ളതിനാല്‍ ഇനി വൈദ്യുതിക്ഷാമം ഒരു പ്രശ്‌നമാകില്ല എന്ന് പലരും വിശ്വസിക്കുന്നു. മാത്രമല്ല മഴക്കാലത്ത് പ്രതിദിന ഉപഭോഗത്തില്‍ കാര്യമായ കുറവ് കൂടി ഉണ്ടായ സ്ഥിതിക്ക് ഇനി ഒരു കുഴപ്പവുമില്ല എന്ന ചിന്തയും പലര്‍ക്കുമുണ്ട്. ഇതിനുപുറമേ, ജലവൈദ്യുത പദ്ധതികളില്‍ ഉത്പാദനം ഗണ്യമായി കൂടിയ സാഹചര്യത്തില്‍ അധിക വൈദ്യുതി വില്‍ക്കുന്നതിനു പകരം ഇപ്പോഴത്തെ വൈദ്യുതി നിരക്കില്‍ കുറവ് വരുത്തിയാല്‍ പോരേ എന്നു ചോദിക്കുന്നവരുമുണ്ട്. പ്രത്യക്ഷത്തില്‍ പ്രതിസന്ധി ഇല്ലെന്നതു നേര് തന്നെയെങ്കിലും വൈദ്യുതിലഭ്യത സംബന്ധിച്ച വസ്തുതകള്‍ വിശദമായി പരിശോധിച്ചാല്‍ ഇപ്പോഴത്തെ ആശ്വാസത്തില്‍ വലിയ കഴമ്പില്ല എന്ന് മനസ്സിലാകും.
കനത്ത മഴ പെയ്യുമ്പോഴും ജലസംഭരണികള്‍ മുമ്പെങ്ങുമില്ലാത്തപോലെ നിറയുമ്പോഴും നമ്മളില്‍ പലരും അറിയാതെപോകുന്ന ഒരു വസ്തുതയുണ്ട്. മഴ കൊണ്ടു മാത്രം സംസ്ഥാനത്തെ വൈദ്യുതി ആവശ്യം നിറവേറ്റാനാകില്ല. മാത്രമല്ല, രാവിലെയും വൈകിട്ടുമുള്ള പീക്ക് സമയത്ത് (അതായത് രാവിലെ ആറ് മുതല്‍ ഒന്‍പത് വരെയും വൈകിട്ട് ആറ് മുതല്‍ രാത്രി 10 മണിവരെയും) വൈദ്യുതി ആവശ്യം വളരെയധികം കൂടുന്നുമുണ്ട്. ജലവൈദ്യുതിയില്‍ നിന്ന് ലഭിക്കാവുന്നതിനേക്കാള്‍ ഇരട്ടി വൈദ്യുതി ഈ സമയങ്ങളില്‍ കേരളത്തിനാവശ്യമാണ്. കേരളത്തില്‍ ചില മാസങ്ങളില്‍ ഏറ്റവും കൂടുതല്‍ ഉപഭോഗസാധ്യതയുള്ള സമയത്ത് നമുക്ക് വേണ്ടത് 3515 മെഗാവാട്ട് വൈദ്യുതിയാണ്. കേരളത്തിലെ മുഴുവന്‍ ഡാമുകളും നിറഞ്ഞാലും ജലവൈദ്യുത നിലയങ്ങളില്‍ നിന്ന് ലഭിക്കുന്ന പരമാവധി വൈദ്യുതിയുടെ തോത് 1600 മെഗാവാട്ട് മാത്രമാണ്. ഇതിനു പുറമെ കേന്ദ്ര വിഹിതമായി ആയിരം മെഗാവാട്ട് വൈദ്യുതി ലഭിക്കുന്നുണ്ടെങ്കിലും വീണ്ടും ദിവസേന 500 മെഗാവാട്ട് കമ്മിയാണ്. ഈ സ്ഥിതിക്ക്, നമ്മുടെ വൈദ്യുതി ആവശ്യം നിറവേറ്റാന്‍ പീക്ക് ലോഡ് സമയത്ത് വൈദ്യുതി മറ്റ് സ്രോതസ്സുകളില്‍ നിന്ന് കണ്ടെത്തുകയോ ഏജന്‍സികളില്‍ നിന്ന് വാങ്ങുകയോ അല്ലാതെ മറ്റ് വഴിയില്ല.
വര്‍ഷം മുഴുവന്‍ മഴ പെയ്താലോ?

ഇപ്പോള്‍ നല്ല മഴ പെയ്യുന്നതിനാല്‍ വൈദ്യുതി ഉപഭോഗത്തില്‍ താരതമ്യേന കുറവുണ്ടായിട്ടുണ്ടെന്നത് നേരാണ്. നല്ല മഴയുള്ളപ്പോള്‍ പ്രതിദിനം അഞ്ച് കോടി മുതല്‍ 5.2 കോടി വരെ യൂനിറ്റ് ആണ് സംസ്ഥാനത്തെ ഉപഭോഗം. മഴ കുറയുമ്പോള്‍ ഇത് 5.3 കോടി യൂനിറ്റിനും 5.5 കോടി യൂനിറ്റിനുമിടയിലാകും. എന്നാല്‍, ഇന്ന് ഒരു ദിവസം ജലവൈദ്യുതപദ്ധതികളില്‍ നിന്ന് 2.4 കോടി യൂനിറ്റ് മുതല്‍ 2.5 കോടി യൂനിറ്റ് വരെ ഉത്പാദിപ്പിക്കാനുള്ള സ്ഥാപിതശേഷി മാത്രമേ കേരളത്തിനുള്ളൂ.
സാധാരണയായി ജൂണ്‍ മുതല്‍ നവംബര്‍ വരെയാണ് മഴ ലഭിക്കാറ്. ഡിസംബര്‍ മുതല്‍ മേയ് വരെയുള്ള അവസ്ഥ ഏവര്‍ക്കുമറിയാവുന്നതാണ്. ഇപ്പോള്‍ തകര്‍ത്തുപെയ്യുന്ന മഴയുടെ ശക്തി മിക്കവാറും ആഗസ്റ്റ് മാസത്തോടെ കുറയുമെന്ന സൂചനയുമുണ്ട്. അതുകൊണ്ടുതന്നെ, മഴ നന്നായി ലഭിക്കുന്ന ഈ സമയത്ത് ചില വൈദ്യുതി നിലയങ്ങളുടെ മുഴുവന്‍ ശേഷിയും വിനിയോഗിക്കേണ്ടതുണ്ട്. പൊതുവായിപ്പറഞ്ഞാല്‍, ഇടുക്കി, ഇടമലയാര്‍, ശബരിഗിരി എന്നിവ ഒഴികെയുള്ള പദ്ധതികളില്‍ സംഭരണശേഷി കുറവായതിനാല്‍, ജലം ലഭ്യമായ ഈ സമയത്ത് അവിടങ്ങളില്‍ പരമാവധി ഉത്പാദനം നടത്തിയേ മതിയാകൂ. ഇത്തരം ചെറിയ പദ്ധതികളില്‍ നിന്ന് ഈ രീതിയില്‍ 800 മെഗാവാട്ട് വരെ ഉത്പാദിപ്പിക്കാനാകും. സംഭരണശേഷി കുറഞ്ഞ ഈ പദ്ധതികളില്‍ ഇങ്ങനെ ഉത്പാദനം നടത്തിയില്ലെങ്കില്‍ ഇവിടങ്ങളിലെ ജലം ഒഴുകിപ്പോകും. കേരളത്തില്‍ 365 ദിവസവും മഴ പെയ്യുക എന്നത് അസംഭവ്യമാണെന്ന് ഏവര്‍ക്കും അറിയാം. എന്നാല്‍, വാദത്തിനുവേണ്ടി ഇങ്ങനെ ഒരു സാഹചര്യം ഒന്ന് സങ്കല്‍പ്പിച്ചുനോക്കൂ. എങ്കില്‍ പോലും നമുക്ക് ജലവൈദ്യുത പദ്ധതികളില്‍ നിന്ന് ഉത്പാദിപ്പിക്കാവുന്നത് 414 കോടി യൂനിറ്റ് വൈദ്യുതി മാത്രമാണ്. ഈ വര്‍ഷത്തെ കണക്കുവെച്ച് ഒരു വര്‍ഷം കേരളത്തിനു വേണ്ടത് 2200 കോടി യൂനിറ്റാണ്. കഴിഞ്ഞ വര്‍ഷം ഇത് 2100 കോടിയായിരുന്നു. പ്രതിവര്‍ഷം ആയിരം കോടി യൂനിറ്റ് അധികമായി വേണ്ടിവരുന്ന സാഹചര്യത്തില്‍ മഴയെ മാത്രം ആശ്രയിക്കുന്നത് വരും കാലത്തേക്കെന്നുമാത്രമല്ല ഇപ്പോള്‍ പോലും പ്രായോഗികമേയല്ല.

അടിസ്ഥാന പ്രശ്‌നം സ്ഥാപിത ശേഷിക്കുറവ്

ദൈനംദിനാവശ്യത്തിനു വേണ്ട വൈദ്യുതി ഉത്്പാദിപ്പിക്കാനുള്ള സ്ഥാപിതശേഷി ഇല്ലെന്നതാണ് കേരളത്തില്‍ വൈദ്യുതിയുമായി ബന്ധപ്പെട്ട അടിസ്ഥാന പ്രശ്‌നം. 1990ന് മുമ്പുണ്ടായിരുന്ന ഊര്‍ജ ആവശ്യം പരിഹരിക്കാന്‍ പോന്നത്ര ഉത്പാദനശേഷിയേ നമുക്ക് ഇന്നും ഉള്ളൂ. അക്കാലത്ത് ആസൂത്രണം ചെയ്ത് നടപ്പാക്കിയ ചില പദ്ധതികള്‍ക്കു ശേഷം പുതിയ വൈദ്യുതി ഉത്പാദന സൗകര്യങ്ങള്‍ സംസ്ഥാനത്ത് ഉണ്ടായിട്ടില്ലെന്നുതന്നെ പറയാം. നിരവധി പദ്ധതികള്‍ പരിസ്ഥിതിയുമായി ബന്ധപ്പെട്ട അനുമതി ലഭിക്കാതെ മുടങ്ങിക്കിടക്കുന്നു. ഈ പദ്ധതികളുടെ മുന്‍ഗണനാക്രമത്തിന്റെ കാര്യത്തില്‍ സമന്വയവും അനിവാര്യമാണ്. ഇപ്പോള്‍ തന്നെ, പല എതിര്‍പ്പുകളും തരണം ചെയ്ത് നമുക്ക് ബാരാപ്പോള്‍, വിലങ്ങാട് എന്നീ ചെറു ജലവൈദ്യുതപദ്ധതികളുടെ നിര്‍മാണവുമായി മുന്നേറാന്‍ കഴിഞ്ഞിട്ടുണ്ട്. എങ്കിലും, ആതിരപ്പള്ളി പോലുള്ളവ എങ്ങനെ നടപ്പാക്കാമെന്നതിനെക്കുറിച്ച് ഒരു പുനര്‍ചിന്തനം ആവശ്യമാണ്. പല തടസ്സങ്ങളും മൂലം നമുക്ക് നടപ്പാക്കാനാകാതെ പോയ പദ്ധതികളെല്ലാം ഇന്ന് പ്രവര്‍ത്തനക്ഷമമായിരുന്നുവെങ്കില്‍ എന്ന് പലരും ആലോചിക്കുന്നുണ്ടാകും. അങ്ങനെ ഒരു സാങ്കല്‍പ്പിക സ്ഥിതി ഉണ്ടായാല്‍ പോലും എല്ലാ ജലവൈദ്യുതപദ്ധതികളില്‍ നിന്നുമായി നമുക്ക് കിട്ടാവുന്ന വൈദ്യുതിയുടെ അളവ് ഏറിയാല്‍ 3.4 കോടി യൂനിറ്റാണ്. എങ്ങനെ നോക്കിയാലും പ്രതിദിനം രണ്ട് കോടി യൂനിറ്റിന്റെ കുറവ്. അതായത്, ഇന്നത്തെ ആവശ്യത്തിനുവേണ്ട സ്ഥാപിത ശേഷിയില്‍ നിന്നും 1514 മെഗാവാട്ടിന്റെ കുറവുണ്ടെന്നതാണ് നമ്മുടെ പ്രശ്‌നം. ഈ കുറവാകട്ടെ, വര്‍ഷങ്ങള്‍ കഴിയുന്തോറും വര്‍ധിച്ചുവരികയും ചെയ്യുന്നു. കാരണം, ഓരോ വര്‍ഷവും ബോര്‍ഡ് നല്‍കുന്ന പുതിയ കണക്ഷനുകളിലൂടെ ഉപഭോഗത്തില്‍ ഏഴ് മുതല്‍ എട്ട് ശതമാനം വരെ വര്‍ധനയുണ്ടാകുന്നത് പതിവാണ്. ഈ വര്‍ധനക്കൊത്തുയരാന്‍തക്കവണ്ണം വൈദ്യുതി ഉത്പാദനത്തിനുള്ള സ്ഥാപിതശേഷി കൂട്ടാന്‍ നമുക്ക് കഴിയുന്നുമില്ല.

അസാധ്യം, പൂര്‍ണമായ ശേഷിവിനിയോഗം 

സ്ഥാപിതശേഷിയെക്കുറിച്ച് പറയുമ്പോള്‍ പലരും ശ്രദ്ധിക്കാത്ത ചില വസ്തുതകളുണ്ട്. വൈദ്യുതി നിലയങ്ങളുടെ സ്ഥാപിതശേഷിയുടെ 80 ശതമാനം എങ്കിലും പൂര്‍ണമായി വിനിയോഗിക്കാന്‍ കഴിയുന്നതുതന്നെ വലിയ കാര്യമാണ്. ഒരുദാഹരണമായി ഇടുക്കിയിലെ കാര്യമെടുക്കാം. അവിടെയുള്ള 130 മെഗാവാട്ടിന്റെ ആറ് ജനറേറ്ററുകളില്‍ അഞ്ചെണ്ണം മാത്രമേ ഓരേ സമയം പ്രവര്‍ത്തിപ്പിക്കാനാകൂ. ഒരു യന്ത്രം വര്‍ഷത്തില്‍ ഒരു മാസമെങ്കിലും അറ്റകുറ്റപ്പണികള്‍ക്കായി നിര്‍ത്തിവെക്കേണ്ടിവരുമെന്നതിനാലാണിത്. ഈ മെയിന്റനന്‍സ് ആകട്ടെ, കൃത്യമായി നടത്തേണ്ടതുമാണ്. സ്ഥാപിതശേഷി മൊത്തമായി വിനിയോഗിക്കാന്‍ സാധിക്കില്ല എന്നത് ജലവൈദ്യുത പദ്ധതിക്കു മാത്രമല്ല, മറ്റെല്ലാ ഉത്പാദനകേന്ദ്രങ്ങള്‍ക്കും ബാധകമാണ്. അതുകൊണ്ടുതന്നെ, രണ്ടായിരം മെഗാവാട്ട് ശേഷിയില്‍ നിന്ന് മഴക്കാലത്ത് 1500 മെഗാവാട്ട് മുതല്‍ 1600 മെഗാവാട്ട് വരെയും വേനലില്‍ ഏറിയാല്‍ 1700 മെഗാവാട്ട് വരെയും മാത്രമേ ഉത്പാദിപ്പിക്കാനാകൂ എന്നതും മറന്നുകൂടാ.
നേരത്തേ ആസൂത്രണം ചെയ്ത ചില ജലവൈദ്യുതനിലയങ്ങളുടെ നിര്‍മാണം ഉള്‍പ്പെടെ പല പുതിയ പദ്ധതികളും 2017 ല്‍ പ്രവര്‍ത്തനസജ്ജമാകും. എന്നാല്‍, അന്നത്തെ പീക്ക് സമയത്തെ വൈദ്യുതി ആവശ്യം ഇന്നത്തെ 3515 മെഗാവാട്ടില്‍ നിന്ന് 4931 മെഗാവാട്ടായി ഉയരും. അതുകൊണ്ടുതന്നെ 2017ന് ശേഷം എന്ത് എന്ന ചിന്തക്ക് പ്രസക്തി ഏറുന്നു. മാത്രമല്ല, 2021-22ല്‍ വൈദ്യുതി ആവശ്യം 6100 മെഗാവാട്ടായിരിക്കുമെന്നാണ് ഇപ്പോഴത്തെ കണക്ക്. അതിനര്‍ഥം, കഴിഞ്ഞ 56 വര്‍ഷം കൊണ്ട് വൈദ്യുതി ബോര്‍ഡ് വര്‍ധിപ്പിച്ചെടുത്ത ശേഷിയുടെ ഇരട്ടി (ഏതാണ്ട് 4000 മെഗാവാട്ട്) അടുത്ത വെറും എട്ട് വര്‍ഷം കൊണ്ട് നാം കണ്ടെത്തണം. ഭാവി സംബന്ധിച്ച ഇത്തരം കണക്കുകൂട്ടലുകളിലും ചില അപൂര്‍ണതകളുണ്ടെന്ന് പറയാതെ വയ്യ. വല്ലാര്‍പാടം, വിഴിഞ്ഞം, സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിവരുന്ന കൊച്ചി മെട്രോ, മോണോ റെയില്‍, ഇന്‍ഫോപാര്‍ക്ക് പോലുള്ള പദ്ധതികള്‍ക്ക് എത്ര വൈദ്യുതി വേണ്ടിവരുമെന്ന കാര്യം, വാര്‍ഷിക ശരാശരി വര്‍ധനയുടെ അടിസ്ഥാനത്തില്‍ തിട്ടപ്പെടുത്തുന്ന ഇത്തരം കണക്കുകള്‍ പലപ്പോഴും പരിഗണിക്കാറില്ല.

വൈദ്യുതി നിരക്കും മഴയും തമ്മില്‍

വൈദ്യുതി ബോര്‍ഡ് ഒരു പൊതുമേഖല സ്ഥാപനമായിത്തന്നെ നിലനില്‍ക്കണമെന്നതും കഴിയുന്നത്ര കുറഞ്ഞ നിരക്കില്‍ വൈദ്യുതി ലഭ്യമാക്കണമെന്നതും സമൂഹം എക്കാലവും ഒന്നടങ്കം ഉന്നയിച്ചിട്ടുള്ള ഒരു ആവശ്യമാണ്. എന്നാല്‍, പൊതുമേഖലയില്‍ ഫലപ്രദമായ സേവനം നല്‍കി നിലനില്‍ക്കണമെങ്കില്‍ അതിനുള്ള ധനസ്ഥിതി കണ്ടെത്തണം. കഴിഞ്ഞ വര്‍ഷം മഴയുടെ തോതിലുണ്ടായ അഭൂതപൂര്‍വമായ കുറവ് മൂലം വൈദ്യുതി ബോര്‍ഡിനുണ്ടായ നഷ്ടം 2626 കോടി രൂപയാണ്. ഈ ബാധ്യത നിമിത്തം വരവും ചെലവും തമ്മിലുണ്ടാകുമെന്ന് കരുതപ്പെടുന്ന അന്തരം 3564 കോടിയും. ഇവിടെ മറ്റൊന്നുകൂടി ഓര്‍ക്കണം. പീക്ക് ലോഡ് സമയത്ത് ഉയര്‍ന്ന വിലക്ക് വാങ്ങുന്ന വൈദ്യുതി നാലിലൊന്ന് വിലക്കാണ് ബോര്‍ഡ് ഉപഭോക്താക്കള്‍ക്ക് നല്‍കുന്നത്. എന്നാല്‍, മുന്‍കാലങ്ങളിലുണ്ടാകുന്ന ഇത്തരം നഷ്ടങ്ങളെ കണക്കിലെടുക്കാതെയാണ് സാധാരണമായി വൈദ്യുതി നിരക്ക് പരിഷ്‌കരിക്കാറുള്ളത്. നഷ്ടം നികത്താനായി തെര്‍മല്‍ സര്‍ചാജ് ഈടാക്കാനുള്ള അനുമതിക്കായി വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ മുമ്പാകെ ഹരജി നല്‍കാനുള്ള അര്‍ഹത വൈദ്യുതി ബോര്‍ഡിനുണ്ടെങ്കിലും ഈ അപേക്ഷ നല്‍കാനുള്ള നടപടിയൊന്നും ബോര്‍ഡ് ഇപ്പോള്‍ എടുത്തിട്ടില്ല. ഈയിനത്തില്‍ 1800 കോടി രൂപ വൈദ്യുതി ബോര്‍ഡിന് കണ്ടെത്താനാകുമെന്നും അതുവഴി കുറച്ച് നഷ്ടം കുറക്കാനാകുമെന്നുമാണ് കണക്കുകൂട്ടല്‍. എന്നാല്‍, നല്ല മഴ ലഭിച്ചതിനെത്തുടര്‍ന്നുള്ള ഈ വര്‍ഷത്തെ അവസ്ഥ വിലയിരുത്തിയതിനു ശേഷമേ ഇക്കാര്യം പരിഗണിക്കേണ്ടതുള്ളൂ എന്നാണ് ഇപ്പോഴത്തെ തീരുമാനം. അതുകൊണ്ടുതന്നെ, ഇപ്പോള്‍ ഉത്പാദിപ്പിക്കുന്നതില്‍ മിച്ചം വരുന്ന വൈദ്യുതി പകലും രാത്രി 12 മുതല്‍ രാവിലെ ആറര വരെയും പവര്‍ എക്‌സ്‌ചേഞ്ചിനു നല്‍കി നിലവിലുള്ള ബാധ്യത കുറച്ചുവരികയാണ്. വൈദ്യുതി വില്‍ക്കുന്നുണ്ടെങ്കിലും അതുകൊണ്ട് ലാഭമുണ്ടാകുന്നില്ല എന്ന വസ്തുതയും കേരളത്തിലെ ജനങ്ങള്‍ അറിയേണ്ടതുണ്ട്. ഇപ്പോള്‍ ഉത്പാദിപ്പിക്കുന്ന അധിക വൈദ്യുതി മുന്‍കൂട്ടിയുള്ള ധാരണ പ്രകാരമല്ല വില്‍ക്കുന്നത്. വെറും താത്കാലികമായ ഈ വിപണിയിലൂടെ കിട്ടാവുന്ന വിലക്ക് സ്ഥിരതയുണ്ടാകില്ലെന്നുമാത്രമല്ല, അതിനൊരു പരിധിയുമുണ്ട്. ഇപ്പോള്‍ മറ്റു തെക്കന്‍ സംസ്ഥാനങ്ങളിലും മഴയുള്ളതിനാല്‍ കേരളത്തില്‍ നിന്ന് അധിക വൈദ്യുതി വാങ്ങുന്നവര്‍ നല്‍കാന്‍ തയ്യാറാകുന്ന വില യൂനിറ്റൊന്നിനു മൂന്ന് മുതല്‍ മൂന്നര വരെ രൂപ മാത്രമാണ്. ഉപഭോഗം വളരെ കുറയുന്ന രാത്രി പത്ത് മുതല്‍ രാവിലെ ആറ് വരെയുള്ള സമയത്ത് ചിലപ്പോ ള്‍ അതിലും താഴ്ന്ന വിലയേ ലഭിക്കാറുള്ളൂ. എന്നാല്‍ കേരളത്തില്‍ വൈദ്യുതി ഉപഭോഗം ഏറ്റവും കൂടുതലുള്ള സമയത്തെ ആവശ്യത്തിനായി നാം വൈദ്യുതി വാങ്ങുന്നത് യൂനിറ്റൊന്നിന് അഞ്ച് മുതല്‍ 5.50 വരെ രൂപ നല്‍കിയാണ്. കായംകുളത്തുനിന്നും ദ്രവീകൃത ഇന്ധന നിലയങ്ങളില്‍ നിന്നും വൈദ്യുതി എടുക്കുന്നതാകട്ടെ യൂനിറ്റിനു 11 മുതല്‍ 12.50 രൂപ വരെ നല്‍കിയാണ്.
ഇത് വ്യക്തമാക്കുന്നത് രണ്ട് കാര്യങ്ങളാണ്. ഒന്ന്, മഴ കൂടിയതുകൊണ്ട്, ലാഭമില്ല; ദിവസേനയുള്ള നഷ്ടം അല്‍പ്പം കുറക്കാമെന്നു മാത്രം. രണ്ട്, മഴയുടെ അധികലഭ്യതക്ക് വൈദ്യുതി നിരക്കിനുമേല്‍ സ്വാധീനം ചെലുത്താനുള്ള സാഹചര്യം കേരളത്തില്‍ ഇപ്പോള്‍ ഇല്ല.
എന്നാല്‍, ഇത് പറയുമ്പോള്‍, വരും കാലത്തെ വൈദ്യുതിലഭ്യതയെക്കുറിച്ച് ശുഭപ്രതീക്ഷയുണ്ട്. അടുത്ത വര്‍ഷം ലോഡ് ഷെഡിംഗ് ഒഴിവാക്കാനുള്ള നടപടികള്‍ വൈദ്യുതി ബോര്‍ഡ് സ്വീകരിച്ചുകഴിഞ്ഞു. കേസ് വണ്‍ ലേലത്തിലൂടെ 400 മെഗാവാട്ട് വൈദ്യുതി അടുത്ത മൂന്ന് കൊല്ലത്തേക്ക് ലഭ്യമാക്കാനുള്ള കരാറായിട്ടുണ്ട്. ഈ കരാറിനു സമാനമായ വ്യവസ്ഥയില്‍ 12 വര്‍ഷത്തേക്കോ അതില്‍ക്കൂടുതലോ ഉള്ള കാലത്തേക്ക് 500 മെഗാവാട്ട് വാങ്ങാന്‍ കരാറിനുള്ള നടപടികള്‍ പുരോഗമിക്കുന്നുമുണ്ടെന്നത് പ്രതീക്ഷക്ക് വക നല്‍കുന്നു.
അണക്കെട്ടുകളില്‍ വേണ്ടത്ര വെള്ളമുള്ളതിനാല്‍ ഇനി വൈദ്യുതി ഒരു പ്രശ്‌നമാകില്ല എന്ന് പലരും വിശ്വസിക്കുന്നു. പ്രത്യക്ഷത്തില്‍ പ്രതിസന്ധി ഇല്ലെന്നതു നേര് തന്നെയെങ്കിലും വൈദ്യുതിലഭ്യത സംബന്ധിച്ച വസ്തുതകള്‍ വിശദമായി പരിശോധിച്ചാല്‍ ഇപ്പോഴത്തെ ആശ്വാസത്തില്‍ വലിയ കഴമ്പില്ല എന്ന് മനസ്സിലാകും. കാരണം, മഴ കൊണ്ടു മാത്രം സംസ്ഥാനത്തെ വൈദ്യുതി ആവശ്യം നിറവേറ്റാനാകില്ല. രാവിലെയും വൈകീട്ടുമുള്ള പീക്ക് സമയത്ത് വൈദ്യുതി ആവശ്യം വളരെയധികം കൂടുന്നുമുണ്ട്. മഴ കൂടിയതുകൊണ്ട്, ലാഭമില്ല; ദിവസേനയുള്ള നഷ്ടം അല്‍പ്പം കുറക്കാമെന്നു മാത്രം. മഴയുടെ അധികലഭ്യതക്ക് വൈദ്യുതി നിരക്കിനുമേല്‍ സ്വാധീനം ചെലുത്താനുള്ള സാഹചര്യം കേരളത്തില്‍ ഇപ്പോള്‍ ഇല്ല.

Latest