കേരളത്തിലെ നിര്‍ധനരായ വൃക്ക രോഗികള്‍ക്ക് സൗജന്യ ഡയാലിസിസ്

Posted on: July 30, 2013 8:19 pm | Last updated: July 30, 2013 at 8:19 pm

kidneyദുബൈ: കേരളത്തിലെ നിര്‍ധനരായ വൃക്ക രോഗികള്‍ക്ക് സൗജന്യ ഡയാലിസിസ് ചെയ്യാനുള്ള പദ്ധതി ഡോ. കെ പി ഹുസൈന്‍ ചാരിറ്റബിള്‍ ട്രസ്റ്റും കേരള ഗവണ്‍മെന്റും കൂടി നടപ്പിലാക്കിവരുന്നതായി ട്രസ്റ്റ് ചെയര്‍മാന്‍ ഡോ. കെ പി ഹുസൈന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അതിന്റെ രണ്ടാം ഘട്ടമായി 14 ഡയാലിസിസ് മെഷീനുകള്‍ കൂടി ഈ റമസാനില്‍ കേരള മുഖ്യമന്ത്രിക്ക് കൈമാറും.
മൈത്രി എജ്യുക്കേഷന്‍ ആന്‍ഡ് ചാരിറ്റബിള്‍ അസോസിയേഷന്റെ കീഴല്‍ കണ്ണൂരിലെ കടവത്തൂര്‍ ഗ്രാമത്തില്‍ മാനസിക വൈകല്യമുള്ള കുട്ടികളുടെ വിദ്യാഭ്യാസത്തിനു വേണ്ടി പ്രവര്‍ത്തിച്ചുവരുന്ന മൈത്രി സ്‌കൂളിനു ഈ വര്‍ഷം 10 ലക്ഷം രൂപ സംഭാവനയായി നല്‍കും.
ജനിതക ഹൃദ് രോഗമുള്ള നിര്‍ധനരായ കുഞ്ഞുങ്ങളുടെ ചികിത്സക്കായി സുഹൃദയ ചൈല്‍ഡ് ഹാര്‍ട്ട് കെയറുമായി ചേര്‍ന്ന് സൗജന്യ ഹൃദയശസ്ത്രക്രിയക്കായി 50 ലക്ഷം രൂപ നല്‍കും. ഇത് മുഖാന്തിരം 50 പാവപ്പെട്ട നിരാലംബരായ കുഞ്ഞുങ്ങളെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ സഹായകമാവും. ഈ വിഭാഗത്തില്‍ 10 ലേറെ കുഞ്ഞുങ്ങളുടെ ശസ്ത്രക്രിയ നടത്തിക്കഴിഞ്ഞു.
സുഹൃദയയുടെ മറ്റൊരു സംരംഭമായ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവര്‍ത്തിച്ചുവരുന്ന സുഹൃദയ കെയര്‍ ഹോമിന്റെ പുതിയ കെട്ടിടത്തിന്റെ താഴത്തെ നില നിര്‍മിച്ചുകൊടുക്കാമെന്നും ട്രസ്റ്റ് ഉറപ്പു നല്‍കിയിട്ടുണ്ട്. ഇതിനു ഏകദേശം 26 ലക്ഷം രൂപ ചെലവു വരും. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വരുന്ന നിര്‍ധനരായ രോഗികളുടെ സഹായികള്‍ക്ക് സൗജന്യ താമസ സൗകര്യവും ഭക്ഷണവും ലഭ്യമാക്കുവാന്‍ വേണ്ടിയുള്ള സംരംഭമാണിത്.
വളരെക്കാലം ഗള്‍ഫില്‍ ജോലി ചെയ്ത് ജീവിതമാര്‍ഗമൊന്നുമില്ലാതെ നാട്ടില്‍ തിരിച്ചെത്തുന്ന ഗള്‍ഫ് പ്രവാസി മലയാളികളെ കണ്ടെത്തി അവര്‍ക്ക് ഒരു ജീവിതമാര്‍ഗമുണ്ടാക്കാന്‍ വേണ്ടി അബുദാബി ഇന്ത്യന്‍ ഇസ്്‌ലാമിക് സെന്റര്‍ 40 ഓട്ടോറിക്ഷകള്‍ നല്‍കുന്ന പദ്ധതിയിലേക്ക് ട്രസ്റ്റിന്റെ ഭാഗമായി അഞ്ച് ഓട്ടോറിക്ഷകള്‍ ഓഗസ്റ്റ് 17ന് കോഴിക്കോട് വെച്ച് നല്‍കും. ഇതുമൂലം അഞ്ച് നിര്‍ധനരായ കുടുംബങ്ങള്‍ക്ക് ജീവിതമാര്‍ഗം തുറന്നുകിട്ടും.
തിരൂര്‍ താലൂക്കില്‍ പാവപ്പെട്ടവര്‍ക്കായി പണിതുകൊണ്ടിരിക്കുന്ന ഭവന പദ്ധതിയില്‍ ഇരുപത് വീടുകള്‍ക്കുള്ള ധനസഹായമായി 10 ലക്ഷം രൂപ ഡോ. കെ പി ഹുസൈന്‍ ട്രസ്റ്റ് സംഭാവന ചെയ്യും. സ്വന്തമായി വീട് എന്ന 20 കുടുംബങ്ങളുടെയെങ്കിലും സ്വപ്‌നം ഇതുവഴി സാക്ഷാത്കരിക്കാന്‍ കഴിയും.
സ്‌കൂള്‍ കുട്ടികള്‍ക്ക് സൗജന്യ ഉച്ച ഭക്ഷണം നല്‍കുന്ന വിദ്യാപോഷണ പദ്ധതിയുടെ ഭാഗമായി കൊച്ചിയിലെ മൂന്ന് സ്‌കൂളുകള്‍ക്ക് അഞ്ചു ലക്ഷം രൂപ ചാരിറ്റി സേവനത്തിന്റെ ഭാഗമായി കഴിഞ്ഞ മാസം നല്‍കി. കേന്ദ്ര-ഭക്ഷ്യ മന്ത്രി പ്രൊഫ. കെ വി തോമസുമായ ചേര്‍ന്നാണ് ഈ സംരംഭം നടപ്പാക്കിയത്.
കോഴിക്കോട് മര്‍കസ് ഗാര്‍ഡന്റെ എല്ലാ പദ്ധതികള്‍ക്കും ഡോ. കെ പി ഹുസൈന്‍ സജീവ പങ്കാളിത്തം വഹിച്ചുവരുന്നു. ഇതിന്റെ ഭാഗമായി 3.50 ലക്ഷം രൂപയുടെ ജനറേറ്റര്‍ അഞ്ച് സ്ഥാപനങ്ങളുടെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി സ്ഥാപിച്ചിട്ടുണ്ട്.
ഏകദേശം രണ്ടു കോടിയില്‍പരം രൂപയുടെ ചാരിറ്റി പ്രവര്‍ത്തനങ്ങളാണ് ഈ വര്‍ഷാവസാനത്തോടെ പൂര്‍ത്തീകരിക്കുന്നതെന്ന് ഡോ. കെ പി ഹുസൈന്‍ പറഞ്ഞു. ട്രസ്റ്റ് ഡയറക്ടര്‍മാരായ ഡോ. എന്‍ വി ബീനാ ഹുസൈന്‍, ഫര്‍സാന ഹുസൈന്‍ സംബന്ധിച്ചു.