നടി പ്രിയങ്കയുടെ മരണം കൊലപാതകമല്ലെന്ന് റിപ്പോര്‍ട്ട്

Posted on: July 30, 2013 7:34 am | Last updated: July 30, 2013 at 7:34 am

കോഴിക്കോട്: നടി പ്രിയങ്കയുടെ മരണം കൊലപാതകമല്ലെന്ന് കണ്ടെത്തിയതായി അന്വേഷണ ചുമതലയുള്ള ക്രൈം ഡിറ്റാച്ച്‌മെന്റ് അസിസ്റ്റന്റ് കമ്മീഷണര്‍ പി എം പ്രദീപ്. ആത്മഹത്യപ്രേരണക്കാണ് കാമുകനായ താമരശേരി കടുക്കിലുമ്മാരം കുടുക്കില്‍ വീട്ടില്‍ റെമു എന്ന അബ്ദുല്‍ റഹീമിനെ (36) അറസ്റ്റ ചെയ്തിരിക്കുന്നത്.
ലൈംഗിക പീഡനം, ആത്മഹത്യ പ്രേരണ, വഞ്ചന തുടങ്ങിയവയാണ് റഹീമിനെതിരെയുള്ള കേസ്. എന്നാല്‍ കൊലപാതകമാണെന്ന് സാധൂകരിക്കുന്ന തരത്തിലുള്ള ഒരു തെളിവും പോലീസിന് കണ്ടെത്താനായില്ല. മരണം ആത്മഹത്യയാണെന്ന് കാണിച്ച് പോലീസ് തയാറാക്കുന്ന കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കും. കേസില്‍ ഫോറന്‍സിക്ക് റിപ്പോര്‍ട്ട് അന്വേഷണസംഘത്തിന് ലഭിച്ചിട്ടില്ല. റിപ്പോര്‍ട്ട് കിട്ടുന്നതിന് മുമ്പ്തന്നെ കുറ്റപത്രം സമര്‍പ്പിക്കുമെന്ന് അസി. കമ്മീഷണര്‍ പി എം പ്രദീപ് പറഞ്ഞു.
പ്രിയങ്കയുടെ അമ്മ ജയശ്രീയാണ് മകളുടെ മരണം കൊലപാതകമാണെന്ന് കാണിച്ച് കോടതിയില്‍ പരാതി നല്‍കിയത്. ആദ്യം നടക്കാവ് പോലീസ് അന്വേഷിച്ച കേസ് തുടര്‍ന്ന് ക്രൈം ഡിറ്റാച്ച്‌മെന്റ് അസി. കമ്മീഷണര്‍ പി എം പ്രദീപിന് കൈമാറുകയായിരുന്നു. പ്രിയങ്കയുടെ മരണം ആത്മഹത്യയാണെന്നായിരുന്നു നേരത്തെ നടക്കാവ് പോലീസും പറഞ്ഞിരുന്നത്. ഈ അന്വേഷണം അവസാനിപ്പിക്കാനിരിക്കെ മകളുടെ മരണം കൊലപാതകമാണെന്ന് പറഞ്ഞ് അമ്മ വീണ്ടും പരാതി നല്‍കുകയായിരുന്നു.
കാമുകനായ റഹീമിനെ കൂടാതെ മറ്റ് രണ്ട് പേര്‍ക്ക് പങ്കുള്ളതായി സംശയമുണ്ടെന്ന് അമ്മ നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു. എന്നാല്‍ ക്രൈം ഡിറ്റാച്ച്‌മെന്റ് അന്വേഷണത്തില്‍ ഇത് സംബന്ധിച്ച ഒരു തെളിവും ലഭിച്ചില്ല. റഹീമിന്റെ സുഹൃത്തായ കൊളത്തറ കണ്ണംകണ്ടാരി രഞ്ജിത്തിനെ പോലീസ് രണ്ടാഴ്ച മുമ്പ് അറസ്റ്റ് ചെയ്തിരുന്നു. രഞ്ജിത്തിന് നടി പ്രിയങ്കയുടെ മരണത്തില്‍ പങ്കില്ലെന്ന് വ്യക്തമായതായി അന്വേഷണസംഘം പറഞ്ഞു. രഞ്ജിത്ത് കാമുകനായ റഹീമിന്റെ സഹായി മാത്രമാണെന്നാണ് കണ്ടെത്തിയത്. ഇതോടെയാണ് പ്രിയങ്കയുടെ മരണം ആത്മഹത്യയാണെന്ന് ഉറപ്പിച്ചത്.
പോസ്റ്റമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വിഷം അകത്ത് ചെന്നാണ് പ്രിയങ്ക മരിച്ചതെന്നും ആത്മഹത്യയാണെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ടെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. നടി പ്രിയങ്കയുടെ അച്ഛന്‍ പ്രേമചന്ദ്രനില്‍ നിന്നും കൂടാതെ നിരവധി പേരില്‍ നിന്നും അന്വേഷണ സംഘം മൊഴിയെടുത്തിട്ടുണ്ട്.